അമ്മേ...
അമൃതപുരി എന്നും എപ്പോഴും ആനന്ദത്തിലാണ്. അവിരാമം ഗുരുപൂർണിമയുടെ ആഘോഷത്തിലാണ്. കാരണം, ഇവിടെ അമ്മയെന്ന പരിപൂർണതയുടെ സാന്നിദ്ധ്യമുണ്ട്. അതിവിടുത്തെ മണ്ണിനെയും വിണ്ണിനെയും ആത്മജ്ഞാനത്തിന്റെ ഉജ്വലദീപ്തിയിൽ പരിപൂരിതമാക്കുന്നു. അമ്മയോടൊപ്പമുള്ള ഓരോ നിമിഷവും 'ഗുരുപൂർണിമയാണ്.' ആ അറിവിന്റെ ഒരു ചെറുകിരണം ഉള്ളിൽ തെളിഞ്ഞതുകൊണ്ടായിരിക്കാം, ഓട്ടൂർ ഉണ്ണിനമ്പൂതിരിപ്പാട് അമ്മയുടെ അഷ്ടോത്തരത്തിലെ ആദ്യനാമം തന്നെ 'ഓം പൂർണബ്രഹ്മസ്വരൂപിണ്യൈ നമഃ' എന്നു കുറിച്ചത്. ആ മഹാമഹിമയും, ഗുരുതത്ത്വത്തിന്റെ സവവ്യാപകത്വവും ശിഷ്യൻ ഭക്ത്യാദരവുകളോടെ സ്മരിച്ചാരാധിക്കുന്ന ദിവസമാണു ഗുരുപൂർണിമ.
ഗുരുവാണു ശിഷ്യന്റെ ലോകം. അവന്റെ മനോബുദ്ധികൾക്കു വ്യാപരിക്കാൻ മറ്റൊരിടമില്ല. ആ ഔന്നത്യം കൈവരിച്ച ശിഷ്യന്മാർ ഒരു അപൂർവതയാണ്, ഒരദ്ഭുതമാണ്. എന്നാൽ, ആ ശ്രേഷ്ഠത കൈവരിച്ചതിനുശേഷം മാത്രം സദ്ഗുരുവിന്റെ സവിധത്തിലെത്താമെന്നു കരുതുന്നതു അബദ്ധവുമാണ്. ഉള്ളിലേക്കു തിരിയണം. ആത്മാന്വേഷണം ആരംഭിക്കണം. ''അതെപ്പോൾ തുടങ്ങണം?'' എന്നു ചോദിക്കുന്നവരോട് അമ്മ പറയും, ''ഇപ്പോൾ, ഇവിടെ, ഈ നിമിഷമാണേറ്റവും പറ്റിയ സമയം.'' സദ്ഗുരുവിനെ കണ്ടെത്തിയാൽ,പിന്നെ ഒട്ടും അമാന്തിക്കരുത്. കാരണം, മനുഷ്യജന്മത്തിൽ അതിലും ശ്രേഷ്ഠമായി മറ്റൊന്നും സംഭവിക്കാനില്ല. 'നന്മ ചെയ്യണം' എന്നൊരു തോന്നലുണ്ടായാൽ, അതു പ്രാവർത്തികമാക്കാൻ ഒട്ടും വൈകരുത്. മനസ് അസ്ഥിരമാണ്. ചിന്തകൾക്കു വായുവേഗമാണ്. ഈ നിമിഷം പൊന്തിവരുന്ന ചിന്താതരംഗങ്ങളെ അമർച്ച ചെയ്തു കളയും പിന്നിൽ വരുന്നവ. ഇരച്ചു വരുന്ന ഭാവി, വർത്തമാനത്തെ, ഭൂതകാലത്തിന്റെ വിസ്മൃതിയിലേക്കു തള്ളിമാറ്റുന്ന അന്തമില്ലാത്തൊരു പരിണാമക്രമം ഉള്ളിൽ നടക്കുന്നുണ്ട്. സ്വന്തം അസ്തിത്വം തേടിയുള്ള അന്വേഷണമാണ് ആദ്ധ്യാത്മികത. അവിടെ അവനവനെത്തന്നെയാണ് പഠനവിഷയമാക്കുന്നത്. സ്വയം അറിയുന്നതിലും