മമ്മൂട്ടിയുടെ ഗാനഗന്ധർവനും വിനീത് ശ്രീനിവാസന്റെ മനോഹരവും ക്യാപ്ടൻ രാജുവിന്റെ മിസ്റ്റർ പവനായിയും ഉൾപ്പെടെ നാലു ചിത്രങ്ങൾ നാളെ തിയേറ്ററിലെത്തും.
പഞ്ചവർണതത്തയ്ക്കുശേഷം രമേഷ് പിഷാരി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവനിൽ ഗാനമേളകളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.മുകേഷ്, മനോജ് കെ.ജയൻ, ദേവൻ, സിദ്ദിഖ്, ഇന്നസെന്റ്, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, സലിം കുമാർ, മോഹൻ ജോസ്, റാഫി, ആര്യ, സുധീർ കരമന, ഹരീഷ് കണാരൻ,കലാഭവൻ പ്രജോദ്, ജോണി ആന്റണി, ബൈജു എഴുപുന്ന, കുഞ്ചൻ, രാജേഷ് ശർമ്മ എന്നിവരാണ് മറ്റു താരങ്ങൾ. പുതുമുഖം വന്ദിത മനോഹരനാണ് നായിക.രമേഷ് പിഷാരടിയും ഹരി പി.നായരും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ കാമറ അഴകപ്പനാണ്.ഇച്ചായീസ് പ്രൊഡ ക് ഷൻസ് ,രമേഷ് പിഷാരടി എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ ആന്റോ ജോസഫ്, ആർ.ശ്രീലക്ഷ്മി, ആർ.ശങ്കർരാജ് എന്നിവർ ചേർന്നാണ് ഗാനഗന്ധർവൻ നിർമ്മിക്കുന്നത്.
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റിനുശേഷം എത്തുന്ന വിനീത് ശ്രീനിവാസൻ സിനിമയാണ് മനോഹരം.ആർട്ടിസ്റ്റ് മനു എന്ന കഥാപാത്രത്തെ വിനീത് അവതരിപ്പിക്കുന്നു.ഫോട്ടോ ഷോപ്പിന്റെ വരവോടെ ആർട്ട് ജോലി ചെയ്തിരുന്ന മനു പ്രതിസന്ധിയിലാവുന്നതും തുടർന്ന് ഫോട്ടോ ഷോപ്പ് പഠിക്കാൻ പോവുന്നതുമാണ് പ്രമേയം. ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിനുശേഷം അൻവർ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ദാസാണ് നായിക.ഇന്ദ്രൻസ്, ദീപക് പറമ്പോൾ, കലാരഞ്ജിനി , സംവിധായകരായ വി.കെ പ്രകാശ്, ജൂഡ് ആന്റണി, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലയ്ക്കൽ, സുനിൽ എ.കെ എന്നിവർ ചേർന്നാണ് നിർമ്മാണം.ജെബിൻ ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം സഞ്ജയ് തോമസ്.
അഞ്ചു വർഷം മുൻപ് ചിത്രീകരണം പൂർത്തീകരിച്ച മിസ്റ്റർ പവനായി ക്യാപ്ടൻ രാജുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നാളെ തിയേറ്ററിലെത്തും.തന്റെ പ്രിയ കഥാപാത്രമായ നാടോടിക്കാറ്റിലെ പവനായിയെ കേന്ദ്രകഥാപാത്രമാക്കി ക്യാപ്ടൻ രാജു സംവിധാനം ചെയ്ത ചിത്രത്തിൽ നടൻ വിജയരാഘവന്റെ മകൻ ദേവദേവനും നടി പൊന്നമ്മ ബാബുവിന്റെ മകൾ പിങ്കിയുമാണ് നായകനും നായികയും.നാടോടിക്കാറ്റിലെ സംഘട്ടനത്തിനിടെ നീന്തൽക്കുളത്തിൽ വീണ പവനായി രക്ഷപ്പെട്ടെന്ന ട്വിസ്റ്റുമായാണ് ക്യാപ്ടൻ തന്റെ പവനായിക്ക് രണ്ടാം ജന്മം നൽകിരിക്കുന്നത് .ക്യാപ്ടൻ രാജുവിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് മിസ്റ്റർ പവനായി.മുപ്പതു തിയേറ്ററുകളിൽ മിസ്റ്റർ പവനായി എത്തുന്നുണ്ട്.ക്യാപ്ടൻ രാജുവിന്റെ ജന്മനാടായ പത്തനംതിട്ടയായിരുന്നു ലൊക്കേഷൻ.
പോർച്ചുഗീസ് ബ്ളാക്ക് മാജിക്കിനെ ആസ്പാദമാക്കി നവാഗതനായ ശ്രീജിത് പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ പ്രണയ ചിത്രമാണ് ഓഹ. മലയാളത്തിൽ ഇത്തരമൊരു ചിത്രം ആദ്യമാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.ആൽബിയുടെയും ലില്ലിയുടെയും സന്തോഷകരമായ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ഞെട്ടിക്കുന്ന സംഭവവികാസങ്ങളും അതിനു പിന്നിലെ രഹസ്യങ്ങളുടെയും കഥ പറയുന്ന ചിത്രത്തിൽ ലില്ലിയായി സൂര്യ ല ക്ഷ്മിയും ആൽബിയായി ശ്രീജിത് പണിക്കരും എത്തുന്നു.സ്വസ്തി വിനായക് ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.