maradu

കൊച്ചി: തീരദേശ നിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധവും ജലവിതരണവും നിറുത്തലാക്കി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കനത്ത പൊലീസ് സുരക്ഷയിൽ കെ.എസ്.ഇ.ബി ജീവനക്കാരാണ് വൈദ്യുതി വിച്ഛേദിച്ചത്. ഫ്ലാറ്റുകളിലേക്കുള്ള ജലവിതരണം വാട്ടർ അതോറിട്ടിയാണ് നിറുത്തലാക്കിയത്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി ഫ്ളാറ്റുകളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ച് പൊളിക്കുന്നതിനായി ആദ്യഘട്ടമെന്ന നിലയിലാണിത്. കുണ്ടന്നൂരിലെ എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിൻ കോറൽകേവ്, ആൽഫാ വെഞ്ച്വേഴ്സ്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം എന്നീ നാല് ഫ്ളാറ്റുകളിലാണ് വൈദ്യുതിയും വെള്ളവും ഒരേ സമയം നിലച്ചത്.

വൈദ്യുതിക്കും കുടിവെള്ളത്തിനും പിന്നാലെ പാചകവാതക കണക്ഷൻ എന്നിവ വിച്ഛേദിക്കാനും തീരുമാനമായിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിക്കുമ്പോൾ താമസക്കാർ പ്രതിഷേധിക്കുമെന്നതിനാൽ ഇതിനു മുൻപേ ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നതിനായിട്ടാണ് ഇത്തരത്തിൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ വെള്ളവും വെളിച്ചവും വിച്ഛേദിച്ചതോടെ പ്രതിഷേധവുമായി താമസക്കാർ രംഗത്തുവന്നു. പുകച്ചു പുറത്തുചാടിക്കാൻ ശ്രമിച്ചാലും ഇറങ്ങില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം താമസക്കാർ. വൈദ്യുതി വിച്ഛേദിച്ചാൽ നേരിടാൻ മണ്ണെണ്ണ വിളക്ക്, റാന്തൽ, മെഴുകുതിരി തുടങ്ങിയവ ശേഖരിച്ചിട്ടുണ്ടെന്ന് എച്ച്.ടു.ഒയിലെ താമസക്കാരുടെ സംഘടനാ ഭാരവാഹി മനോജ് പറഞ്ഞു.

ബലം പ്രയോഗിച്ചാലും ഇറങ്ങില്ലില്ലെന്നാണ് താമസക്കാരുടെ നിലപാട്. സുപ്രീം കോടതി കർശനനിലപാടെടുത്തതോടെ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റുന്നതിനായി ഫോർട്ടു കൊച്ചി സബ് കളക്ടർ സ്‌നേഹിൽ കുമാറിനെ സർക്കാർ നിയോഗിച്ചിരുന്നു. മരട് നഗരസഭയുടെ സെക്രട്ടറിയുടെ ചുമതല ഇന്നലെ ഇദ്ദേഹം ഏറ്റെടുത്തിരുന്നു. ഒഴിപ്പിക്കപ്പെടുന്നവർക്ക് താമസസൗകര്യം ഒരുക്കേണ്ടിവന്നാൽ അതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.