red-147

''സുകേശേ..."

ഹാഫ് ഡോർ തുറന്ന് പുറത്തേക്കിറങ്ങുന്നതിനിടയിൽ സി. ഐ അലിയാർ വിളിച്ചു. എസ്.ഐ കാർത്തിക് പോയ ഒഴിവിലേക്ക് കഴിഞ്ഞ ദിവസമാണ് സുകേശ് ചാർജ്ജെടുത്തത്.

മിടുമിടുക്കനായ ഒരു ചെറുപ്പക്കാരൻ. ആദർശവാൻ.

''സാർ..."

തന്റെ ക്യാബിനിൽ നിന്ന് സുകേശ് ഇറങ്ങിവന്നു.

''നാല് പോലീസുകാരെക്കൂടി കൂട്ടിക്കോ. നമുക്ക് വടക്കേ കോവിലകത്തേക്കു പോകണം."

''സാർ."

രണ്ടു മിനുട്ടിനുള്ളിൽ പോലീസിന്റെ ബൊലേറോ സ്റ്റേഷൻ മുറ്റത്തു നിന്നു പുറത്തേക്കു പാഞ്ഞു.

വടക്കേ കോവിലകം.

പോലീസ് സംഘം ചെല്ലുമ്പോൾ സുരേഷ് കിടാവും ഹേമലതയും പരിഭ്രമിച്ചു നിൽക്കുകയാണ്.

അകത്തേക്കു കയറിയപ്പോൾത്തന്നെ നേർത്ത ദുർഗ്ഗന്ധം പോലീസിനു ബോദ്ധ്യപ്പെട്ടു.

''സാർ... ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നു വന്നപ്പോഴാണ് ഇത് കാണുന്നത്."

സുരേഷ് നടുമുറ്റത്തേക്കു കൈചൂണ്ടി.

സി.ഐയും എസ്.ഐയും അസ്ഥിക്കഷണങ്ങൾക്ക് അടുത്തേക്കു ചെന്നു.

ഒറ്റനോട്ടത്തിൽത്തന്നെ അതൊരു മനുഷ്യന്റേതാണെന്നു വ്യക്തമായി. മാത്രമല്ല അത് അവിടെ കുഴിച്ചിട്ടിട്ട് അധികകാലം ആയിട്ടില്ലെന്നും ഉറപ്പ്.

പക്ഷേ ഇതിപ്പോൾ മാന്തി പുറത്തിട്ടതാര്?

അവരു തന്നെയാവും കുട്ടികളെ അപകടപ്പെടുത്തിയതെന്നും അലിയാർക്കു തോന്നി.

അയാൾ പെരുന്തൽമണ്ണ ഡിവൈ.എസ്.പിക്കു മെസേജ് നൽകി.

നടപടികൾ തുടങ്ങിക്കോളുവാൻ അവിടെ നിന്നു മറുപടി വന്നു. ഒപ്പം കഴിഞ്ഞ ഒന്നുരണ്ട് മാസങ്ങൾക്കുള്ളിലെ 'മാൻ മിസ്സിംഗ്' കേസുകളും പരിശോധിക്കുവാൻ ഡിവൈ.എസ്.പി നിർദ്ദേശിച്ചു.

ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് തയ്യാറാക്കുവാൻ സി.ഐ, എസ്.ഐ സുകേശിനെ ചുമതലപ്പെടുത്തി.

പിന്നെ സുരേഷിനെയും ഹേമലതയെയും ഒരു ഭാഗത്തേക്കു വിളിച്ചു മാറ്റിയിരുത്തി. വിവരങ്ങൾ ചോദിച്ചറിയുവാൻ തുടങ്ങി.

അവിടെ വന്ന ദിവസം മുതൽ ഉണ്ടായ അനുഭവങ്ങൾ ഓരോന്നായി ഹേമലത പറഞ്ഞു തുടങ്ങി.

കടുത്ത ചിന്തയിൽ അകപ്പെട്ട സി.ഐ അലിയാരുടെ മുഖത്ത് പലവിധ ഭാവങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു.

*** *** ****

മായാർ....

രാവിലെ തന്നെ പ്രജീഷ്, പരുന്ത് റഷീദിനെ വിളിച്ച് ഓർമ്മപ്പെടുത്തി.

എത്രയും വേഗം ആ ഹെൽമറ്റ് ധാരിയെ കണ്ടെത്തണം. പിന്നെ... ശ്രീനിവാസ കിടാവ് നിന്നെ വിളിക്കുകയോ മറ്റോ ചെയ്തോ?"

''ചെയ്തു. അല്പം മുൻപ്. ഇന്നലെ നിങ്ങൾ സ്ഥലത്തില്ലാതിരുന്നതിനാൽ ലക്ഷ്യം നേടാനായില്ലെന്ന് ഞാൻ പറഞ്ഞു."

പരുന്ത് റഷീദിന്റെ മറുപടി കേട്ടു.

''പിന്നെ വേറെന്തു വിശേഷം പറഞ്ഞെടാ?"

