kerala-police

കൊല്ലം: പ്രതികളുടെ വീട് പരിശോധനയ്‌ക്ക് പുതിയ മാനദണ്ഡ‌ങ്ങളുമായി പൊലീസ്. ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കിയില്ലെങ്കിലും വാക്കാലുള്ള നിർദേശം പൊലീസ് ആസ്ഥാനത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചെന്നാണ് വിവരം. യൂണിവേഴ്‌സിറ്റി കോളേജ് കുത്തു കേസിലെ മുഖ്യ പ്രതി ശിവര‌ഞ്ജിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസിന് അവിടെ നിന്ന് കിട്ടിയ ചില സാധനങ്ങൾ കുത്തു കേസിനെക്കാളും അമൂല്യമായിരുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് പ്രതികളുടെ വീട് പരിശോധനയുടെ ശൈലി അടിമുടി മാറുന്നത്.

യൂണിവേഴ‌്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകൾ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കിട്ടിയതിനെ തുടർന്ന് പി.എസ്.സി പരീക്ഷാ തട്ടിപ്പ് വരെ പുറത്ത് കൊണ്ടുവരാനായത് സേനയ്‌ക്ക് പൊൻതൂവലായെന്ന് കരുതുന്ന പൊലീസ് ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥനാണ് പരിശോധന സംബന്ധിച്ച പുതിയ രീതി പരീക്ഷിക്കുന്നത്. മുൻ വാതിലിൽ കൂടി പ്രവേശിച്ച് അടുക്കള വഴി ഇറങ്ങുന്ന ഓട്ടപ്പരിശോധന വേണ്ടെന്നാണ് നിർദേശം. പകരം ഉപ്പ് ഭരണി മുതൽ കോഴിക്കൂട് വരെ പരിശോധിക്കും. ക്രിമിനൽ സ്വഭാവത്തിലെ കേസിലെ പ്രതികളുടെ അറസ്‌റ്റിന് മുമ്പും ചിലപ്പോൾ അറസ്‌റ്റിന് ശേഷവും തെളിവെടുപ്പിനുമായി പോകുമ്പോൾ അന്വേഷിക്കുന്ന കേസിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന തെളിവുകളും മറ്ര് പല കേസുകൾക്കും തുമ്പുമാകുമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് കുത്തു കേസിലൂടെ പൊലീസ് തിരിച്ചറിയുന്നു.

ചില സാമ്പത്തിക സ്രോതസുകൾ, ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഇവയെ കുറിച്ചൊക്കെ തുമ്പ് ലഭിച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. പരിശോധന അതിക്രമം ആകാതിരക്കാനും നിർദേശമുണ്ട്. പ്രതി ഒളിവിലും വീട്ടിലുള്ളവർ മാറി പോവുകയും ചെയ്യുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിൽ വീട് ചവിട്ടി തുറന്നുള്ള പരിശോധനയ്‌ക്കും വിലക്കുണ്ട്. അങ്ങനെ വേണ്ടിവന്നാൽ, പകൽ വെളിച്ചത്തിൽ കൊല്ലപ്പണിക്കാരനെ കൊണ്ടുവന്ന് വീട് തുറന്ന് ജില്ലാ മജിസ്‌ട്രേട്ട് നേരിട്ടോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെയോ സാന്നിദ്ധ്യത്തിലായിരിക്കും പരിശോധന. പൂട്ട് പൊളിക്കുന്നതിന് പകരം അയൽക്കാരുടെയും ജനപ്രതിനിധിയുടെയും സാന്നിദ്ധ്യത്തിൽ തുറന്ന് സാവകാശം പരിശോധിക്കണമെന്നാണ് നിർദേശം. കേസുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടുള്ള സാധനങ്ങൾ പൊലീസ് ഏറ്റെടുക്കുന്നെങ്കിൽ അതുസംബന്ധിച്ച പട്ടിക തയ്യാറാക്കി ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തണം.

ഒളിവിൽ കഴിയുന്ന പ്രതികൾക്ക് താമസം, പണം, വാഹനം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നവരേയും കുടുക്കും. ലുക്ക് ഔട്ട് നോട്ടീസ് ഇറങ്ങിയതിന് ശേഷമുള്ള സാഹചര്യങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ചെയ്‌തുകൊടുക്കുന്നവർ കേസിൽ പ്രതിയാകാനും സാദ്ധ്യതയുണ്ട്. എന്നാൽ തെളിവിന് സഹായകരമാകുന്ന വസ്‌തുക്കളും അന്വേഷണത്തിലേക്ക് വെളിച്ചം വീശുന്ന രേഖകളും അല്ലാതെ മറ്റ് വസ്‌തുക്കൾ തൊടാൻ പൊലീസിന് അധികാരമില്ലെന്ന സുപ്രീം കോടതി വിധിയും അന്വേഷണ ഉദ്യോഗസ്ഥരെ മേലുദ്യോഗസ്ഥർ ഓർമ്മിപ്പിക്കുന്നുണ്ട്.