piravam

കൊച്ചി: തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ പ്രധാനഗേറ്റിന്റെ പൂട്ട് പൊലീസും ഫയർഫോഴ്സും ചേർന്ന് പൊളിച്ചു. പിറവം പള്ളിയിലും പരിസരത്തുമായി യാക്കോബായ വിഭാഗക്കാരെ ഇന്ന് തന്നെ പൂർണമായും ഒഴിപ്പിച്ച ശേഷം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയതിനെ തുടർന്നാണിത്.

പള്ളിയുടെ പരിസരത്ത് തമ്പടിച്ചിരിയ്ക്കുന്നവരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇവരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതിന് ശേഷം ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി പറഞ്ഞിരുക്കുന്നത്. വൈദികരടക്കം 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് രണ്ട് മാസം നീണ്ട നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. തർക്കം നിലനിൽക്കുന്ന പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

സുപ്രീം കോടതി വിധി നടപ്പാക്കാതെ പിന്മാറില്ലെന്ന് ഓർത്തഡോക്‌സ് സഭയും എന്ത് സംഭവിച്ചാലും പള്ളി വിട്ടുനൽകില്ലെന്ന് യാക്കോബായ വിഭാഗവും നിലപാട് കടുപ്പിച്ചതോടെ പിറവം രാജാധിരാജ സെന്റ്‌ മേരിസ് പള്ളി പരിസരം രണ്ടാം ദിവസവും സംഘർഷമുഖത്ത് തന്നെയാണ്. നിരോധനാജ്ഞ നിലനിൽക്കെയാണ് ഇരുവിഭാഗവും തർക്ക വിഷയത്തിൽ ഒരടിപോലും പിന്നോട്ടില്ലെന്നുറച്ച് പള്ളിക്കുള്ളിലും പുറത്തും നിലയുറപ്പിച്ചിരിക്കുന്നത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. 200 അംഗ ഓർത്തഡോക്‌സ് വിശ്വാസികൾ ഇന്നലെ രാവിലെ ആരാധനയ്ക്കെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. 500ഓളം വരുന്ന യാക്കോബായക്കാർ തലേന്ന് വിശ്വാസികൾ പള്ളയ്ക്കകത്ത് കയറിയിരുന്നു. തുടർന്ന് ഫാ.സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള വികാരിമാർ അടങ്ങുന്ന ഓർത്തഡോക്‌സ് വിഭാഗക്കാർ റോഡിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാതിരിക്കാൻ യാക്കോബായ വിശ്വാസികൾ പള്ളി പൂട്ടി ഉള്ളിലിരുന്ന് രാവിലെ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി.