തിരുവനന്തപുരം: മരണത്തിന് വരെ കാരണമായേക്കാവുന്ന മാരകരോഗങ്ങളിലൊന്നാണ് ഹെപ്പറ്റൈറ്റിസ് ബി അഥവാ മഞ്ഞപ്പിത്തം. കരൾ രോഗത്തിന് കാരണമാകുന്ന ഈ വൈറസ് ചിലപ്പോൾ കരളിന്റെ അർബുദത്തിലേക്ക് നയിച്ചേക്കാമെന്നും അതിനാൽ നിർബന്ധമായും എല്ലാവരും രോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്‌ടറും എഴുത്തുകാരിയുമായ ജെ.എസ്.വീണ. രക്തദാനം ചെയ്യുന്നവരും രക്തംസ്വീകരിക്കുന്നവരും ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതരുമായി അടുത്തിടപഴകുന്നവരും നിർബന്ധമായും രോഗനിർണയം നടത്തണമെന്നും പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കണമെന്നും വീണ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ നിർദ്ദേശിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
കുറച്ച് ചോദ്യങ്ങൾ :
റോഡിൽ ആർക്കെങ്കിലും ആക്‌സിഡന്റ് പറ്റി രക്തത്തിൽ മുങ്ങി കിടക്കുമ്പോൾ സഹായിക്കാൻ മനസ്സുള്ളവരാണോ നിങ്ങൾ?
നിങ്ങൾ രക്തദാനം ചെയ്യാറുണ്ടോ?
രക്തദാനം സ്വീകരിക്കാൻ സാധ്യത ഉള്ളവർ ആണോ?
IV drug abuse ചെയ്യുന്നവർ ആണോ? (അനാരോഗ്യകരവും നിയമവിരുദ്ധവുമാണ് എന്നോർമപ്പെടുത്തുന്നു)
അപ്രതീക്ഷിതമായ ലൈംഗികബന്ധം സംഭവിക്കാൻ സാധ്യതയുള്ളവർ ആണോ നിങ്ങൾ?
ലൈംഗിക അതിക്രമങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒരു രാജ്യമാണോ നിങ്ങളുടേത്?
നിങ്ങളുടെ ഉത്തരം YES ആണെങ്കിൽ ഉറപ്പായും നിങ്ങൾ ഹെപ്പറ്റൈറ്റിസ് ബിക്കെതിരെയുള്ള വാക്‌സിൻ എടുത്തിരിക്കണം.
കരൾ രോഗത്തിന് കാരണമാകുന്ന ഈ വൈറസ് ഭാവിയിൽ ചിലപ്പോൾ കരളിന്റെ അർബുദത്തിലേക്കും നയിച്ചേക്കാം. പ്രധാനമായും രക്തത്തിലൂടെ പകരുന്ന രോഗമാണിത്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് ബി ഇൻഫെക്ഷൻ ഉള്ളത് ഇന്ത്യയിലാണ്. പ്രസവസമയത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്കുള്ള പകർച്ചയാണ് ഏറ്റവും കൂടുതൽ നടക്കുന്നത് .
വിവാഹത്തിനുമുന്നെ എന്തുകൊണ്ട് ചില മെഡിക്കൽ ടെസ്റ്റുകൾ ചെയ്യണം എന്നുള്ളതിന്റെ ഉത്തരം കൂടിയാണിത് !
ആരോഗ്യമേഖലയിൽ ഉള്ളവരും അവരോട് അടുത്ത് നിൽക്കുന്നവരും വാക്‌സിൻ എടുക്കേണ്ടതുണ്ട്. ശരീരദ്രവങ്ങളുമായി സ്ഥിരസമ്പർക്കത്തിനുള്ള ചാൻസ് മറ്റുള്ളവരെക്കാൾ ആരോഗ്യപ്രവർത്തകർക്ക് ആയതുകൊണ്ട് അവരും അവരുടെ കുടുംബാംഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
കണ്ണുകൾ കൊണ്ടു കാണാൻ കഴിയാത്ത മുറിവുകളിലൂടെയും, ശരീരസ്തരങ്ങളിലൂടെയും ഇൻഫെക്ഷൻ ഉള്ളിലെത്താം. ഉദാഹരണത്തിന് കണ്ണുകളിലോ, വായയിലോ, യോനിയിലൂടെയോ, മലദ്വാരത്തിലോ കൂടെ അണുബാധ പടരാം.
