തിരുവനന്തപുരം: അറിവിന്റെ ഉത്സവമായ നവരാത്രി ആഘോഷങ്ങൾക്കായി ശ്രീപദ്മനാഭന്റെ മണ്ണ് ഒരുങ്ങി. കോട്ടയ്ക്കകത്ത് നടക്കുന്ന നവരാത്രി പൂജയ്ക്കായി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഇന്ന് ആരംഭിക്കും. മൂന്നു ദിവസത്തെ യാത്രയ്ക്ക് ശേഷം 28ന് വൈകിട്ട് വിഗ്രഹഘോഷയാത്ര തലസ്ഥാനത്തെത്തും. പദ്മതീർത്ഥക്കരയിലെ നവരാത്രി മണ്ഡപത്തിൽ കുടിയിരുത്തുന്ന സരസ്വതീദേവിക്ക് അടുത്ത ദിവസം രാവിലെ പൂജവയ്ക്കും.
തിരുവിതാംകൂറിന്റെ പഴയ തലസ്ഥാനമായ പദ്മനാഭപുരത്തു നിന്നും അനന്തപുരിയിലേക്ക് എല്ലാ കൊല്ലവും നടക്കുന്ന നവരാത്രി എഴുന്നള്ളത്തിൽ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലും വിശ്വാസത്തിന്റെ തഴക്കവും ഉൾച്ചേർന്നിട്ടുണ്ട്.
തിരുവിതാംകൂർ രാജാക്കന്മാരുടെ വിദ്യാദേവതയായ സരസ്വതിയെയാണ് ആഘോഷപൂർവം എഴുന്നള്ളിക്കുന്നത്. രാജഭരണകാലത്തെ പതിവിന് ജനകീയ ഭരണമെത്തിയപ്പോൾ ആഘോഷപ്പകിട്ട് കൂടി. ഇന്ന് ഇരുസംസ്ഥാനങ്ങളും ചേർന്നൊരുക്കുന്ന ഒരു ജനകീയ ഉത്സവമാണ് നവരാത്രി എഴുന്നള്ളത്ത്. പദ്മനാഭപുരം കൊട്ടാരത്തിനുള്ളിലെ തേവാരക്കെട്ട് സരസ്വതി, ആയോധനകലയുടെ ദേവനായ വേളിമല കുമാരസ്വാമി, രാജകുടുംബത്തിന്റെ പരദേവതയായ ശുചീന്ദ്രം മുന്നൂറ്റി നങ്ക എന്നീ വിഗ്രഹങ്ങളാണ് തിരുവനന്തപുരത്ത് പൂജവയ്പിന് എത്തിക്കുന്നത്.
ആചാരത്തിന് മാറ്റമില്ലാതെ സരസ്വതി വിഗ്രഹത്തെ ആനപ്പുറത്തും മറ്റ് വിഗ്രഹങ്ങളെ പല്ലക്കിൽ ചുമന്നുമാണ് 60 കിലോമീറ്ററോളം താണ്ടി തലസ്ഥാനത്തെത്തിക്കുന്നത്. വൻസംഘം സായുധ പൊലീസിന്റെ കാവലിൽ നീങ്ങുന്ന ഘോഷയാത്രയ്ക്ക് വഴിനീളെ ദീപാലങ്കാരങ്ങളോടെ ഭക്തർ വരവേല്പു നൽകും. കരമനയിൽ നിന്നു കുമാരസ്വാമിയെ എഴുന്നള്ളിക്കുന്ന വെള്ളിക്കുതിര വാഹനം, അലങ്കരിക്കാതെ മൂടിക്കെട്ടി ചുമന്നാണ് കൊണ്ടുവരുന്നത്. വിഗ്രഹങ്ങൾക്ക് ഇറക്കിപൂജ നടത്തുന്ന സ്ഥലങ്ങളിൽ കുതിരയെയും ഇറക്കിവയ്ക്കുന്നതാണ് പതിവ്.
ഇന്നലെ തന്നെ ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റിനങ്കയുടെ എഴുന്നള്ളത്ത് പുറപ്പെട്ട് പദ്മനാഭപുരം കൊട്ടാരത്തിലെത്തിയിരുന്നു. വൈകിട്ട് പദ്മനാഭപുരത്ത് എത്തിച്ച വിഗ്രഹത്തിന് കൽക്കുളം നീലകണ്ഠസ്വാമി കോവിലിൽ ഇറക്കിപൂജ നടത്തി. മടക്കയാത്രയിലും ഒരു ദിവസം ഇവിടെ തങ്ങിയ ശേഷമാണ് മുന്നൂറ്റിനങ്കയെ ശുചീന്ദ്രത്തേക്ക് കൊണ്ടുപോകുന്നത്.
