maradu-flat

കൊച്ചി: സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ ഞായറാഴ്ച മുതൽ ഒഴിപ്പിക്കും. നാല് ദിവസം കൊണ്ട് ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണ് നീക്കം. ഒക്ടാബർ 11 മുതൽ പൊളിക്കുമെന്നും 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമാണ് അധികൃതരുടെ തീരുമാനം. ആക്ഷൻ പ്ളാൻ നാളെ സുപ്രീം കോടതിയിൽ സമർപ്പിക്കും. അതേസമയം, നാലു ഫ്ലാറ്റുകളിലെയും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. കനത്ത പൊലീസ് സുരക്ഷയിൽ പുലർച്ചെയായിരുന്നു കെ.എസ്.ഇബി അധികൃതരുടെ നടപടി. രാവിലെ ഫ്ലാറ്റുകളിലേക്കുള്ള ജലവിതരണവും നിറുത്തിവച്ചു. ജലവിതരണം നിറുത്തിയത് അറിയിച്ചുകൊണ്ടുള്ള നോട്ടിസ് ഉടൻപതിക്കും. നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. ഫ്ലാറ്റിനുമുന്നിൽ ഉടമകൾ പ്രതിഷേധം തുടരുകയാണ്.

വൈദ്യുതിക്കും കുടിവെള്ളത്തിനും പിന്നാലെ പാചകവാതക കണക്ഷൻ എന്നിവ വിച്ഛേദിക്കാനും തീരുമാനമായിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിക്കുമ്പോൾ താമസക്കാർ പ്രതിഷേധിക്കുമെന്നതിനാൽ ഇതിനു മുൻപേ ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നതിനായിട്ടാണ് ഇത്തരത്തിൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ വെള്ളവും വെളിച്ചവും വിച്ഛേദിച്ചതോടെ പ്രതിഷേധവുമായി താമസക്കാർ രംഗത്തുവന്നു. പുകച്ചു പുറത്തുചാടിക്കാൻ ശ്രമിച്ചാലും ഇറങ്ങില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം താമസക്കാർ. വൈദ്യുതി വിച്ഛേദിച്ചാൽ നേരിടാൻ മണ്ണെണ്ണ വിളക്ക്, റാന്തൽ, മെഴുകുതിരി തുടങ്ങിയവ ശേഖരിച്ചിട്ടുണ്ടെന്ന് എച്ച്.ടു.ഒയിലെ താമസക്കാരുടെ സംഘടനാ ഭാരവാഹി മനോജ് പറഞ്ഞു.

അതേസമയം, മരടിലേതിന് സമാനമായി നിയമം ലംഘിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലായി നിർമ്മിച്ച 1800ഓ‌ളം കെട്ടിടസമുച്ചയങ്ങൾ പൊളിക്കേണ്ടി വരുമെന്നും സുപ്രീംകോടതി ഇടപെട്ട സ്ഥിതിക്ക് ഇനി ഇളവ് പറ്റില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തിയിട്ടുണ്ട്. മരട് വിഷയത്തിൽ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയം ഇന്നലെ മന്ത്രിസഭ ചർച്ച ചെയ്തത്. കോടതി നിർദ്ദേശിച്ചതനുസരിച്ചുള്ള തുടർനടപടികളിലേക്ക് വേഗം നീങ്ങാനാണ് തീരുമാനം. മരട് ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറായെത്തിയ യോഗ്യതയുള്ള ആറ് കമ്പനികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾക്ക് മരട് മുനിസിപ്പാലിറ്റി പൊളിക്കൽ കരാർ നൽകും.