തിരുവനന്തപുരം: സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലൻസ് ശൃംഖലയായ 'കനിവ്108' ജില്ലയിൽ നിരത്തിലിറങ്ങി. റോഡപകടം ഉണ്ടായി ആദ്യമണിക്കൂറുകളിൽ അടിയന്തരചികിത്സ ലഭ്യമാക്കിയാൽ 70 ശതമാനത്തോളം മരണനിരക്ക് കുറയ്ക്കാൻ കഴിയുമെന്നുള്ള ശാസ്ത്രീയമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഏർപ്പെടുത്തിയ സമഗ്ര ട്രോമാ കെയർ സംവിധാനത്തിന്റെ ഭാഗമായുള്ളതാണ് കനിവ്. അത്യാധുനിക ജീവൻ രക്ഷാ ഉപകരണങ്ങളുടെയും പരിശീലനം സിദ്ധിച്ച പൈലറ്റിന്റെയും എമർജൻസി മെഡിക്കൽ ടെക്നിഷ്യന്റെയും സേവനം ഉറപ്പാക്കിയതാണ് ആംബുലൻസ് സംവിധാനം.
ലോകോത്തര നിലവാരത്തിലെ കോൾ സെന്റർ
ടെക്നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിലെ നാലാം നിലയിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക കോൾസെന്റർ പ്രവർത്തിക്കുന്നത്. സാങ്കേതിക പരിശീലനം സിദ്ധിച്ച 70 പേരാണ് കോൾസെന്ററിൽ സേവനമനുഷ്ഠിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങളാണ് ഈ കോൾസെന്ററിൽ ഒരുക്കിയിരിക്കുന്നത്. 108 എന്ന നമ്പരിലൂടെയും ആൻഡ്രോയിഡ് ആപ്പ് വഴിയും 'കനിവ് 108' ന്റെ സേവനം ലഭ്യമാകും. എവിടെ നിന്നു വിളിച്ചാലും ഈ കേന്ദ്രീകൃത കോൾ സെന്ററിലാണ് കോൾ എത്തുന്നത്. ഒരു കോൾ പോലും നഷ്ടമാകാതിരിക്കാനും ഫേക്ക് കോളുകൾ കണ്ടെത്താനുമുള്ള സംവിധാനമുണ്ട്. അപകടം നടന്ന സ്ഥലവും അത്യാവശ്യ വിവരങ്ങളും നൽകിയാൽ കോൾ സെന്ററിലെ മോണിട്ടറിൽ അപകടം നടന്ന സ്ഥലം രേഖപ്പെടുത്തി തൊട്ടടുത്തുള്ള ആംബുലൻസ് ഏതെന്ന് തിരിച്ചറിയാനുള്ള സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത് .
ആംബുലൻസും ആശുപത്രി സൗകര്യവും
ആംബുലൻസിൽ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്നിഷ്യനുമാണ് ഉണ്ടാകുക. ജി.പി.എസും മേപ്പിംഗ് സോഫ്റ്റ്വെയറുമുള്ള സംവിധാനം ആംബുലൻസിലും മെഡിക്കൽ ടെക്നിഷ്യന്റെ കൈവശം പ്രത്യേക സോഫ്റ്റ്വെയറുള്ള സ്മാർട്ട് ഫോണുമുണ്ടാകും. ഒന്ന് പ്രവർത്തിച്ചില്ലെങ്കിൽ മറ്റൊന്നിൽകൂടി വിവരം കൈമാറാനാണിത്. കോൾ സെന്ററിൽ നിന്നും മെഡിക്കൽ ടെക്നിഷ്യനുമായി ബന്ധപ്പെട്ട് കൃത്യമായ അപകടം നടന്ന ലൊക്കേഷൻ നൽകുന്നതിലൂടെ സമയം നഷ്ടപ്പെടാതെ രോഗിയെ അനുയോജ്യമായ ആശുപത്രിയിൽ എത്തിക്കാനും കഴിയും. മെഡിക്കൽ ടെക്നിഷ്യന്റെ കൈവശമുള്ള സ്മാർട്ട് ഫോണിൽ തയ്യാറാക്കിയ പ്രീ ലോഡ് ഇൻഫർമേഷനിലൂടെ വിവരങ്ങൾ കോൾ സെന്ററിൽ കിട്ടിക്കൊണ്ടിരിക്കും. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം രോഗിയെ സംബന്ധിച്ച ഓരോ വിവരങ്ങളും ലൈവായി കോൾ സെന്ററിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കും. അതനുസരിച്ച് ഏതു ചികിത്സയാണു വേണ്ടതെന്നും അതെവിടെ ലഭ്യമാകുമെന്നും കോൾ സെന്ററിൽ നിന്നറിയിക്കും. കോൾ സെന്ററിന് സംശയമുണ്ടെങ്കിൽ ടെലി കോൺഫറൻസ് വഴി ഡോക്ടറുടെ സഹായം തേടാനും കഴിയും. ഡോക്ടറുടെ അഭിപ്രായമനുസരിച്ച് അടുത്തുള്ള ഏത് ആശുപത്രിയിലാണ് രോഗിയെ എത്തിക്കേണ്ടതെന്ന സന്ദേശം കൈമാറുന്നതിനൊപ്പം ആ ആശുപത്രിക്ക് അലർട്ട് കൊടുക്കാനുള്ള സംവിധാനവുമുണ്ട്. ഇതിനായി ഓരോ ആശുപത്രിയിലും ഓരോ നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്. രോഗിയെ കൊണ്ടു വരുന്നുവെന്നുള്ള വിവരങ്ങളും രോഗിയുടെ അവസ്ഥയും അവരെ അറിയിക്കുന്നതിനാൽ ആശുപത്രിയിൽ വെന്റിലേറ്ററിന്റെയോ വിദഗ്ദ്ധ ഡോക്ടറുടെയോ അഭാവമുണ്ടായാൽ അതും നോഡൽ ഓഫീസർ കോൾ സെന്ററിനെ അറിയിക്കും. അങ്ങനെയുണ്ടായാൽ അടുത്ത ആശുപത്രിയെ ബന്ധപ്പെട്ട് കോൾസെന്റർ സൗകര്യമൊരുക്കിക്കൊടുക്കും. നഗര പ്രദേശങ്ങളിൽ പരമാവധി 15 മിനിട്ടിനുള്ളിലും ഗ്രാമ പ്രദേശത്ത് പരാമധി 20 മിനിട്ടിനുള്ളിലും ആംബുലൻസ് എത്താനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്.
ആംബുലൻസ് സൗകര്യം സജ്ജമാക്കിയിട്ടുള്ള ആശുപത്രികൾ
ആംബുലൻസ് സേവനങ്ങളുടെ നിലവാരത്തെ സംബന്ധിച്ച്
പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും
1800 599 22 70 എന്ന ടോൾഫ്രീ നമ്പരിലൂടെ അറിയിക്കാം.