ശ്രേഷ്ഠമായി ഈ ലോകത്തിൽ മറ്റൊന്നുമില്ല. അണ്ഡകടാഹത്തിന്റെ സമഗ്രസത്തയെ സ്വാംശീകരിക്കലാണത്. തപോനിഷ്ഠയിലൂടെ, മനസിനെ സ്ഫുടം ചെയ്തെടുക്കുമ്പോൾ, 'ഞാൻ തന്നെയാണീശ്വരൻ; അഖിലവും ഞാൻതന്നെ' എന്ന ബോധം അനാവരണം ചെയ്യപ്പെടുന്നു. മനോവികാരങ്ങളുടെ നിരന്തര പ്രവാഹത്തിനു വിനാശം സംഭവിക്കുന്നു. ജ്ഞാനോദയം ഉണ്ടാകുന്നതോടെ, ഇഷ്ടാനിഷ്ടങ്ങളുടെ പരിമിതികളെല്ലാം ഭേദിക്കപ്പെടുന്നു. 'അകവും പുറവും"എന്ന തോന്നൽ മാഞ്ഞുപോകുന്നു. എന്നാൽ, ''ആദ്യം ശിഷ്യനുണ്ടാകണം. എങ്കിലേ ഗുരു ഉണ്ടാകൂ""എന്ന് അമ്മ ഓർമ്മിപ്പിക്കുന്നു. ഐസക് ന്യൂട്ടൺ ഭൂഗുരുത്വബലം കണ്ടെത്തുന്നതിനു മുൻപും അതു നിലനിന്നിരുന്നു. പക്ഷേ, അതു കാണാനുള്ള ഉൾക്കാഴ്ചയും അറിയാനുള്ള സംവേദനക്ഷമതയും ആരിലുമുണ്ടായിരുന്നില്ല. അതുപോലെയാണ് സദ്ഗുരുവിന്റെ ചൈതന്യധന്യമായ സാന്നിദ്ധ്യവും. അത് അഭംഗമായൊരു നൈരന്തര്യമാണ്. കാറ്റിലും കല്ലിലും കടലിലും മരത്തിലും മരുഭൂമിയിലും ഓരോ മണൽത്തരിയിലും ആ അഖണ്ഡചൈതന്യം സന്നിവേശിച്ചിരിക്കുന്നു. ചരാചരങ്ങളെ സംയോജിപ്പിക്കുന്ന അദൃശ്യശക്തിയാണത്. അതുകൊണ്ടാണു പ്രഹ്ളാദന്റെ നിഷ്കളങ്ക ഭക്തിയുടെ മുൻപിൽ ആ അനന്തശക്തി നരസിംഹരൂപത്തിൽ അവതാരം കൊണ്ടത്. കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുൻപായി ഭഗവാൻ കൃഷ്ണന്റെ വിശ്വരൂപം ദർശിക്കാനുള്ള മഹാഭാഗ്യം അർജുനനു സിദ്ധിച്ചു. ആ അനുഗൃഹീത നിമിഷം ഒന്നു സങ്കല്പിച്ചു നോക്കൂ. '' തനിക്കൊപ്പം, തന്റെ സമനായി, സുഹൃത്തായി, ചിരിച്ചും കളിച്ചും പലതരത്തിലുള്ള സംഭാഷണങ്ങൾ പങ്കുവച്ചും ഇണങ്ങിയും പിണങ്ങിയും നടന്നിരുന്ന കൃഷ്ണനെ, അല്പം മുൻപു വരെ തേർതടത്തിൽ പാർത്ഥസാരഥിയായി നിന്ന വ്യക്തിയെ അല്ല അപ്പോൾ അർജുനൻ കണ്ടത്. ആ ധന്യമുഹൂർത്തത്തിൽ, പ്രപഞ്ചശക്തി മാനുഷരൂപം പൂണ്ടു പാർത്ഥന്റെ മുൻപിൽ ആവിർഭവിക്കുകയായിരുന്നു. ഭഗവദ്ഗീതയുടെ 11ാം അദ്ധ്യായത്തിൽ ആ മഹാദ്ഭുതത്തെപ്പറ്റി വിശദമായി