ദേവവിഗ്രഹങ്ങൾക്കൊപ്പം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ സൂക്ഷിക്കുന്ന ഉടവാളും ഘോഷയാത്രയിൽ അകമ്പടിയാകും. ഇന്ന് രാവിലെ കൊട്ടാരത്തിൽ ഉടവാൾ കൈമാറ്റം നടക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും. തമിഴ്നാട് ദേവസ്വം അധികൃതർക്കാണ് ഉടവാൾ കൈമാറുന്നത്.
വെള്ളിക്കുതിരയിലേറി കുമാരസ്വാമിയുടെ എഴുന്നള്ളത്ത്
കൊട്ടാരത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്രയുടെ ആദ്യ ദിവസം രാത്രി കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ വിഗ്രഹങ്ങൾക്ക് ഇറക്കിപൂജ നടത്തും. പിറ്റേന്ന് ജില്ലാ അതിർത്തിയായ കളിയിക്കാവിളയിൽ സംസ്ഥാന സർക്കാർ സ്വീകരണം നൽകും. തുടർന്ന് പാറശ്ശാല മഹാദേവക്ഷേത്രത്തിൽ ഉച്ചയൂണ്. 27ന് വൈകിട്ട് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കിപൂജ നടക്കും.
28ന് രാവിലെ നഗരാതിർത്തിയായ നേമം വില്ലേജ് ഓഫീസിന് മുന്നിൽ സർക്കാർ വക സ്വീകരണമുണ്ടാകും. ഉച്ചയ്ക്ക് കരമന നെടുങ്കാട് ആവടിയമ്മൻ ക്ഷേത്രത്തിൽ വിഗ്രഹങ്ങളെത്തിക്കും. വേളിമല കുമാരസ്വാമിയെ ഇവിടെ വച്ചാണ് അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്തേക്ക് മാറ്റുന്നത്. വേലുത്തമ്പിദളവ കുമാരകോവിലിൽ നടയ്ക്കുവച്ചതാണ് ഈ വെള്ളിക്കുതിര വാഹനം.
തുടർന്ന് ചാല വഴിയാണ് കിഴക്കേകോട്ടയിലേക്കുള്ള യാത്ര. വരവേൽക്കുമ്പോൾ ഘോഷയാത്രയ്ക്കൊപ്പം കൊണ്ടുവരുന്ന ഉടവാൾ കവടിയാർ കൊട്ടാരത്തിലെ രാജപ്രതിനിധിക്ക് കൈമാറും.
കുഴിത്തുറ താമ്രപർണി, നെയ്യാർ, കരമനയാർ എന്നിവ കടന്നാണ് വിഗ്രഹങ്ങളെത്തുന്നത്. നദികളിൽ സരസ്വതിവിഗ്രഹത്തിന് ആറാട്ടും നടത്താറുണ്ട്. നദി കടക്കുന്ന ദൈവങ്ങൾക്ക് രാജഭരണക്കാലത്ത് സ്വർണനെല്ലിക്കയും മറ്റ് കാണിക്കകളും നൽകാറുണ്ടായിരുന്നു.
നവരാത്രിപൂജയിൽ സരസ്വതിവിഗ്രഹത്തെ കോട്ടയ്ക്കകത്തെ മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും 10 നാൾ പൂജയ്ക്കിരുത്തും. വിജയദശമി ദിവസം പൂജയെടുപ്പു കഴിഞ്ഞാൽ പിറ്റേന്ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പ്. അടുത്ത ദിവസം മാതൃക്ഷേത്രങ്ങളിലേക്കുള്ള മടക്കയാത്രയായി.
സരസ്വതിദേവീ വിഗ്രഹം കമ്പർ പൂജിച്ചത്
തേവാരക്കെട്ട് സരസ്വതിവിഗ്രഹം തമിഴ് കവി കമ്പർ പൂജിച്ചതെന്നാണ് വിശ്വാസം. ചോഴരാജാവിന്റെ മകൾ അമരാവതിയും കമ്പരുടെ മകൻ അംബികാപതിയും തമ്മിൽ പ്രണയത്തിലായെന്നും ഇതറിഞ്ഞ രാജാവ് അംബികാപതിയെ വധിച്ചുവെന്നുമാണ് ഐതിഹ്യം. പുത്രദുഃഖം സഹിക്കാതെ കമ്പർ ചോഴരാജ്യം വിട്ട് ഒരു സന്യാസിയുടെ വേഷത്തിൽ വള്ളിയൂർ രാജാവിന്റെ സദസിലെത്തി. അവിടുന്ന് മടങ്ങുമ്പോൾ താൻ പൂജിച്ചിരുന്ന വിഗ്രഹം കമ്പർ രാജാവിന് നൽകി. വടുകന്മാർ വള്ളിയൂർ കൊട്ടാരം ആക്രമിച്ചപ്പോൾ വിലയേറിയ വസ്തുക്കളുമായി രാജാവ് പദ്മനാഭപുരത്ത് അഭയം തേടി. സരസ്വതിവിഗ്രഹവും അക്കൂട്ടത്തിലുണ്ടായിരുന്നു.
