തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായതിന്റെ അടിസ്ഥാനത്തിൽ നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും ദുരന്ത നിവാരണ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വടകരയിൽ 10 , കോന്നിയിൽ 7, ആലപ്പുഴയിലും നെടുമ്പശേരിയിലും ആറ് സെന്റിമീറ്റർ വീതവും മഴ രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും വ്യാപകമായി മഴ ലഭിക്കും. ഒറ്റപ്പെട്ട കനത്തമഴക്കും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
മലയോര മേഖലയിൽ താമസിക്കുന്നവരും ജലാശയങ്ങളുടെ തീരത്തുള്ളവരും ശ്രദ്ധിക്കണം. തീരത്ത് കടൽ പ്രക്ഷുബ്‌ധമാണെങ്കിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. വരുന്ന മൂന്ന് ദിവസം കൂടി കാലവർഷം സജീവമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ലഭിക്കേണ്ടതിനെക്കാൾ 13 ശതമാനം അധികം മഴകിട്ടിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. 2003 മില്ലീ മീറ്റർ കിട്ടേണ്ട കാലയളവിൽ 2263 മില്ലീമീറ്റർ മഴ പെയ്തു. ഏറ്റവും കൂടുതൽ മഴകിട്ടിയത് പാലക്കാട് ജില്ലയിലാണ് 41 ശതമാനം അധികം. കോഴിക്കോട് 36, കണ്ണൂരും മലപ്പുറത്തും 20 ശതമാനം വീതവും മഴ അധികമാണ്. വയനടും ഇടുക്കിയിലും ഒഴികെ എല്ലാ ജില്ലകളിലും അധികം മഴലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ 10 ശതമാനം, വയനാട് 5 ശതമാനം മഴ കുറവാണ്. സാധാരണ സെപ്‌തംബർ അവസാനത്തോടെ കാലവർഷം പിൻവാങ്ങേണ്ടതാണെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ മഴ തുടരുകയാണ്. വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.