വർണിക്കുന്നുണ്ട്. ''അനേക വക്ത്ര നയനം അനേകാദ്ഭുത ദർശനം...'' അനന്തമായ മുഖങ്ങളും കണ്ണുകളും.. പ്രകൃതിക്കു നാവുണ്ടായി, അസംഖ്യം നാവുകൾ, ഓരോ അണുവും ഓരോ പുൽക്കാടിയും ഒരേ സ്വരത്തിൽ അർജുനനെ അഭിസംബോധന ചെയ്തു. വിശ്വത്തിന്റെ ജിഹ്വയിലൂടെ ധർമ്മരഹസ്യം ശ്രവിക്കാൻ കിരീടിക്കു കഴിഞ്ഞു. ഈശ്വരൻ മനുഷ്യനോടു സംവദിക്കുന്നതാണു് വിശ്വരൂപദർശനം. പ്രപഞ്ചശക്തി മനുഷ്യനു നല്കുന്ന സന്ദേശമാണത്. വിശ്വഗുരു ശിഷ്യനു നൽകുന്ന ഉപദേശമാണത്. മഹാഗുരുക്കന്മാരുടെ വാക്കുകളുടെ അർത്ഥം ഗ്രഹിക്കാൻ സംസ്കൃതഭാഷാ പരിജ്ഞാനം മാത്രം പോരാതെ വരും. വാക്കുകൾക്കതീതമായി പോകണം. അവരുടെ വചനാമൃതത്തിലെ ഓരോ വാക്കും കുത്തും കോമയും അർദ്ധവിരാമവും ധ്യാനവിഷയമാണ്. എന്തെന്നാൽ, അതിലോരോന്നിലും അവരുടെ ശ്വാസത്തിന്റെ പരമപവിത്രമായ സ്പന്ദനമുണ്ട്. വാതിലടച്ച്, ജനാലകൾ ബന്ധിച്ച്, മുറിക്കുള്ളിലിരുന്നാൽ കാറ്റിന്റെ സുഖമുള്ള ശീതളിമയോ സൂര്യകിരണങ്ങളുടെ പ്രകാശദീപ്തിയോ അനുഭവവേദ്യമാകില്ല. എന്നതുപോലെ, ഗുരുവിന്റെ മഹത്ത്വമറിയാൻ, അവിടുത്തെ മാർഗനിർദ്ദേശങ്ങളും കൃപാകടാക്ഷങ്ങളും ഏറ്റുവാങ്ങാൻ ശിഷ്യൻ ഹൃദയകവാടങ്ങൾ മലർക്കെ തുറന്നിട്ടു ക്ഷമയോടെ കാത്തിരിക്കണം. അതുവെറും ബാഹ്യമായൊരു കാത്തിരുപ്പു മാത്രമല്ല. ധ്യാനത്തിന്റെ ഒരുയർന്ന മനോതലം കൂടിയാണ്. പ്രേമഭാജനത്തിനെ കാത്തിരിക്കുന്ന പ്രേമവാനെപ്പോലെ.
ഭൂഗോളത്തിന്റെ ആകർഷണശക്തിയെ പരാമർശിക്കാനാണ് 'ഗുരുത്വാകർഷണം"എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത്. ഭൂമി പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. പക്ഷേ, എല്ലാം അതിലേക്കാകർഷിക്കപ്പെടുന്നു. സദ്ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ അനുഭവപ്പെടുന്നതും ഒരുതരം 'ഗുരുത്വാകർഷണം' ആണു്; സർവഗതമായ 'ഗുരുതത്വത്തിലേക്കുള്ള' ആകർഷണം. വിവരണാതീതവും അന്യാദൃശവുമായൊരു വശ്യതയും ഹൃദ്യതയും മനോഹാരിതയുമാണത്.
