navy

ന്യൂഡൽഹി: പാകിസ്ഥാന്റെ സെെനിക അഭ്യാസം നിരീക്ഷിക്കാൻ പശ്ചിമതീരത്ത് ഇന്ത്യ യുദ്ധക്കപ്പലുകൾ വിന്യസിച്ചു. മിസൈലുകളും റോക്കറ്റുകളും പ്രയോഗിച്ചുള്ള സൈനിക അഭ്യാസത്തിനാണ് പാകിസ്ഥാൻ അറേബ്യൻ സമുദ്രത്തിൽ തയ്യാറെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് യുദ്ധകപ്പലുകൾ, മുങ്ങികപ്പലുകൾ എന്നിവയുമായി അതിർത്തിയിലെത്തി പാകിസ്ഥാന്റെ അഭ്യാസം നിരീക്ഷിക്കാൻ ഇന്ത്യ തീരുമാനിച്ചത്. നാവികസേനയുടെ പട്രോളിംഗ് വിമാനങ്ങളും നിരീക്ഷണത്തിന് ഉപയോഗിക്കും. ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് നാവികസേന വൃത്തങ്ങൾ പറഞ്ഞു.

ഇതുസംബന്ധിച്ച് പശ്ചിമ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യാ - പാക് ഏറ്റുമുട്ടൽ നാളെ നടക്കാനിരിക്കെയാണ് പശ്ചിമതീരത്തെ ഈ സേനാവിന്യാസം. ന്യൂയോർക്കിൽ നടന്ന ഷാങ്കായി സഹകരണ സംഘടനാ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യസഹമന്ത്രി വി മുരളീധരനും പാകിസ്ഥാനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഭീകര സംഘടനകൾക്ക് പണം നൽകുകയും പ്രോത്സാഹിപ്പിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പാകിസ്ഥാൻ ഭീകരതയെ കെെകാര്യം ചെയ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കറിയാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ഹൗഡി മോദി പരിപാടിക്കിടെ വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്ര സംഘടന പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്കുശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തി കടന്നുള്ള ഭീകരതയെ കുറിച്ച് പാകിസ്ഥാന് ഇനി ഒരു സന്ദേശവും നൽകേണ്ടതില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

മോദി പാക്കിസ്ഥാന് ശക്തവും വ്യക്തവുമായ സന്ദേശം നൽകിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യ–പാക്ക് ബന്ധം മെച്ചപ്പെടുത്താൻ മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഒരുമിച്ചു പ്രവർത്തിച്ചു പരിഹാര മാർഗം കണ്ടെത്തുമെന്നും യു.എസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഇറാനാണ് ഭീകരത കയറ്റി അയയ്ക്കുന്നതിൽ ഒന്നാമതുള്ളതെന്നും ട്രംപ് പറഞ്ഞു. ഭീകരസംഘടനയായ അൽഖ്വയ്ദയ്‌ക്ക് പാകിസ്ഥാൻ പട്ടാളം പരിശീലനം നൽകിയിരുന്നെന്ന പാക് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ചും ട്രംപ് വിശദീകരിച്ചു.