കോണ്ടം ഉപയോഗിക്കാതെയും ആവശ്യത്തിന് ലൂബ്രിക്കന്റ് ഉപയോഗിക്കാതെയും Anal sex ചെയ്യുന്നവരിൽ ഈ രോഗം പടരാൻ എളുപ്പമാണ്. ഉപരിതലത്തിൽ മാത്രം വരുന്ന കുഞ്ഞുകുഞ്ഞു മുറിവുകളാണ് ഇതിനു കാരണം. പ്രകൃത്യാലുള്ള ലൂബ്രിക്കേഷൻ യോനിയെ അപേക്ഷിച്ചു മലദ്വാരത്തിനു വളരെ കുറവായതിനാലും മലദ്വാരപേശികൾ കൂടുതൽ tight ആയതിനാലും ലൈംഗികബന്ധത്തിൽ മുറിവേൽക്കാനുള്ള സാധ്യത മലദ്വാരത്തിനാണ് കൂടുതൽ. അതുകൊണ്ടാണ് അണുബാധക്കുള്ള ചാൻസ് കൂടുന്നത്.
അതായത്, ഹെപ്പറ്റൈറ്റിസ് ബി ഒരു ലൈംഗികജന്യരോഗം കൂടെയാണ്. ഏതെങ്കിലും ഒരു sexually transmitted illness ഉള്ളത് HIV പകരാനുള്ള സാധ്യതയെ വർധിപ്പിക്കുന്നു.
അപ്രതീക്ഷിതമായി sex നടക്കുമ്പോൾ safe sex നടക്കാനുള്ള സാധ്യത കുറവാണ്. ഇൻഫെക്ടിവ് സ്റ്റേജിൽ യോനീസ്രവത്തിലും ശുക്ലത്തിലും ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ സാന്നിധ്യം ഉണ്ട്. രോഗം പരത്തുന്ന അവസ്ഥയിലുള്ള (infective) ആളിന്റെ ഉമിനീരിലും വിയർപ്പിലും കണ്ണുനീരിലും വരെ വൈറസ് ഉണ്ടാകും. എന്നിട്ടും ഇവിടെ premarital medical tests ഇല്ലാ എന്നത് ആശ്ചര്യകരം തന്നെ !
ഒരാൾക്ക് ഹെപ്പറ്റൈറ്റിസ് ബി ഉണ്ടെങ്കിൽ അയാളുടെ ശരീരവുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് വൈറസ് എത്താനുള്ള സാധ്യത കൂടുതലാണ്. കളിക്കളങ്ങൾ പോലും സുരക്ഷിതമല്ലെന്ന് സാരം.
Routine Immunization Programൽ ഈ വാക്‌സിൻ കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. നിർബന്ധമായും എല്ലാവരും വാക്‌സിൻ എടുക്കുക.
എടുക്കാത്തവർ ഇന്ന് തന്നെ അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിൽ പോയി വാക്‌സിൻ എടുക്കാൻ തുടങ്ങുക. വെറും മൂന്ന് ഡോസ് വാക്‌സിൻ നിങ്ങളെ പത്തുവർഷത്തോളം സുരക്ഷിതരാക്കുന്നു. ചിലപ്പോൾ അതിൽകൂടുതൽ. എല്ലാ ബുധനാഴ്ചകളിലും ഗവണ്മെന്റ് ആശുപത്രികളിൽ രോഗപ്രതിരോധകുത്തിവെപ്പിനുള്ള ക്ലിനിക് ഉണ്ടാവുന്നതാണ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ കൂടുതൽ സൂക്ഷിക്കുക. Waste കൈകാര്യം ചെയ്യുന്നവരും ശ്രദ്ധിക്കുക. രക്തം കലർന്ന സാനിറ്ററി പാഡുകൾ കൈകാര്യം ചെയ്യുമ്പോൾ gloves ഉപയോഗിക്കുക . പാഡുകൾ കടലാസ്സിൽ പൊതിഞ്ഞു, കൃത്യമായി dispose ചെയ്യാൻ ആർത്തവിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്.
അഞ്ചുവർഷം കൂടുമ്പോൾ ലാബുകളിൽ ചെന്ന് titre പരിശോധിക്കുക. Titre 100ൽ താഴുമ്പോൾ വീണ്ടും നിശ്ചിതഡോസ് വാക്‌സിൻ എടുക്കുക.
