ന്യൂയോർക്ക്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിനെ തുടർന്ന് ഇന്ത്യയിൽ നിന്നും കടന്നു കളഞ്ഞ വിവാദവ്യവസായി മെഹുൽ ചോക്‌സി ചതിയനാണെന്നും അദ്ദേഹത്തിനെ കൊണ്ട് തങ്ങളുടെ രാജ്യത്തിന് യാതൊരു ഗുണവും ഇല്ലെന്നും അയാളെ ഇന്ത്യയിലേക്ക് തിരികെ അയക്കുമെന്നും ആന്റിഗ്വ ആൻഡ് ബർബൂഡ പ്രധാനമന്ത്രിയായ ഗാസ്റ്റൺ ബ്രൗൺ. നിലവിലെ നിയമങ്ങൾ അനുസരിച്ച് ആന്റിഗ്വ ആൻഡ് ബർബൂഡയും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള കരാർ ഇല്ല.
മെഹുൽ ചോക്‌സി ചതിയനാണെന്ന വിവരം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിനെ കൊണ്ട് തങ്ങളുടെ രാജ്യത്തിന് യാതൊരു ഗുണവും ലഭിക്കാനില്ല. കോക്സിയുടെ അപേക്ഷകൾ എല്ലാം തള്ളിക്കളഞ്ഞ ശേഷം ഞങ്ങൾ അയാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കും. അങ്ങനെ ചെയ്യുമ്പോൾ ഇന്ത്യയിൽ ചോക്‌സിക്കെതിരെ നിലവിലുള്ള കേസുകളിൽ അയാളെ ചോദ്യം ചെയ്യുന്നതിന് തടസ്സങ്ങൾ ഉണ്ടാകില്ല. ഗാസ്റ്റൺ ബ്രൗൺ പറഞ്ഞു. ആഭരണ നിർമാതാക്കളായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമയായ മെഹുൽ ചോക്‌സി കഴിഞ്ഞ വർഷം ജനുവരിയിലാണ് രാജ്യം വിട്ടത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് പുറത്ത് വരുന്നതിനു ഏറെ നാളുകൾക്ക് മുൻപുതന്നെ ചോക്‌സി ആന്റിഗ്വ ആൻഡ് ബർബൂഡയിലേക്ക് കടക്കുന്നതിന് ആവശ്യമായുള്ള രേഖകൾ തയാറാക്കിയിരുന്നു.