shreedharan-pillai

തിരുവനന്തപുരം: വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യത്തിൽ ബി.ജെ.പിയിൽ വൻ ആശയക്കുഴപ്പം. അരൂരിൽ ബി.ഡി.ജെ.എസ്‌ അദ്ധ്യക്ഷനായ തുഷാർ വെള്ളാപ്പള്ളിയെ ഇറക്കണമെന്നാണ് ശ്രീധരൻപിള്ളയുടെ അഭിപ്രായം. ഇക്കാര്യം തുഷാറിനെ ശ്രീധരൻപിള്ള അറിയിച്ചിട്ടുണ്ട്. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുമ്പോൾ മണ്ഡലത്തിൽ യുവ സ്ഥാനാർത്ഥിയെ ആണ് നിർത്തേണ്ടതെന്നാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.ശ്രീധരൻപിള്ള അഭിപ്രായപ്പെടുന്നത്. മാത്രമല്ല ഇക്കാര്യത്തിൽ കുമ്മനമോ ആർ.എസ്. ഘടകമോ അനുകൂല നിലപാട് അറിയിച്ചിട്ടില്ല. ഇന്ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ഇക്കാര്യങ്ങളിലുള്ള തന്റെ നിലപാട് ശ്രീധരൻപിള്ള അറിയിക്കും.

എന്നാൽ അരൂരിൽ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം എടുത്തതെന്നും തുഷാർ വെള്ളാപ്പളി ഇന്നലെ ചൂണ്ടിക്കാട്ടി. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ നൽകേണ്ട പരിഗണന ഘടകകക്ഷി എന്ന നിലയിൽ ബി.ഡി.ജെ.എസിന് ലഭിച്ചില്ലെന്നും കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് പോലെ ഇത്തവണയും മത്സരിക്കണമെന്ന് തങ്ങൾക്കില്ലെന്നും തുഷാർ പറഞ്ഞിരുന്നു.