cpm

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിര‌ഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തെ സി.പി.എം സ്ഥാനാർത്ഥികളെ സി.പി.എം സംസ്ഥാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു. കോന്നിയിൽ ഡി.വെെ.എഫ്.ഐ സംസ്ഥാന വെെസ് പ്രസിഡന്റ് അഡ്വ കെ.യു ജനീഷ് കുമാറിനെയും വട്ടിയൂർക്കാവിൽ തിരുവനന്തപുരം കോർപറേഷൻ മേയർ വി.കെ പ്രശാന്തിനെയും അരൂരിൽ ഡി.വെെ.എഫ്.ഐ സംസ്ഥാന വെെസ് പ്രസിഡന്റ് മനു സി.പുളിക്കലിനെയും പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് സി.പി.എം ജില്ലാ കമ്മിറ്റി അംഗം ശങ്കർ റേയെയും എറാണാകുളത്ത് മനു റോയിയെയുമാണ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്.

അഞ്ച് സ്ഥാനാർത്ഥികളും പുതുമുഖങ്ങളാണ്. ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും ചർച്ച ചെയ്ത് അഭിപ്രായങ്ങൾ കേട്ടശേഷമാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയറ്റ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. ബൂത്ത് തലം വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റികൾ ഒക്ടോബർ അഞ്ചിനുള്ളിൽ പൂർത്തീകരിക്കും. അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫ് വന്‍ വിജയം നേടുമെന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കവെ കോടിയേരി പറഞ്ഞു.

മേയർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും യുവനേതാവ് എന്ന പരിഗണനയുമാണ് വി.കെ പ്രശാന്തിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചതിന് കാരണം. ഈ വർഷം പ്രളയമുണ്ടായപ്പൾ സാഹയമെത്തിക്കുന്നതിനുള്ള സാധനസാമഗ്രികൾ സമാഹരിച്ചതിന്റെ പേരിൽ വലിയ അഭിന്ദനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. യുവജനങ്ങൾക്കിടയിൽ പ്രശാന്തിന് നല്ല പിന്തുണയുള്ളതിനാൽ മികച്ച വിജയം നേടാൻ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്. അതേസമയം,​ അടൂർ പ്രകാശ് പിടിച്ചെടുത്ത മണ്ഡലം അദ്ദേഹം മാറിയ സ്ഥിതിക്ക് തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോന്നിയിൽ സി.പി.എം യുവരക്തമായ ജനീഷിനെ കളത്തിലിറക്കുന്നത്.

എറണാകുളത്ത് എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മനു റോയ് മത്സരിക്കുക. മുതിർന്ന പത്രപ്രവർത്തകനായ കെ.എം റോയിയുടെ മകനായ മനു റോയി. യുവാക്കൾക്ക് പ്രാധാന്യം നൽകണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിർദേശമാണ് അരൂരിൽ മനു സി.പുളിക്കലിനെ മുൻപന്തിയിലെത്തിച്ചത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ മത്സരിച്ച സി.എച്ച് കുഞ്ഞമ്പു തന്നെ മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ എന്നാൽ അവസാന നിമിഷം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് ശങ്കർ റേയെ സ്ഥാനാർത്ഥിയാക്കിയത്. അതേസമയം യു.ഡി.എഫിനും ബി.ജെ.പിക്കും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനായിട്ടില്ല.