indian-army-dog

ന്യൂഡൽഹി: ഇന്ത്യൻ ആർമിയുടെ നായയായ മൂന്ന് വയസുകാരൻ ജാരിയുടെ നേതൃത്വത്തിൽ സുരക്ഷാ സേന കണ്ടെത്തിയത് വൻ ആയുധ ശേഖരം. അസാമിലെ ബോഡോലാൻഡ് അതിർത്തിയിലെ പൻബരി വനത്തിൽ നടന്ന സെെന്യത്തിന്റെയും പൊലീസിന്റെയും ഓപറേഷനിലാണ് വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളുമടങ്ങുന്ന ആയുധശേഖരങ്ങൾ കണ്ടെത്തിയത്. ഇന്ത്യൻ സർക്കാർ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ എൻ.ഡി.എഫ്.ബി-എസ് (നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് )​തീവ്രവാദികൾ വനത്തിൽ ഒളിപ്പിച്ചിരിക്കുന്നതാണ് ഈ ആയുധങ്ങളെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സെെന്യത്തിന്റെ ഭാഗമായ ‘ജാരി’ എന്ന നായുടെ സാന്നിദ്ധ്യമാണ് ഓപറേഷൻ വിജയകരമാകാൻ സാധിച്ചതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌ഫോടക വസ്തുക്കളുടെ ശേഖരം സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം അസമിലെ പൻബാരി വനത്തിൽ തിരച്ചിൽ നടത്തിയത്. മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു ആയുധങ്ങൾ. തുടർന്ന് ജാരിയുടെ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. 20ൽപരം ആയുധങ്ങളും നൂറിലധികം വെടിക്കോപ്പുകളും 17 കിലോ സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി സെെന്യം വ്യക്തമാക്കി. കണ്ടെടുത്ത ആയുധങ്ങൾ പൻബാരി പൊലീസിന് കൈമാറി.

ആർമി ഉദ്യോഗസ്ഥരും അസാം പൊലീസും ജാരിയും സംയുക്തമായി ചേർന്നാണ് ചൊവ്വാഴ്ച ഓപ്പറേഷൻ ആരംഭിച്ചത്. "ഒന്നര വർഷത്തിനുള്ളിൽ ജാരിയുടെ ആദ്യത്തെ അംഗീകൃത പ്രകടനം കൂടിയാണിത്. ഈ രീതിയിൽ പരിശോധന നടത്തുമ്പോൾ മാസ്റ്ററോട് ചോദ്യമെന്ന നിലയിൽ നായ തല ഉയർത്തിക്കാണിക്കും. താൻ നല്ല ജോലിയാണോ ചെയ്യതതെന്ന ഭാവത്തിനലാണത്.

മിക്ക കേസുകളിലും ഇത്തരത്തിൽ പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ച് ഓപ്പറേഷൻ നടത്തുമ്പോൾ 99.9% ശരിയാണെ"ന്നും ഉദ്യോഗസ്ഥർ പറ‌ഞ്ഞു. നോർത്ത് ഈസ്റ്റിലെ മിലിട്ടറി ഡോഗ് യൂണിറ്റുകളിൽ നിരവധി ലാബ്രഡോർ നായകളും ജർമൻ ഷെപ്പേർഡുകളും ഉണ്ട്. ഇവ വ്യത്യസ്ത രീതിൽ പരിശീലനം നേടിയവയാണ്. പ്രകൃതി ദുരന്തങ്ങളിലും കലാപ സമയത്തും സെെനികരെ സഹായിക്കാൻ ഇവരെ സജ്ജരാക്കിയിട്ടുണ്ട്.