പദ്മനാഭപുരം തെക്കേതെരുവിൽ കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയ്ക്ക് സമീപത്താണ് സരസ്വതിക്ഷേത്രം. മൂന്നടിയോളം ഉയരമുള്ള വിഗ്രഹത്തിന്റെ പീഠത്തിൽ വേദവ്യാസനും നരസിംഹമൂർത്തിയുമുണ്ട്. കൊടിമരമോ ബലിക്കല്ലോ ഇല്ലാത്ത ക്ഷേത്രത്തിൽ ആണ്ടുവിശേഷങ്ങളും പതിവില്ല. സംസ്ഥാന പുനഃസംഘടനയ്ക്ക് ശേഷം തേവാരക്കെട്ട് കന്യാകുമാരി ദേവസ്വത്തിന് കൈമാറി. നവരാത്രി വിഗ്രഹങ്ങളും ഉടവാളും എഴുന്നള്ളിക്കുന്നത് കന്യാകുമാരി ദേവസ്വം അധികൃതരാണ്.
പൂജപ്പുരയിലേക്ക് കുമാരസ്വാമി; കാരണമിതാണ്
പൂജവയ്പ് കോട്ടയ്ക്കകത്താണെങ്കിലും തുടർന്നുള്ള പ്രധാന ചടങ്ങുകളിലൊന്ന് പൂജപ്പുരയിലാണ് നടക്കുന്നത്. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് നടന്ന പടയോട്ടങ്ങളിൽ വിജയത്തിനായി നായർപ്പട ഇവിടെ ആയുധപൂജ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായി വിദ്യാപൂജ കോട്ടയ്ക്കകത്തും ആയുധപൂജ പൂജപ്പുരയിലും നടന്നിരുന്നു. ഇവിടെയുണ്ടായിരുന്ന പൂജാമണ്ഡപം സ്വാതി തിരുനാളാണ് നവീകരിച്ചത്. സമീപത്ത് ഒരു സരസ്വതിക്ഷേത്രവുമുണ്ട്. പൂജപ്പുര എന്ന പേരും ഇതുമൂലം സ്ഥലത്തിന് ലഭിച്ചു.
കോട്ടയ്ക്കകത്തെ പൂജയെടുപ്പിന് ശേഷം രാജാക്കന്മാർ രഥത്തിൽ പൂജപ്പുരയിലേക്ക് എഴുന്നള്ളിയിരുന്നു. പൂജയെടുപ്പ് എഴുന്നള്ളത്ത് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. മുന്നോടിയായി കുമാരസ്വാമി വിഗ്രഹത്തെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് പള്ളിവേട്ട നടത്തും. ആയുധവിദ്യാരംഭത്തോടെ ആഘോഷം സമാപിക്കും. തിരുവിതാംകൂർ രാജാക്കന്മാരുടെ ആയുധവിദ്യാദേവനാണ് കുമാരസ്വാമി. പൂജപ്പുര എഴുന്നള്ളത്തിന് സ്വാതിതിരുനാൾ മുതൽ ചിത്തിരതിരുനാൾ വരെ ഉപയോഗിച്ചിരുന്ന രഥം കുറേനാൾ കുതിരപ്പൊലീസ് താവളത്തിലും പിന്നീട് സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിലുമാണ് സൂക്ഷിച്ചിരുന്നത്. ഇപ്പോൾ മ്യൂസിയത്തിൽ കാണാം.
നവരാത്രി ഉത്സവം തിരുവനന്തപുരത്തെത്തിച്ചത് സ്വാതിതിരുനാൾ
പദ്മനാഭപുരം കൊട്ടാരത്തിൽ നടന്നിരുന്ന നവരാത്രി ഉത്സവം സ്വാതിതിരുനാളിന്റെ ഭരണകാലത്താണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. നവരാത്രിക്ക് സംഗീതോത്സവം ഏർപ്പെടുത്തിയതും അദ്ദേഹമായിരുന്നു. തെന്നിന്ത്യയിൽ നിന്ന് നിരവധി സംഗീതജ്ഞർ കച്ചേരികളിൽ പങ്കെടുത്തിരുന്നു. ഇവർക്കുള്ള താമസസൗകര്യം കൂടി കണക്കിലെടുത്താണ് വിഗ്രഹങ്ങളെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ആ കീഴ്വഴക്കം ഇന്നും തുടരുന്നു.നവരാത്രി മണ്ഡപത്തിലാണ് പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന നവരാത്രി സംഗീതോത്സവം അരങ്ങേറുന്നത്. ഒക്ടോബർ 6ന് ദുർഗാഷ്ടമിയും 7ന് മഹാനവമിയും. 8ന് രാവിലെ പൂജയെടുപ്പിനെ തുടർന്ന് വിദ്യാരംഭവും ഉണ്ടായിരിക്കും.