തിരുവനന്തപുരം: ചാക്ക ഗവൺമെന്റ് യു.പി സ്കൂളിലെ കുട്ടികൾക്ക് സ്കൂളിലെത്തിയാലും ക്ലാസിൽ കയറാൻ പാലം കയറി പോകണം. സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നിലയാകെ വെള്ളം കയറിയ നിലയിലാണ്. എൽ.പി വിഭാഗം പ്രവർത്തിക്കുന്ന ക്ലാസ് മുറികളിലേക്ക് കുട്ടികളും അദ്ധ്യാപകരും പോകുന്നത് ബെഞ്ചുകൾ ചേർത്തിട്ട് ഉണ്ടാക്കിയ താത്കാലിക പാലത്തിലൂടെയാണ്. 1947ൽ തുടങ്ങിയ സ്കൂളിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളാണ് പഠിക്കുന്നത്. ആകെയുള്ള രണ്ട് കെട്ടിടങ്ങളുള്ളതിൽ പഴയ ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനമില്ല. ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് എല്ലാ ക്ലാസുകളും പ്രവർത്തിക്കുന്നത്. താഴത്തെ നിലയിൽ വെള്ളം കയറിയതോടെ താഴത്തെ ക്ലാസ് മുറികളിലെ കുട്ടികളുടെ പഠനം മുകൾ നിലയിലെ വരാന്തകളിലേക്ക് മാറി. കനത്ത മഴ പെയ്യുമ്പോൾ വരാന്തയിലിരിക്കുന്നവരും നനയും. ഏതാണ്ട് ഒരു വർഷത്തോളമായി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ക്ലാസ് മുറികളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞ ദിവസം മഴ പെയ്തപ്പോൾ ജലനിരപ്പ് ഉയർന്നതിനെ തുടന്ന് സ്കൂൾ അധികൃതർ ഫയർഫോഴ്സിനെ വിളിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് താഴ്ന്ന സ്ഥലമായതിനാൽ ഒന്നും ചെയ്യാൻ കഴിയാതെ മടങ്ങുകയായിരുന്നു. സ്കൂളിന് സമീപത്ത് പുതുതായി നിർമ്മിച്ച കെട്ടിടങ്ങളെല്ലാം മണ്ണിട്ട് ഉയർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. മഴ പെയ്യുമ്പോൾ അവിടെ നിന്നുള്ള മാലിന്യങ്ങളും മലിന ജലവും ഇങ്ങോട്ടേക്ക് ഒഴുകിയെത്തും. ഈ മലിനജലത്തിലൂടെയാണ് കുട്ടികളും അദ്ധ്യാപകരും സഞ്ചരിക്കുന്നത്. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും കെട്ടിടത്തിന്റെ ബലക്ഷയത്തിനും കാരണമാകും. സമീപത്ത് പുതിയ ഒരു കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. എന്നാൽ ഇത്തവണ മഴ കനത്തപ്പോൾ അവിടെയും വെള്ളംകയറി നിർമ്മാണം തടസപ്പെട്ടിരുന്നു. വെള്ളക്കെട്ടിന് സ്ഥിരമായ പരിഹാരത്തിനായി അദ്ധ്യാപകരും വിദ്യാർത്ഥികളും കാത്തിരിക്കുകയാണ്.