ചന്ദ്രകല കൊണ്ടുവച്ച 'ഗ്രീൻ ടീ'യുടെ കപ്പുയർത്തി പ്രജീഷ് ഒരിറക്ക് ചായ അകത്താക്കി.

''വളരെ പ്രധാനപ്പെട്ട ഒരു വിശേഷമുണ്ട് സാർ..."

''മ്?" പ്രജീഷ് നെറ്റി ചുളിച്ചു.

നിങ്ങളുടെ കോവിലകത്തിന്റെ നടുമുറ്റത്തുനിന്ന് ആരുടെയോ അസ്ഥികൂടം കിട്ടിയെന്ന്."

''ങ്‌ഹേ?" ഞെട്ടിവിറച്ചുപോയി പ്രജീഷ്. അയാൾ ചന്ദ്രകലയെ ഒന്നു നോക്കി.

കാര്യം എന്തെന്നറിയുവാൻ കാത്ത് നിൽക്കുകയാണവൾ. അസ്ഥികൂടം അണലി അക്ബറുടേതാണെന്ന് പരുന്ത് അറിഞ്ഞാൽ...

സീരിയൽ നടി സൂസന്റെ മരണത്തിനും തങ്ങൾ കണക്കു പറയേണ്ടിവരും.

അയാളുടെ ചിന്തകളെ മുറിച്ചുകൊണ്ട് പരുന്തിന്റെ ശബ്ദം ഫോണിലൂടെ ചിതറിവീണു:

''എങ്ങനെയാ സാറേ അവിടെ ആ അസ്ഥികൂടം വന്നത്?"

മറുപടി പറയുവാൻ ഏതാനും സെക്കന്റുകൾ എടുത്തു പ്രജീഷ്.

''അത് ഞങ്ങളെങ്ങനെ അറിയാനാടാ? പഴയ കോവിലകമല്ലേ.... അവിടെ അറിഞ്ഞും അറിയാതെയും പല മരണങ്ങളും നടന്നിട്ടുണ്ടാവും. പണ്ട് കാലത്ത് ആരെങ്കിലും അതവിടെ കുഴിച്ചിട്ടതാവും."

അയാളുടെ ശബ്ദം ചിലമ്പി.

''പണ്ടുകാലത്ത് അല്ല സാറേ... ഇതിന് അധികം പഴക്കമില്ലെന്നാ അറിഞ്ഞത്. ഫോറൻസിക് എക്സ്‌‌പേർട്ടൊക്കെ വന്നിട്ടുണ്ടുപോലും...."

തന്റെ ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നി പ്രജീഷിന്.

തങ്ങൾ കുടുങ്ങിയതു തന്നെ!

''ഇതിപ്പം എങ്ങനെയാടാ പുറത്തുവന്നത്?"

''സുരേഷ് കിടാവിന്റെ മക്കളെ ആരോ കോവിലകത്തു നിന്ന് തട്ടിക്കൊണ്ടുപോയി. കഷ്ടിച്ചാ അതുങ്ങള് രക്ഷപെട്ടത്. ആശുപത്രിയിൽ നിന്ന് സുരേഷ് സാറും ഭാര്യയും വന്നപ്പോൾ കാണുന്നത് അസ്ഥികൂടമാണ്. എ... സാറേ. സാറ് ആരെയെങ്കിലും തട്ടിയേച്ച് അവിടെ അടക്കിയതാണോ?"

പ്രജീഷിന്റെ ഹൃദയത്തിനുള്ളിൽ ഒരു അറക്കവാൾ പുളഞ്ഞു.

''ദേ.. എനി​ക്കൊരു കാൾ വരുന്നുണ്ട് പരുന്തേ. അങ്ങോട്ടു വിളി​ക്കാം.

അങ്ങനെ കള്ളം പറഞ്ഞ് പ്രജീഷ് ഫോൺ​ കട്ടു ചെയ്തു. തുടർന്ന് ചന്ദ്രകലയോടു വി​വരം പറഞ്ഞു.

അവളും പരി​ഭ്രമി​ച്ചു.

നമുക്ക് കൊലക്കയർ വീഴുമോ പ്രജീഷേ.... ചന്ദ്രകല വിറയ്ക്കുവാൻ തുടങ്ങി.

''ഏയ്.... ബോഡി ആരുടേതാണെന്ന് തെളിഞ്ഞില്ലെങ്കിൽ കുഴപ്പമില്ല. ഇനി പോലീസ് വരികയോ നമ്മളെ ക്വസ്റ്റ്യൻ ചെയ്യുകയോ... എന്ത് സംഭവിച്ചാലും 'നമുക്കൊന്നും അറിയില്ല.' ആ സ്റ്റാന്റി​ൽ ഉറച്ചുനിന്നേക്കണം."

ചന്ദ്രകല മറുപടി പറയും മുൻപ് അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നു.

എം.എൽ.എ ശ്രീനിവാസ കിടാവ്!

(തുടരും)