honey-trap

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ജൂനിയർ ഉദ്യോഗസ്ഥരും മുതിർന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികളും ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കാൻ നേതൃത്വം നൽകിയ ശ്വേത വിജയ് ജെയ്ൻ ബി.ജെ.പി പ്രചാരകയാണെന്ന് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ശ്വേത പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ അരുണോദയ് ചൗബെ പുറത്തുവിട്ടത്. 2013ലെയും 2018ലെയും മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താര പ്രചാരകയായിരുന്നു ശ്വേതയെന്നും അരുണോദയ് ചൗബെ പറഞ്ഞു.

ശ്വേത വിജയ് ജെയിൻ യുവമോർച്ച പ്രവർത്തകയാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് തെളിവുമായി രംഗത്തെത്തിയത്. ജിതു ജിറാതി യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റായിരിക്കുന്ന സമയത്ത് ശ്വേത ജനറൽ സെക്രട്ടറിയായിരുന്നെന്നാണ് ദിഗ്‌വിജയ് സിംഗ് പറഞ്ഞത്. അതേസമയം,​ ഇക്കാര്യം നിഷേധിച്ച് ജിതു ജിറാതി രംഗത്തെത്തി. താൻ യുവമോർച്ചയുടെ പ്രസിഡന്റായിരിക്കുന്ന സമയത്ത് ശ്വേതയായിരുന്നില്ല ജനറൽ സെക്രട്ടറിയെന്ന് ജിതു മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശ്വേതയും സംഘവും ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ ചിത്രീകരിച്ച് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നഗ്ന ദൃശ്യങ്ങളും സെക്സ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും ഉൾപ്പെടെ നാലായിരത്തോളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. മെമ്മറി കാർഡുകളിൽനിന്ന് തട്ടിപ്പുസംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇതു കൂടി ലഭ്യമായാൽ ലഭിച്ച ഡിജിറ്റിൽ തെളിവുകളുടെ എണ്ണം 5000 കടന്നേക്കുമെന്നാണ് സൂചന.

ഇപ്പോൾ മറ്റൊരു സംസ്ഥാനത്ത് ഗവർണറായിരിക്കുന്ന വ്യക്തിമുതൽ മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എ.മാർ, ഉന്നത രാഷ്ട്രീയനേതാക്കൾ തുടങ്ങി വമ്പൻസ്രാവുകളെല്ലാം കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 15 വർഷം സംസ്ഥാനം ഭരിച്ച ബി.ജെ.പി. നേതാക്കൾക്കൊപ്പം ഇപ്പോഴത്തെ ഭരണകക്ഷിയായ കോൺഗ്രസിന്റെ നേതാക്കളും കെണിയിൽപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും നേതൃനിരയിലുള്ളവർ കെണിയിൽ കുടുങ്ങിയതോടെ നേതാക്കൾ പരസ്പരം പഴിചാരി രംഗത്തെത്തുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേതാ സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് ഇതുവരെ പിടിയിലായത്. ഒരു ഐ.എ.എസുകാരൻ ഉൾപ്പെട്ടിട്ടുള്ള കേസിൽ വിലപേശി നേടിയ മൂന്നുകോടിയുടെ ആദ്യ ഗഡുവായ 50 ലക്ഷം തരാമെന്നു പറഞ്ഞു വിജയ് നഗറിലെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയാണ് ആരതി, മോണിക്ക, ഡ്രൈവർ ഓം പ്രകാശ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഭീകര വിരുദ്ധ സ്കാഡിന്റെ (എ.ടി.എസ്) സഹായവും പൊലീസ് തേടി.