ന്യൂഡൽഹി: ഒളിമ്പിക്‌സ് മെഡൽ ജേതാവും ഗുസ്തി താരവുമായ യോഗേശ്വർ ദത്തും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്ടൻ സന്ദീപ് സിംഗും ബി.ജെ.പിയിൽ ചേർന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇരുവരുടെയും ബി.ജെ.പി പ്രവേശനം. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇരുവരും മത്സരിച്ചേക്കുമെന്നാണ് വിവരം. ഹരിയാന ബി.ജെ.പി അദ്ധ്യക്ഷൻ സുഭാഷ് ബരാളയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വച്ചാണ് താരങ്ങൾക്ക് പാർട്ടി അംഗത്വം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ആകൃഷ്ടനായാണ് തങ്ങൾ ബി.ജെ.പിയിൽ ചേരുന്നതെന്ന് യോഗേശ്വർ ദത്തും സന്ദീപ് സിംഗും മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹരിയാനയിലെ സോനാപത് മണ്ഡലത്തിൽ യോഗേശ്വർ ദത്ത് മത്സരിക്കാനാണ് സാദ്ധ്യത. ഹരിയാന പൊലീസിലെ ഉദ്യോഗസ്ഥനായ യോഗേശ്വർ കഴിഞ്ഞ ദിവസം ജോലിയിൽനിന്ന് രാജിവച്ചിരുന്നു. 2012-ലെ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ സ്വന്തമാക്കിയിട്ടുള്ള യോഗേശ്വർ പദ്മശ്രീ ജേതാവ് കൂടിയാണ്. 2014ലെ കോമൺവെൽത്ത് ഗെയിംസിലും ദത്ത് സ്വർണം നേടിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ബി.ജെ.പി സംസ്ഥാന ഘടകം നിർദ്ദേശിച്ച പട്ടികയിൽ യോഗേശ്വറിന്റെ പേരുമുണ്ടായിരുന്നു. യോഗേശ്വർ ദത്തിനെയും സന്ദീപ് സിംഗിനെയും കൂടാതെ ശിരോമണി അകാലിദൾ എം.എൽ.എയായ ബൽകൗർ സിംഗും ഇന്നലെ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്.