khashoggi

റിയാദ്: മാദ്ധ്യമ പ്രവർത്തകനായിരുന്ന ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയത് തന്റെ അറിവോടെയാണെന്ന് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ സമ്മതിച്ചതായി അദ്ദേഹത്തെ പറ്റിയുള്ള ഒരു ഡോക്യുമെന്ററിയിൽ പറയുന്നു. സംവിധായകൻ മാർട്ടിൻ സ്‌മിത്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഡോക്യുമെന്ററിക്ക് വേണ്ടി താൻ രാജകുമാരനെ കാമറ ഇല്ലാതെ ഇന്റർവ്യൂ ചെയ്‌തപ്പോഴാണ് ഇക്കാര്യം അദ്ദേഹം സമ്മതിച്ചതെന്നും സ്‌മിത്ത് പറയുന്നു.

അമേരിക്കൻ ടെലിവിഷൻ ചാനലായ പി.ബി.എസ് (പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സർവീസ്) ഒക്ടോബർ 1ന് സംപ്രേഷണം ചെയ്യുന്ന 'ദ ക്രൗൺ പ്രിൻസ് ഒഫ് സൗദി അറേബ്യ' എന്ന ‌ഡോക്യുമെന്ററിയിലാണ് വിവാദമാകാവുന്ന വെളിപ്പെടുത്തൽ.

'ഖഷോഗിയുടെ കൊലപാതകം എന്റെ മേൽനോട്ടത്തിലാണ് നടന്നത്. അതിന്റെ ഉത്തരവാദിത്വം എനിക്കാണ്' എന്ന് രാജകുമാരൻ തന്നോട് പറഞ്ഞതായി മാർട്ടിൻ സ്‌മിത്ത് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയുടെ പ്രിവ്യൂവിന് ശേഷമാണ് ഇങ്ങനെയൊരു റിപ്പോർട്ട് വന്നത്.

ഖഷോഗി വധത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത്.

സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനും അമേരിക്കൻ പത്രമായ വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റും ആയിരുന്ന ജമാൽ ഖഷോഗിയെ കഴിഞ്ഞ വർഷം ഒക്‌ടോബർ 2നാണ് തുർക്കി തലസ്ഥാനമായ ഇസ്‌താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് സൗദി ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശരീരം

വെട്ടിനുറുക്കി നശിപ്പിച്ചതായാണ് റിപ്പോർട്ട്. ഭൗതികാവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.

സൗദി രാജകുമാരന്റെ ഉത്തരവനുസരിച്ചാണ് കൊലപാതകം നടന്നതെന്ന് സി.ഐ.എയും പാശ്‌ചാത്യ ഭരണകൂടങ്ങളും ആരോപിച്ചിരുന്നു. അത് ആഗോള തലത്തിൽ വലിയ വിവാദമായിരുന്നു. എന്നാൽ രാജകുമാരന് കൊലയുമായി ഒരു ബന്ധവും ഇല്ലെന്നാണ് സൗദി ഭരണകൂടത്തിന്റെ നിലപാട്.

ആദ്യത്തെ നിഷേധങ്ങൾക്ക് ശേഷം, തങ്ങളുടെ ഓഫീസർമാരാണ് ഖഷോഗിയെ കൊന്നതെന്ന് സൗദി ഭരണകൂടത്തിന് സമ്മതിക്കേണ്ടി വന്നിരുന്നു. പതിനൊന്ന് സൗദി ഉദ്യോഗസ്ഥരെ കേസിൽ പ്രതിയാക്കിയിട്ടുണ്ട്.