women-arrested

കൊച്ചി ∙ ഇംഗ്ലണ്ടിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കാസർകോട് ആവിക്കര പൊക്കണ്ടത്തിൽ വീട്ടിൽ മാർഗരറ്റ് മേരി അലക്കോക്കിനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 68 പേരിൽ നിന്നുമാണ് ഇവർ ഇത്രയും പണം തട്ടിപ്പിലൂടെ കൈക്കലാക്കിയത്. ധ്യാനകേന്ദ്രങ്ങളിലെ പ്രാർഥനാ കൂട്ടായ്മകളിൽ പങ്കെടുക്കുന്നവരുടെ കാഞ്ഞങ്ങാടുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലൂടെയാണു പരാതിക്കാരുമായി മേരി ബന്ധം സ്ഥാപിക്കുന്നത്. ഇക്കൂട്ടത്തിൽ 1.5 ലക്ഷം രൂപ മുതൽ ഏഴു ലക്ഷം രൂപ വരെ ഇവർക്കു നൽകിയവരുണ്ട്.

അഞ്ചു തമിഴ്നാട്ടുകാരും വഞ്ചിക്കപ്പെട്ടവരിലുണ്ട്. മഞ്ജു എന്ന പേര് ഉപയോഗിച്ചുകൊണ്ടാണ് മേരി അപേക്ഷകർക്ക് മുന്നിൽ എത്തിയത്. പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്ന ജിമ്മി, ബിജു എന്നിവരും മേരിക്ക് തട്ടിപ്പ് നടത്താൻ ഒത്താശ ചെയ്തു കൊടുത്തതായി പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രവിപുരത്തെ വീസ അറ്റസ്റ്റേഷൻ കേന്ദ്രത്തിനു സമീപത്തെത്തി 55,000 രൂപ നേരിട്ടു കൈമാറാൻ ഇവർ അപേക്ഷകരോട് പറഞ്ഞിരുന്നു. 40 പേരിൽ നിന്നും പണം കൈപ്പറ്റിയ ശേഷം മേരി ഇത് ഒരു ഓട്ടോറിക്ഷക്കാരനെ ഏൽപ്പിക്കുകയായിരുന്നു. ഈ പ്രവർത്തിയിൽ സംശയം തോന്നിയെ അപേക്ഷകർ മേരിയെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ എത്തുകയും പരാതി നൽകുകയുമായിരുന്നു.