shreenivasan

തന്റെ മകനും നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനോട് താൻ സി.പി.എമ്മിൽ ചേരാൻ ആവശ്യപ്പെട്ടു എന്ന പ്രചാരണം നിഷേധിച്ചുകൊണ്ട് നടൻ ശ്രീനിവാസൻ. താൻ ഒരിക്കൽ പോലും വിനീതിനോട് രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ലോകത്ത് എന്താണ് നടക്കുന്നതെന്ന് മനസിലാക്കിയെടുക്കാൻ ഓരോരുത്തർക്കും കഴിവുണ്ടാകണമെന്നും ശ്രീനിവാസൻ പറഞ്ഞു. പുതുതായി തുടങ്ങിയ തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ശ്രീനിവാസൻ ഇക്കാര്യങ്ങൾ പറയുന്നത്. തന്റെ പേരിൽ ആറ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിലവിലുള്ളതായി സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞുവെന്നും താൻ പറയാത്ത കാര്യങ്ങൾ ചിലർ അതിലൂടെ പ്രചരിപ്പിക്കുകയാണെന്നും ശ്രീനിവാസൻ തുറന്നടിച്ചു. 'ഫെയ്ക്കന്മാർ ജാഗ്രതൈ, ഒറിജിനൽ വന്നു' എന്ന തലക്കെട്ട് നൽകിയാണ് ശ്രീനിവാസൻ തന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിലൂടെ ശ്രീനിവാസൻ പറഞ്ഞത്:

'ഫേസ്ബുക്കിൽ എനിക്കിതുവരെ അക്കൗണ്ടുകൾ ഇല്ല. പക്ഷെ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ എനിക്ക് ആറ് വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അതിലൂടെ പല കാര്യങ്ങളും ഞാൻ പറഞ്ഞതായി പ്രചാരണം നടക്കുന്നുമുണ്ട്. ഉദാഹരണത്തിന് എന്റെ മകൻ വിനീതിന് ഞാൻചില ഉപദേശങ്ങൾ നൽകിയതായി പറയുന്നു. അതായത് വിനീതിനോട് സി.പി.എമ്മിൽ ചേരണമെന്ന് ഒരിക്കൽ പറഞ്ഞുവെന്നും ചേരരുതെന്ന് പിന്നീടൊരിക്കൽ പറഞ്ഞുവെന്നും പറയുകയുണ്ടായി.

വിനീതിനോട് ഇന്നേവരെ ഞാൻ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. കാരണം ഓരോരുത്തർക്കും പ്രായപൂർത്തിയാവുമ്പോൾ ലോകത്ത് നടക്കുന്നത് എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ട്. ഉണ്ടാവണം. വിനീതിന് അങ്ങനെ ഒരു കഴിവുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിനീതിന് മാത്രമല്ല തങ്ങളുടെ നിലപാടുകളും താത്പര്യങ്ങളും പുറത്തു പറയാൻ താത്പര്യമില്ലാത്തവർക്ക് പോലും അവർക്ക് പറയാനുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും.

അതുകൊണ്ട് എന്റെ ഉപദേശമോ അഭിപ്രായമോ ആർക്കും ആവശ്യമില്ല. അങ്ങനെ ഞാൻ ആരേയും ഉപദേശിക്കാറില്ല. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പരിപാടിയാണ് ഉപദേശമെന്ന് എനിക്കറിയാം. എന്നെ പറ്റി ഈ വ്യാജ അക്കൗണ്ടുകളിൽ എഴുതുന്നവർക്ക് ആ സത്യം അറിയില്ലായിരിക്കും. അവര്‍ ഇനിയെങ്കിലും അത് മനസിലാക്കണം. ശ്രീനിവാസൻ പാട്യം ബ്രാക്കറ്റിൽ ശ്രീനി എന്ന് പറയുന്ന അക്കൗണ്ട് ഔദ്യോഗികമായി ഞാൻ തുടങ്ങിയിരിക്കുകയാണ്. പാട്യം എന്റെ നാടാണ്. അതിലൂടെ എനിക്ക് പറയാനുള്ള ഉപദേശമല്ലാത്ത കാര്യങ്ങൾ പറയാൻ ഞാൻ ശ്രമിക്കുകയാണ്...'