k-surendran

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നിന്നോ കോന്നിയിൽ നിന്നോ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്ന് ചേർന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തിൽ സുരേന്ദ്രൻ മത്സരിക്കണമെന്ന ആവശ്യം നിരവധി നേതാക്കൾ ഉന്നയിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. ഇക്കാര്യം അറിയിച്ചതിന് ശേഷം യോഗം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സുരേന്ദ്രൻ മടങ്ങിയതായും വിവരമുണ്ട്.

അതേസമയം, പാർട്ടിക്ക് വിജയസാധ്യത കൽപ്പിക്കുന്ന മൂന്ന് മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ബി.ജെ.പി നേതൃത്വം. വട്ടിയൂർകാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയിലെ ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. കൂടാതെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ഇക്കാര്യവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് കുമ്മനം രാജശേഖരൻ അറിയിച്ചതോടെ പാർട്ടി കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. അതേസമയം,​ കുമ്മനത്തെ ആർ.എസ്.എസ് വഴി അനുനയിച്ച് രംഗത്തിറക്കാനും നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണയായി കോൺഗ്രസിലെ കെ. മുരളീധരനാണ് മണ്ഡലത്തിൽ വിജയിച്ചത്. വാശിയേറിയ ത്രികോണ മത്സരത്തിൽ കുമ്മനം രാജശേഖരനെ 7,622 വോട്ടിന് പരാജയപ്പെടുത്തിയാണ് കെ. മുരളീധരൻ വട്ടിയൂർക്കാവിൽ രണ്ടാം തവണ വിജയം തേടുന്നത്. ഇത്തവണ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ ഇടതുപക്ഷം ശ്രമിക്കുമ്പോൾ അതേനാണയത്തിൽ തന്നെ തിരിച്ചടിക്കാൻ നല്ലൊരു സ്ഥാനാർത്ഥിയെ ഇവിടെ വേണമെന്നാണ് ബി.ജെ.പിയിലെ ആവശ്യം.

ഭാഷാന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മഞ്ചേശ്വരത്ത് എല്ലാവർക്കും സ്വീകാര്യനായ ഒരാളെ സ്ഥാനാർത്ഥിയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മണ്ഡലത്തിൽ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. എന്നാൽ കോൺഗ്രസ് നേതാവും മുൻ എം.പി ഐ.രാമറൈയുടെ മകനുമായ കുമ്പളയിലെ എം.സുബ്ബയ്യ റായിയെ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാക്കാനുള്ള ബി.ജെ.പിയുടെ ശ്രമവും തുടരുകയാണ്. അതേസമയം സുബയ്യ റായിയെ ആർക്കും വിട്ടുകൊടുക്കാതിരിക്കാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനവുമായി ആദ്യം ബി.ജെ.പി നിയോഗിച്ച ദൂതന്മാരും പിന്നീട് പ്രാദേശിക ബി.ജെ.പി നേതാക്കളും അദ്ദേഹത്തെ കാണുകയായിരുന്നു. എന്നാൽ, ബി.ജെ.പിയോ സുബ്ബയ്യ റായിയോ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഞാൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകൻ തന്നെയാണെന്നുമാണ് സുബ്ബയ്യ റായി പറയുന്നത്. ഇദ്ദേഹത്തിന്റെ തട്ടകമായ മംഗളൂരു കേന്ദ്രീകരിച്ചും ചർച്ചകൾ നടക്കുന്നുവെന്ന് സൂചനയുണ്ട്. കർണാടക ബി.ജെ.പി പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ തന്നെ ഇതിന് നേതൃത്വം നൽകുന്നതായാണ് അറിയുന്നത്.