ഷൂട്ടൗട്ടിൽ തോറ്റ് ലീഗ് കപ്പിൽ നിന്ന് പുറത്ത്
ലണ്ടൻ: ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാളിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ മൂന്നാം ഡിവിഷൻ ടീമിനോടു തോറ്റ് കരുത്തരായ ടോട്ടൻഹാം ഹോട്സ്പർ പുറത്തായി. തങ്ങളേക്കാൾ 70 സ്ഥാനം പിന്നിലുള്ള മൂന്നാം ഡിവിഷൻ ക്ളബ് കോൾസ്റ്ററിനനോടാണ് ടോട്ടനം പരാജയം രുചിച്ചത്.
എവേ പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഗോൾ നേടാനാകാത്തതിനേത്തുടർന്ന് ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിലായിരുന്നു ടോട്ടൻഹാമിന്റെ തോൽവി. ഷൂട്ടൗട്ടിൽ ടോട്ടൻഹാം താരങ്ങളായ ക്രിസ്റ്റ്യൻ എറിക്സൺ, ലൂക്കാസ് മോറ എന്നിവർക്കു പിഴച്ചപ്പോൾ 4-3 എന്ന സ്കോറിന് കോൾസ്റ്റർ വിജയം കണ്ടു.
ആഴ്സനൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് മൂന്നാം ഡിവിഷൻ ക്ളബ് നോട്ടിംഗാം ഫോറസ്റ്റിനെയാണ് തോൽപിച്ചത്.ഇരട്ടഗോളുകളുമായി യുവതാരം ഗബ്രിയേർ മാർട്ടിനെല്ലിയാണ് അവരുടെ ജയത്തിനു ചുക്കാൻ പിടിച്ചത്. റോബ് ഹോൾഡിംഗ്, ജോ വില്ലോക്ക്, റീസ് നെൽസൺ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.