എല്ലാവരും നിർബന്ധമായും എടുക്കേണ്ട വാക്‌സിൻ ആണിതെന്നോർക്കുക.
റേപ്പ് ഉൾപ്പെടെയുള്ള അപ്രതീക്ഷിതലൈംഗികപ്രക്രിയകൾക്കു വിധേയരാകുന്നവർ തീർച്ചയായും ആരോഗ്യപ്രവർത്തകരെ സമീപിച്ചു HIVക്കെതിരെയുള്ള 28 ദിവസത്തെ postexposure prophylaxis മരുന്ന് എടുക്കുക. നിർദിഷ്ടടെസ്റ്റുകൾ ചെയ്യുക. Hep B വാക്‌സിൻ എടുക്കുക. സ്ത്രീശരീരമുള്ളവർ HPV vaccine എടുക്കുന്നത് പരിഗണിക്കുക. ആദ്യലൈംഗികപ്രക്രിയക്ക് മുന്നേ HPV എടുക്കുന്നത് കൂടുതൽ നല്ലത്. HPV ആണ് ഗർഭാശയഗളഅർബുദത്തിന്റെ കാരണം. (Link, കമന്റ് ബോക്സിൽ).
NB: 1.അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ, നമ്മളെ സുരക്ഷിതരാക്കിയശേഷം ഇത് തുടരുക. രക്തത്തിൽ കുളിച്ചുകിടക്കുന്നവരെ സഹായിക്കുന്നവർ ഏതെങ്കിലും രീതിയിലുള്ള barrier ഉപയോഗിക്കുക. Hepatitis C മറ്റൊരപകടമാണ് ! Vaccine available അല്ലാ.
ഇനി ഇതൊക്കെ നോക്കിവേണോ ആളെ രക്ഷിക്കാൻ എന്നുള്ള മാരകസംശയം ഉന്നയിക്കുന്നവരോട് പറയാനുള്ളതിതാണ്.
രക്ഷിക്കാൻ പോകുന്നയാൾക്കു ഇൻഫെക്ടിവ് സ്റ്റേജിലുള്ള ഹെപ്പറ്റൈറ്റിസ് ബി ഉണ്ടെന്നു കരുതുക. അയാളുടെ വിയർപ്പോ മറ്റു ശരീരസ്രവങ്ങളോ അപകടത്തിൽപ്പെട്ട ആളിന്റെ മുറിവിൽ ആയാൽ ഇൻഫെക്ഷൻ ഉണ്ടാവുമെന്നോർക്കുക. അയാളുടെ ഉറ്റവർക്കും ഉടയവർക്കും ഇൻഫെക്ഷൻ ഏൽക്കാനുള്ള സാഹചര്യം ഉണ്ടാവുമെന്നോർക്കുക.
2. Hepatitis B, C പിടിപെട്ടവർ വിവാഹത്തിന് മുൻപ്/ ലൈംഗികബന്ധത്തിന് മുൻപ് പങ്കാളിയെ അതറിയിക്കുവാനുള്ള മാന്യത കാണിക്കുക. പലരും ഇത് ചെയ്യാറില്ല. അതുകൊണ്ടുതന്നെ, ഒരു സ്റ്റേറ്റ് involved premarital medical check up service തുടങ്ങേണ്ടത് അനിവാര്യമാണ്.
3. അണുബാധയുള്ളവർ വീട്ടുകാരെ അറിയിക്കുക. പ്രത്യേകിച്ച് അടുത്തിടപഴകുന്നവരെ. എല്ലാവരും vaccine എടുക്കുക. സുരക്ഷിതരാവുക.
4. രോഗം പിടിപെട്ടാൽ ഉറപ്പായും ഡോക്ടറെ സമീപിക്കുക. ഭൂരിഭാഗം പേരിലും infective stage കഴിയുകയുകയും viral clearance നടക്കുകയും ചെയ്യും. ചിലർക്ക് അത് മരണത്തിലേക്കെത്തുന്ന കരൾരോഗമാകുന്നു. ചില ആളുകളിൽ ഇത് ഒരുപാടു വർഷങ്ങളോളം തുടരുന്നു. അവരിൽ ചിലർ ചില സാഹചര്യങ്ങളിൽ ഇൻഫെക്ടിവ് ആവുന്നു. Follow up ചെയ്യൽ വളരെ പ്രാധാന്യമർഹിക്കുന്നു.