ശിഷ്യന്റെ പൂർണാനുമതിയും ഹൃദയം തുറന്ന സമീപനവും ആത്മസമർപ്പണവുമില്ലാതെ ഒന്നും സംഭവിക്കില്ല. അതുകൊണ്ടാണു് ''സ്വന്തം മനസിന്റെ അനുഗ്രഹമാന്നു ഏറ്റവും പ്രധാനം'' എന്ന് അമ്മ ഓർമ്മിപ്പിക്കുന്നത്.
''ഗുരുവിന്റെ ക്ഷമയാണ് ശിഷ്യന്റെ രക്ഷ'' അമ്മയുടെ വാക്കുകളാണിത് ഗുരു ക്ഷമയുടെ മൂർത്തിയാണ്. ശിഷ്യൻ ഉള്ളു തുറക്കുന്നതിനായി ഗുരു എത്രവേണമെങ്കിലും കാത്തിരിക്കും. എന്നാൽ, ശിഷ്യനാകാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് സ്വന്തം ജീവിതത്തെക്കുറിച്ചു വ്യക്തമായൊരു ധാരണ ഉണ്ടാവണം. ലോകത്തിലുള്ള എല്ലാ ബന്ധങ്ങൾക്കും ഉപരിയാണു ഗുരുശിഷ്യബന്ധം. അതു രണ്ടു വ്യക്തികൾ തമ്മിലുള്ള സംഗമല്ല; ഒരു സംഗമം ആണ്. ജ്ഞാനി ഈശ്വരനോടു കൂടുതൽ അടുക്കുന്നു. വാസ്തവത്തിൽ, ഭഗവാനു പാണ്ഡവരോട് ഇഷ്ടവും കൗരവരോട് അനിഷ്ടവും ഉണ്ടായിരുന്നില്ല. അങ്ങനെ ധരിക്കുന്നതു തെറ്റാണ്. സദ്ഗുരുവും സമദർശിയുമായ ഭഗവാൻ ഇഷ്ടാനിഷ്ടങ്ങൾക്ക് അതീതനായിരുന്നു. ആ വിശ്വമനസിൽ ദുഷ്ടനും ശിഷ്ടനും ശത്രുവിനും മിത്രത്തിനും ഒരേ സ്ഥാനമാണുണ്ടായിരുന്നത്. ഈ അണ്ഡകടാഹത്തിന്റെ മുഴുവൻ നിലനില്പും മഹാകാശത്തിലായിരിക്കെ, അവിടെ വ്യത്യാസങ്ങൾക്കൊന്നും തെല്ലുമിടമില്ല.
പാണ്ഡവർ ശ്രീകൃഷ്ണനെ അഭയം പ്രാപിച്ചു. മഹാഭാരത യുദ്ധത്തിൽപ്പോലും നിരായുധനായ കൃഷ്ണൻ മാത്രം ഒപ്പമുണ്ടായാൽ മതിയെന്നാണവർ അപേക്ഷിച്ചത്. ഭഗവാന് ശത്രുക്കളില്ലായിരുന്നു. പക്ഷേ, കൗരവർ കൃഷ്ണനെ ശത്രുവായാണു കണ്ടത്. അതു കൃഷ്ണന്റെ കുറ്റമല്ല. കൗരവരുടെ മനസിന്റെയും മനോഭാവത്തിന്റെയും കുഴപ്പമാണ്. കൗരവരോടു താത്പര്യക്കുറവുണ്ടായിരുന്നെങ്കിൽ നിപുണന്മാരായ പത്തുലക്ഷം ഭടന്മാരടങ്ങുന്ന തന്റെ നാരായണീസേനയെ ഭഗവാൻ കൗരവപക്ഷത്തിനു വിട്ടുകൊടുക്കുമായിരുന്നോ? ലോകചരിത്രത്തിൽ എവിടെയെങ്കിലും അങ്ങനെയൊരു സംഭവം കേട്ടിട്ടുണ്ടോ?
