തിരുവനന്തപുരം : കേവലഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന നഗരസഭാ ഭരണസമിതിക്ക് പ്രതിപക്ഷ കക്ഷികളുടെ ഒറ്രക്കെട്ടായ എതിർപ്പ് വീണ്ടും വെല്ലുവിളിയാകുന്നു. വാർഷികപദ്ധതികളുടെ പുനഃക്രമീകരണം സംബന്ധിച്ച അജൻഡ കൗൺസിലിൽ എത്തിയപ്പോഴായിരുന്നു ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ ഒറ്രക്കെട്ടായി എതിർത്തത്. അജൻഡ പാസാക്കാനുള്ള ശ്രമം നടന്നെങ്കിലും വോട്ടിനിടണമെന്ന് പ്രതിപക്ഷകക്ഷികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതോടെ ഭരണസമിതി പ്രതിസന്ധിയിലായി. വോട്ടെടുപ്പു നടന്നാൽ പരാജയം ഉറപ്പാണെന്ന് മനസിലാക്കിയ മേയർ വി.കെ. പ്രശാന്ത് തന്ത്രപരമായ നിലപാടെടുത്തു. പ്രതിപക്ഷത്തിന് വഴങ്ങിക്കൊണ്ട് അജൻഡ അടുത്ത കൗൺസിലിലേക്ക് മാറ്റി. അസാധാരണമായി മാത്രമാണ് നഗരസഭയിൽ പ്രതിപക്ഷം കൈകോർക്കുന്നത്. അപ്പോഴെല്ലാം ഭരണപക്ഷത്തിന് കനത്ത പ്രതിസന്ധിയും സൃഷ്ടിക്കാറുണ്ട്. അജൻഡ പാസാകാതെ വന്നതോടെ നടപ്പുസാമ്പത്തിക വർഷത്തെ പദ്ധതി പുനഃക്രമീകരണം താളം തെറ്റുകയാണ്. ഈമാസം 30ന് മുമ്പായി ജില്ലാ വികസനസമിതിയിൽ പദ്ധതികൾ അവതരിപ്പിച്ച് അനുമതി വാങ്ങണം. അജൻഡ പാസാകാതെ വന്നതോടെ അതിന് സാധിക്കില്ല. മുൻവർഷങ്ങളിലേതിന് സമാനമായാണ്
നടപ്പുസാമ്പത്തിക വർഷവും പദ്ധതികൾ പുനഃക്രമീകരിച്ചത്. എന്നാൽ പ്രതിപക്ഷ വാർഡുകളിലെ തുക എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിലേക്ക് വകമാറ്റുന്നതായാണ് ആക്ഷേപം.
മേയർ വി.കെ. പ്രശാന്ത് പ്രതിനിധീകരിക്കുന്ന കഴക്കൂട്ടം, ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ വാർഡായ വഴുതക്കാട് എന്നിവിടങ്ങളിൽ 35 ലക്ഷം വീതം വകമാറ്റിയെന്നാണ് പ്രധാന ആക്ഷേപം. മരാമത്തു സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പലതയുടെ നെടുങ്കാട് വാർഡിൽ വിവിധ മരാമത്തു പണികൾക്കായി നീക്കിവച്ചിരുന്ന 36 ലക്ഷത്തിന്റെ പണി ഉപേക്ഷിച്ചു. പകരം വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി 36.5 ലക്ഷം രൂപ പുതുതായി ഉൾക്കൊള്ളിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ബാബു പ്രതിനിധീകരിക്കുന്ന വഞ്ചിയൂർ വാർഡിലെ ഒരു റോഡ് റീ ടാറിംഗിനും ബൈലൈൻ റോഡ് കോൺക്രീറ്റിംംഗിനുമായി വകയിരുത്തിയിരുന്ന 40 ലക്ഷത്തിന്റെ പദ്ധതി ഉപേക്ഷിച്ചു. പകരം ഇതേ തുക മറ്റൊരു റോഡ് റീ ടാറിംഗ് ഉൾപ്പെടെയുള്ള പണികൾക്കായി പുതുതായി വകയിരുത്തി. യു.ഡി.എഫ് വാർഡായ തീരദേശത്തെ മുല്ലൂരിന് അനുവദിച്ചിരുന്ന 2 പദ്ധതികൾ വെട്ടിക്കുറച്ചെന്നും ആക്ഷേപമുണ്ട്. വലിയവീട്ടുവിളാകം കുളം നവീകരണത്തിന് അനുവദിച്ച 10 ലക്ഷത്തിന്റെയും ഇഞ്ചിപ്പുല്ലുവിള റോഡ് റീ ടാറിംഗിനായി വകയിരുത്തിയ 17 ലക്ഷത്തിന്റെയും പണികളാണ് ഉപേക്ഷിച്ചത്. വലിയതുറ വാർഡിൽ അനുവദിച്ച 35.5 ലക്ഷത്തിന്റെ 2 മരാമത്തു പണികളും ഉപേക്ഷിച്ചവയിൽ ഉൾപ്പെടുന്നു. പകരം പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുമില്ല. ബി.ജെ.പി വാർഡായ കാലടിയിൽ 20 ലക്ഷത്തിന്റെ പണി നഷ്ടമായി.