ഇസ്ലാമാബാദ്: മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്കറെ തയ്ബ തലവൻ ഹാഫിസ് സയീദിന് 'കുടുംബച്ചെലവ്" നോക്കാനായി തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പ്രതിമാസം പണം പിൻവലിക്കാൻ യു.എൻ സുരക്ഷാസമിതിയുടെ തീവ്രവാദ വിരുദ്ധ കമ്മിറ്റിയുടെ അനുമതി. പാകിസ്ഥാൻ നൽകിയ അപേക്ഷയിലാണ് നടപടി. സയീദിന്റെ നാലംഗ കുടുംബത്തിന്റെ ഭക്ഷണം, വെള്ളം, വസ്ത്രം എന്നിവയുൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നതു ഹാഫിസ് സയീദാണെന്നു കാട്ടിയാണ് 1,50,000 പാകിസ്ഥാൻ കറൻസി (68,132.33 ഇന്ത്യൻ രൂപ) പിൻവലിക്കാൻ ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതിയോട് പാകിസ്ഥാൻ അനുമതി തേടിയത്.
അപേക്ഷയിൽ എതിർപ്പ് ഉയരാത്ത സാഹചര്യത്തിലാണ് പണം പിൻവലിക്കാൻ അനുമതി നൽകിയതെന്ന് ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി അറിയിച്ചു. എതിർപ്പുണ്ടെങ്കിൽ അറിയിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 15 ആയിരുന്നു. എന്നാൽ എതിർപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ അപേക്ഷ അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് സെക്രട്ടേറിയറ്റിനു നിർദ്ദേശം നൽകിയെന്നും രക്ഷാസമിതി അറിയിച്ചു. ഹാഫിസ് സയീദിനെ കൂടാതെ ഹാജി മുഹമ്മദ് അഷറഫ്, സഫർ ഇക്ബാൽ എന്നിവർക്കും പണം പിൻവലിക്കാൻ അനുമതിയുണ്ട്. 1267 അംഗ കമ്മിറ്റിയാണ് അനുമതി നൽകിയത്.
2008 ലെ മുംബയ് ഭീകരാക്രമണത്തെ തുടർന്നാണ് ഹാഫിസ് സയീദിനെ ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി നിരോധിച്ചത്. 166 പേർ കൊല്ലപ്പെട്ട മുംബയ് ഭീകരാക്രമണം നടത്തിയത് ജമാഅത് ഉദ്ദവയുടെ ഭാഗമായ ലഷ്കറെ തയ്ബയായിരുന്നു.
'പാക് പൗരൻ ഹാഫിസ്" നൽകിയ അപേക്ഷ
ലഹോറിലെ എൻജിനിയറിംഗ് ആൻഡ് ടെക്നോളജി സർവകലാശാലയിൽ 1974 മുതൽ 1999 വരെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കിയിരുന്ന പാക് പൗരൻ ഹാഫിസ് സയീദ് നൽകിയ അപേക്ഷ എന്നു ചൂണ്ടിക്കാട്ടിയാണ് രക്ഷാസമിതിക്ക് പാകിസ്ഥാൻ കത്ത് നൽകിയത്. അദ്ധ്യാപകൻ എന്ന നിലയിൽ 25 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും പെൻഷനായി 45,700 പാകിസ്ഥാൻ രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരുന്നതായും കത്തിൽ പറയുന്നു. യു.എൻ രക്ഷാസമിതിയുടെ 1267- ാം പ്രമേയത്തെ തുടർന്നാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതെന്നും കത്തിൽ പറയുന്നു.