byelection

തിരുവനന്തപുരം: മുൻ ഡി.സി.സി പ്രസി‌ഡന്റും മനുഷ്യാവകാശ കമ്മിഷൻ അംഗവുമായ കെ.മോഹൻകുമാറിനെ വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ആലോചന. അടിയന്തര ചർച്ചകൾക്കായി കോൺഗ്രസ് നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ കെ.മുരളീധരൻ എം.പിയുടെ നോമിനിയായി എത്തിയ എൻ.പീതാംബര കുറുപ്പിനെതിരെ പരസ്യമായ പ്രതിഷേധം ഉയർന്നതോടെയാണ് മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസ് തയ്യാറായത്. ആദ്യഘട്ടത്തിൽ മോഹൻകുമാറിനെ എതിർത്ത മുരളീധരൻ ഇപ്പോൾ നിലപാട് മാറ്റിയതും അദ്ദേഹത്തിന് അനുകൂലമായിട്ടുണ്ട്. വട്ടിയൂർക്കാവിൽ ആര് സ്ഥാനാർത്ഥിയായാലും ജയിക്കുമെന്നാണ് മുരളീധരന്റെ പ്രസ്‌താവന. അതേസമയം, സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ സമയമായെന്നും താൻ അകലെയൊന്നും പോയിട്ടില്ലെന്നും മോഹൻകുമാർ പ്രതികരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച പ്രതികരണം നടത്താമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

അതേസമയം, സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തർക്കം തുടരുന്ന കോന്നിയിൽ ഇതുവരെ തീരുമാനമായിട്ടില്ല. സാമുദായിക സമവാക്യങ്ങൾ വച്ച് നോക്കിയാൽ മണ്ഡലത്തിൽ ഈഴവ സമുദായംഗത്തെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഡി.സി.സിയുടെ ആവശ്യം. എന്നാൽ അടൂർ പ്രകാശ് എം.പി ഇക്കാര്യത്തോട് അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. തന്റെ നോമിനിയായ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ അടൂർ പ്രകാശ് കടുംപിടുത്തം തുടരുന്ന സാഹചര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടേക്കും. ഇന്ന് വൈകുന്നേരം ചർച്ച പൂർത്തിയാക്കി സാധ്യതാ പട്ടിക ഹൈക്കമാൻഡിന് നൽകാനാണ് തീരുമാനം.

മാരത്തോൺ ചർച്ചകൾ നടത്തിയിട്ടും നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാവാതെ കോൺഗ്രസ് കുഴയുന്നു. ഇന്ന് പാതിരാത്രിയെങ്കിലും പട്ടിക ഹെെക്കമാൻഡിന് നൽകാനുളള തിരക്കിട്ട ശ്രമത്തിലാണ് നേതൃത്വം. ഇന്നലെ രാത്രി വെെകിയും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമൊന്നുമായില്ല. കെ.പി.സി.സി ആസ്ഥാനത്ത് രാത്രി നടന്ന ചർച്ചയിലും കോന്നിയിൽ റോബിൻപീറ്ററെ സ്ഥാനാർത്ഥിയാക്കണമെന്ന കാര്യത്തിൽ അടൂർപ്രകാശ് ഉറച്ച് നിന്നു. ഡി.സി.സി പ്രസിഡന്റ് ബാബു ജോ‌ർജ്, റോബിൻപീറ്ററെ സ്ഥാനാർത്ഥിയാക്കാനാകില്ലെന്നും സാമുദായിക സന്തുലനം പാലിക്കണമെന്നുമുളള കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നിൽക്കുകയാണ്. മുതിർന്ന നേതാവ് പി.ജെ കുര്യൻ തിരഞ്ഞെടുപ്പ് സമിതിയിൽ റോബിൻപീറ്ററിനെതിരെ നിലപാട് എടുത്തതും അടൂർപ്രകാശിന് ക്ഷീണമായി. കോന്നി മാത്രമല്ല മറ്റ് മൂന്ന് മണ്ഡലങ്ങളിലും സാമുദായിക സന്തുലനം പാലിച്ചേ മതിയാകൂ എന്നാണ് കുര്യൻ നിലപാട് എടുത്തത്.അതേസമയം മുതിർന്ന നേതാവ് മോഹൻരാജിന്റെ പേര് നേതൃത്വം ഗൗരവമായി പരിഗണിച്ച് തുടങ്ങി.ഇതോടെ റോബിൻപീറ്ററെ മാറ്റാനുളള സാധ്യതയേറി.സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കട്ടെ, ശേഷം പരസ്യപ്രതികരണം നടത്താമെന്ന് സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ആദ്യമുണ്ടായിരുന്ന എെ ഗ്രൂപ്പ് നേതാവ് പഴകുളം മധു ഫ്ളാഷിനോട് പറഞ്ഞു.

