ന്യൂഡൽഹി: കർണാടകയിലെ പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സ്പീക്കർ അയോഗ്യരാക്കിയ വിമത കോൺഗ്രസ് - ജെ.ഡി.എസ് എം.എൽ.എമാർ പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. ഒക്ടോബർ 21-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ തങ്ങൾക്ക് മത്സരിക്കാൻ അനുമതി നല്‍കുകയോ ഇടക്കാല ഉത്തരവിറക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എം.എൽ.എമാർ നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹർജിയിൽ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തുടർവാദത്തിനായി ഹർജികൾ ഒക്ടോബർ 22ലേക്ക് മാറ്റി. കേരളത്തിലടക്കം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 21ന് കർണാടകത്തിലെ 15 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടിയിൽ തെറ്റില്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയാൽ വൈകാതെ തന്നെ തിരഞ്ഞെടുപ്പ് നടന്നേക്കും.