ദുബായ്:ബഹിരാകാശ ഗവേഷണത്തിൽ ചരിത്രം കുറിച്ച് യു.എ.ഇ ആദ്യ ബഹിരാകാശ യാത്രികനെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചു.
യു.എ.ഇയുടെ ഹസ അൽ മൻസൂരി ഉൾപ്പെട്ട സംഘം റഷ്യയുടെ സോയൂസ് എം.എസ്. 15 റോക്കറ്റിൽ ബുധനാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7.27നാണ് കസാഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് യാത്ര ആരംഭിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി.ഇതോടെ ബഹിരാകാശത്ത് സാന്നിദ്ധ്യമറിയിക്കുന്ന പത്തൊമ്പതാം രാജ്യമായി യു.എ.ഇ.
ബഹിരാകാശ നിലയത്തിലേക്ക് ഖുറാൻ, പട്ടിൽ നിർമ്മിച്ച യു.എ.ഇ. ദേശീയ പതാക, രാഷ്ട്രനേതാക്കളുടെ ചിത്രങ്ങൾ, ദുബായ് ഭരണാധികാരിയുടെ ആത്മകഥ, സ്വദേശി ഭക്ഷണങ്ങൾ, കുടുംബചിത്രം, ഗാഫ് മരത്തിന്റെ 30 വിത്തുകൾ എന്നിവയും ഹസ കൊണ്ടു പോയിട്ടുണ്ട്.
പത്ത് ദിവസത്തെ ദൗത്യത്തിൽ ഹസ അൽ മൻസൂരി 16 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. ഭൂമിയിലുള്ള കാഴ്ചക്കാൾക്കായി അറബിയിലുള്ള വിവരണങ്ങളും അദ്ദേഹം നൽകും. 14 വർഷമായി സൈനിക പൈലറ്റാണ് ഹസ അൽ മൻസൂരി. വിവരസാങ്കേതികവിദ്യ വിദഗ്ദ്ധനുമാണ്. ലക്ഷ്യം പൂർത്തിയാക്കി ഒക്ടോബർ നാലിനാണ് ഐ.എസ്.എസിൽ നിന്നുള്ള ഹസയുടെയും സംഘത്തിന്റെയും മടക്കയാത്ര.
രണ്ടായിരം കോടി ദിർഹത്തിന്റേതാണ് ( 38,000 കോടി രൂപ ) യു.എ.ഇ ബഹിരാകാശ പദ്ധതി. 2017-ലാണ് ബഹിരാകാശ മനുഷ്യ ദൗത്യം പ്രഖ്യാപിച്ചത്.