വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കാനുള്ള ബിൽ കൊണ്ടുവരാനുള്ള ഇന്തോനേഷ്യൻ സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങി.. വിവാഹപൂർവ, വിവാഹബാഹ്യ രതി, സ്വവർഗരതി എന്നിവ കുറ്റകരമാക്കിക്കൊണ്ടുള്ള ഒരു പുതിയ നിയമത്തിനുള്ള കരടുബില്ലാണ് ഇന്തോനേഷ്യൻ സർക്കാർ മുന്നോട്ടുവച്ചത്.
മുസ്ലിം ഭൂരിപക്ഷ സർക്കാർ നിലവിലുള്ള ഇന്തോനേഷ്യയിൽ യാഥാസ്ഥിതിക മുസ്ലിംഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് ഈ നിയമം നടപ്പിലാക്കാൻ വേണ്ടി സർക്കാർ ശ്രമിച്ചത്. ചൊവ്വാഴ്ച സഭയിൽ ചർച്ചയ്‌ക്കെടുക്കേണ്ടിയിരുന്ന ബിൽ വ്യാപകമായുയർന്ന പ്രതിഷേധത്തെത്തുടർന്ന് പ്രസിഡന്റ് ജോകോ വിഡോഡോ വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.
ഈ നിയമം നടപ്പിലാകുന്നതോടെ കല്യാണം കഴിക്കുന്നതിനു മുമ്പുള്ള ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമായി മാറും. അറസ്റ്റിലാകുന്നവർക്ക് ഒരു കൊല്ലം വരെ തടവുശിക്ഷ ലഭിക്കാം. സ്വവർഗരതിയും ഈ നിയമ പ്രകാരം കുറ്റകരമായി മാറും.
ബലാത്സംഗത്തിന്റെ ഫലമായുണ്ടാകുന്ന ഗർഭം മാത്രമേ ഈ നിയമമനുസരിച്ച് ഇനി അലസിപ്പിക്കാനാകൂ. അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളാൽ സ്വാഭാവികമായി അലസിപ്പോവണം.ഇത് രണ്ടുമല്ലാതെയുള്ള ചെയ്യുന്ന ഗർഭച്ഛിദ്റങ്ങൾ കുറ്റകരമാകും. നാലുവർഷം വരെ തടവാണ് ശിക്ഷ. ദുർമന്ത്റവാദം ചെയ്യുന്നതിനും ഈ നിയമപ്രകാരം ശിക്ഷയുണ്ട്.
വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതും ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും.. ഗർഭ നിരോധന മാർഗങ്ങളുടെ പരസ്യങ്ങൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കണ്മുന്നിലെത്തിക്കുന്നതും ഈ നിയമത്തിന്റെ പരിധിയിൽ കുറ്റമാണ്.
ബില്ലിനെതിരെ തെരുവിലിറങ്ങിയതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ നിയമം എന്ന് പലരും ട്വീറ്റ് ചെയ്തു. ബിൽ അടുത്ത വെള്ളിയാഴ്ച വീണ്ടും പാർലമെന്റ് പരിഗണിക്കും..