വട്ടിയൂർക്കാവിൽ നേരത്തെ നിശ്ചയിച്ചിരുന്ന എൻ.പീതാംബരകുറുപ്പിന്റെയും സാധ്യതകൾ ഏതാണ്ട് മങ്ങിയിട്ടുണ്ട്.പീതാംബരകുറുപ്പിനെ മാറ്റാനായി കെ.മുരളീധരനെ അനുനയിപ്പിക്കാനുളള നീക്കം കോൺഗ്രസ് നേതൃത്വം സജീവമാക്കി. മുല്ലപ്പളളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും മുരളീധരനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. പീതാംബരകുറുപ്പിനെതിരെ ഇന്ദിരഭവനിൽ അരങ്ങേറിയ പ്രതിഷേധങ്ങൾ തളളികളയണ്ട എന്ന നിലപാടിലാണ് നേതൃത്വം എത്തി ചേർന്നിരിക്കുന്നത്. വട്ടിയൂർക്കാവിൽ താൻ മത്സരിക്കാൻ വന്നപ്പോഴും പ്രതിഷേധമുണ്ടായിരുന്നുവെന്നും അത് കാര്യമാക്കേണ്ടയെന്നുമാണ് മുരളീധരൻ പറയുന്നത്.തന്റെ പിൻഗാമി കുറുപ്പാകണമെന്ന ഉറച്ച നിലപാട് മുരളീധരൻ നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു.

അതേസമയം പാർട്ടി ലീഡ‌‌ർഷിപ്പ്, തനിക്കെതിരായുളള പ്രതിഷേധത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് പീതാംബരകുറുപ്പ് ഫ്ളാഷിനോട് പറഞ്ഞു.നേതാക്കൾ രാത്രി നടത്തിയ ചർച്ച കഴിഞ്ഞ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ മുൻഗണന ലഭിച്ചതോടെ കെ.മോഹൻകുമാർ രാത്രി തന്നെ തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു.നേതാക്കളിൽ നിന്ന് ഉറപ്പ് ലഭിച്ചാൽ മനുഷ്യാവകാശ കമ്മീഷൻ അംഗം സ്ഥാനം രാജിവെച്ച് മോഹൻകുമാർ ഗവർണർക്ക് കത്ത് നൽകുമെന്ന് മോഹൻകുമാറിനോട് അടുത്തവൃത്തങ്ങൾ പറഞ്ഞു. എന്നാൽ, പീതാംബരകുറുപ്പ് തന്നെ സ്ഥാനാർത്ഥിയാകുമെന്ന് മുരളീധരൻ ക്യാമ്പ് ഇപ്പോഴും വിശ്വാസം പ്രകടിപ്പിക്കുന്നു.വി.കെ പ്രശാന്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ യുവാവിനെ തന്നെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥിനായി സോഷ്യൽ മീഡിയയിൽ വലിയ ക്യാമ്പയിൻ നടക്കുന്നുണ്ട്.

എ ഗ്രൂപ്പുകാരനായ പി.സി വിഷ്ണുനാഥ് വട്ടിയൂർക്കാവ് സ്ഥാനാർത്ഥിയാകാൻ സാധ്യത കുറവാണെങ്കിലും അങ്ങനെ സംഭവിച്ചാൽ അരൂരിൽ എെ ഗ്രൂപ്പുകാരിയായ ഷാനിമോൾ ഉസ്മാൻ സ്ഥാനാർത്ഥിയാകും.അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ അരൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്.രാജേഷ് യുഡിഎഫ് സ്ഥാനാർത്ഥിയാകും. ജില്ലയിലെ പ്രമുഖരായ നേതാക്കളെല്ലാം മത്സരത്തിനില്ലെന്ന് താൽപര്യമറിയിച്ചതോടെ രാജേഷിന് സാധ്യതയേറി.എന്നാൽ മണ്ഡലത്തിൽ നിന്ന് രാജേഷും പ്രാദേശിക എതിർപ്പ് നേരിടുന്നുണ്ട്.

എറണാകുളത്ത് ടി.ജെ വിനോദ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചെങ്കിലും നേതൃത്വത്തിന് തലവേദനയായി കെ.വി തോമസ് ഇപ്പോഴും രംഗത്തുണ്ട്.ഡൽഹി വഴിയാണ് കെ.വി തോമസ് സീറ്റിനായുളള ശ്രമങ്ങൾ നടത്തുന്നത്.പക്ഷെ പാർട്ടിയിൽ ഉന്നത പദവി ലക്ഷ്യം വച്ചുളള സമ്മർദ തന്ത്രമായാണ് കെ.വി തോമസിന്റെ നീക്കത്തെ സംസ്ഥാന നേതൃത്വം കാണുന്നത്.