മഥുര: നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയത് കാരണം തിരക്കേറിയ റോഡിൽ സ്വന്തം കാർ കത്തിച്ചും ആകാശത്തേക്ക് നിറയൊഴിക്കും പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ മഥുരയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഇയാളുടെ പരാക്രമം കാരണം മണിക്കൂറുകളോളം റോഡ് ഗതാഗതം സ്തംഭിക്കുകയും സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന പെൺസുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഉപയോഗിച്ച തോക്ക് കൈവശം വച്ചതിനാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവിടുത്തെ റിഫൈനറി പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ശുഭം ചൗധരി എന്ന യുവാവാണ് സ്ഥലത്ത് പ്രശ്നനങ്ങൾ സൃഷ്ടിച്ചത്. സംഭവസമയത്ത് അഴിമതിയെക്കുറിച്ചും മറ്റും ശുഭം പരാതിപ്പെട്ടതായും ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ ഇടയ്ക്കിടയ്ക്ക് മാറ്റം വരുത്തുന്നത് തുടർന്നുള്ള അന്വേഷണത്തെ ബാധിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന യുവതി തന്റെ ഭാര്യ ആണെന്നും, ബിസിനസ് പാർട്ണറാണെന്നും സഹോദരിയാണെന്നും ഇയാൾ മാറ്റി മാറ്റി പറയുന്നുണ്ട്.
പ്രതിയുടെ മാനസികാരോഗ്യത്തെ കുറിച്ച് പൊലീസിന് സംശയമുണ്ട്. തോക്ക് ഇയാളുടെ കൈവശം എങ്ങനെ എത്തി എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. കൂടെ ഉണ്ടായിരുന്ന യുവതിയുമായുള്ള ബന്ധം കാരണം ഏതാനും നാളുകൾക്ക് മുൻപ് ഇയാളുടെ വിവാഹം മുടങ്ങിയിരുന്നു. ഇതുകാരണം ഇയാൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.