ശരീരമുള്ളിടത്തോളം എല്ലാവരും ഈ ലോകത്തിലാണ് ജീവിക്കേണ്ടത്. സദ്ഗുരുക്കന്മാരുടെ കാര്യത്തിലും അതങ്ങനെതന്നെയാണ്. പക്ഷേ, അവരുടെ ബോധതലം സമസ്തലോകങ്ങൾക്കും അതീതമായി, സർവാതിശായിയായി വർത്തിക്കുന്നു. അയ്യായിരം വർഷങ്ങൾ മുൻപാണു ശ്രീകൃഷ്ണൻ ഈ ഭൂമുഖത്തെ ധന്യമാക്കിയത്. അമ്മയാകട്ടെ, ഇപ്പോൾ, ഈ ഭൂമിയിൽ, നമ്മോടൊപ്പം ജീവിക്കുന്നു. യുഗങ്ങളെത്ര കഴിഞ്ഞാലും സദ്ഗുരുക്കന്മാർ സ്ഥിരപ്രതിഷ്ഠരായിരിക്കുന്ന ബോധതലത്തിന്റെയും അവർ ഉച്ചരിക്കുന്ന വാക്കുകളുടെയും ഉറവിടം ഒന്നാണ്. ഏതൊരു ബോധമണ്ഡലത്തിന്റെ പരമോച്ചാവസ്ഥലായിരുന്നോ ഭഗവാൻ കൃഷ്ണൻ നിഷ്ഠനായിരുന്നത്, നിരതിശയമായ അതേ തലത്തിൽത്തന്നെയാണ് അമ്മയും വിരാജിക്കുന്നത്. അമ്മ സദ്ഗുരുവാണ്; അവതാരമാണ്. എണ്ണമറ്റ പ്രശ്നങ്ങളുടെ നടുവിൽ കിടന്നു നട്ടംതിരിയുന്ന സാമാന്യജനങ്ങളോടും ഈശ്വരപ്രാപ്തിക്കായി ജീവിതം ഉഴിഞ്ഞുവച്ച സാധകരോടുമുള്ള അതിരറ്റ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ് ആ ബോധമണ്ഡലത്തിൽനിന്നും അമ്മ ലോകത്തിലേക്കിറങ്ങി വന്നിരിക്കുന്നത്. സീമാതീതമായ കാരുണ്യം ഒന്നുമാത്രമാണ് ആ 'ഇറങ്ങി വരവിനു' കാരണമായി ചൂണ്ടിക്കാട്ടാനാകുക. മറ്റൊരു വിശദീകരണവുമില്ല. സച്ചിദാനന്ദം മനുഷ്യനായി ഭൂമിയിലേക്കിറങ്ങി വന്ന്, അമൃതഗംഗയായൊഴുകുമ്പോൾ ചിലരതിൽ നീന്തിക്കളിക്കും ചിലർ മുങ്ങി കുളിക്കും, ചിലർ കോരിക്കുടിക്കും. മറ്റു ചിലർ അതിനെ മലിനപ്പെടുത്തും. പക്ഷേ, നദി അതൊന്നും കൂട്ടാക്കാറില്ല. അതിനൊഴുകാനേ അറിയൂ. ഒഴുകിക്കൊണ്ടേയിരിക്കും. ആ അമൃതവാഹിനിയെ തടുക്കാനാർക്കും കഴിയില്ല. അനർഗളമായ ആ നീരൊഴുക്കുണ്ട്, ഇവിടെ, അമൃതപുരിയിൽ നിന്നും ലോകമെമ്പാടും നിറഞ്ഞൊഴുകുകയാണ്.
ഓം തത് സത്