കൊച്ചി: എസ്.ബി.ഐ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച പുതിയ ഭവന വായ്‌പകൾ അവതരിപ്പിച്ചു. നിലവിൽ 5.4 ശതമാനമാണ് റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക്. ഇതോടൊപ്പം എസ്.ബി.ഐ 2.65 ശതമാനം നിരക്ക് കൂടി ഈടാക്കും. റിപ്പോയും ഈ നിരക്കും കൂടിച്ചേരുന്നതാണ് എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് നിരക്ക് (ഇ.ബി.ആർ). പുറമേ 0.15 ശതമാനം പ്രീമീയം നിരക്കു കൂടിച്ചേർത്ത്, 30 ലക്ഷം രൂപവരെയുള്ള ഭവന വായ്പയ്ക്ക് 8.20 ശതമാനമാണ് പുതിയ പലിശനിരക്ക്. ഒക്‌ടോബർ ഒന്നിന് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
30 ലക്ഷത്തിനുമേൽ 75 ലക്ഷം രൂപവരെയുള്ള ഭവന വായ്പയ്ക്ക് 0.40 ശതമാനമാണ് പ്രീമീയം നിരക്ക്. അതായത്, ഇ.ബി.ആറും കൂട്ടിച്ചേർത്ത് പലിശനിരക്ക് 8.45 ശതമാനം. 75 ലക്ഷം രൂപയ്‌ക്കുമേലുള്ള ഭവന വായ്‌പയ്ക്ക് പ്രീമിയം നിരക്ക് 0.50 ശതമാനം. പലിശനിരക്ക് 8.55 ശതമാനം. സ്‌ത്രീകൾക്ക് ഓരോ വിഭാഗത്തിലും പലിശനിരക്കിൽ 0.05 ശതമാനം ഇളവുണ്ട്.
വായ്‌പാ ഉപഭോക്താവ് ശമ്പളാടിസ്ഥാനത്തിലല്ല ജോലി ചെയ്യുന്നതെങ്കിൽ (നോൺ-സാലറീഡ് കസ്‌റ്റമർ) പലിശനിരക്കിൽ 0.15 ശതമാനം വർദ്ധന കൂടിയുണ്ടാകും. 30 ലക്ഷം വരെയുള്ള വായ്‌പയ്ക്ക്, മൊത്തം വായ്‌പയുടെ 80 ശതമാനത്തിന് മുകളിൽ 89 ശതമാനം വരെ വാങ്ങുന്ന ഇടപാടുകാരൻ 0.10 ശതമാനം അധിക പലിശയും നൽകണം. ഭവന വായ്‌പയ്ക്ക് പുറമേ പുതിയ റീട്ടെയിൽ എം.എസ്.എം.ഇ വായ്‌പകളും ഒക്‌ടോബർ ഒന്നുമുതൽ എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർക്കുമായി ബന്ധിപ്പിക്കുമെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിരുന്നു.
എല്ലാ ബാങ്കുകളും സ്‌മോൾ ഫിനാൻസ് ബാങ്കുകളും ഭവന, വാഹന, വ്യക്തഗത വായ്‌പകൾ (ഫ്ളോട്ടിംഗ് റേറ്റുകൾ) നിർബന്ധമായും ഒക്‌ടോബർ ഒന്നുമുതൽ എക്‌സ്‌റ്റേണൽ ബെഞ്ചുമാർക്കുമായി ബന്ധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു.
പുതിയ നിരക്കുകൾ
(ഭവന വായ്‌പ)
₹30 ലക്ഷം വരെ
സ്‌ത്രീകൾക്ക് : 8.15%
പുരുഷന്മാർക്ക് : 8.20%
₹30-₹75 ലക്ഷം വരെ
സ്‌ത്രീകൾക്ക് : 8.40%
പുരുഷന്മാർക്ക് : 8.45%
₹75 ലക്ഷത്തിനുമേൽ
സ്‌ത്രീകൾക്ക് : 8.50%
പുരുഷന്മാർക്ക് : 8.55%
(*ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കുള്ള നിരക്ക്)