mohanlal

മലയാള സിനിമയിൽ താൻ ഏറെ സ്നേഹിക്കുന്ന മഹാനടൻ മോഹൻലാൽ ചേർത്തുപിടിച്ചപ്പോൾ ഇ.ഗോപാലകൃഷ്ണൻ നായരെന്ന ഫിലിം ഓപറേറ്റർ സാക്ഷാത്കരിച്ചത് സ്വപ്‌നസാഫല്യം. ഗോപാലകൃഷ്ണന്റെ വലിയ സ്വപ്നമായിരുന്നു മോഹൻലാലിനെ നേരിൽ കാണണം എന്നത്. 51 വർഷമായി ഫിലിം ഓപറേറ്ററായി ജോലി ചെയ്യുകയാണ് ആലപ്പുഴ ചേർത്തല കുത്തിയതോട് ഗോപാലകൃഷ്ണൻ.

മോഹൻലാൽ നായകനായ ‘ചിത്രം’ എന്ന സൂപ്പർ ഹിറ്റ് സിനിമ ഒരു വർഷത്തിലധികം എറണാകുളം ‘ഷേണായീസി’ൽ ഓടിച്ച ഗോപാലകൃഷ്ണന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും ’ ചിത്രം’ തന്നെ. സംവിധായകൻ ബി. ഉണ്ണികൃഷ്ണനാണ് ഇടപ്പള്ളിയിലെ ഷൂട്ടിംഗ് സൈറ്റിൽ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. എറണാകുളം സരിത തിയറ്ററിൽ ജോലി ചെയ്യുന്ന ഗോപാലകൃഷ്ണൻ നായർ, തന്റെ ഇഷ്ടതാരം മോഹൻലാലാണെന്നും തൊട്ടടുത്തു നിന്നു കാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു.

ഗോപാലകൃഷ്ണന്റെ വീട്ടുവിശേഷങ്ങൾ മോഹൻലാൽ ചോദിച്ചറിഞ്ഞു. ഒരു വർഷത്തോളം ‘ചിത്രം’ എന്ന സിനിമ ഓടിച്ചതിനെക്കുറിച്ചും പ്രായമായിട്ടും ജോലി ചെയ്യുന്നതിനെപ്പറ്റിയുമൊക്കെ മോഹൻലാൽ അന്വേഷിച്ചതായി ഗോപാലകൃഷ്ണൻ പറഞ്ഞു.അര മണിക്കൂറോളം ഒരുമിച്ചുണ്ടായിരുന്നു. കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോയെടുത്തതായും അദ്ദേഹം പറഞ്ഞു.