തിരുവനന്തപുരം: സംസ്കാരത്തിന്റെ ഭാഗമാണ് കൃഷി എന്ന ആശയം മുൻനിറുത്തിയുള്ള പാഠങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പുതുതലമുറയെ കാർഷികമേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായി ആരംഭിച്ച 'പാഠം ഒന്ന് പാടത്തേക്ക്' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുങ്കടവിളയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഠനം പോലെ കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതിയെ ഹരിതാഭമാക്കി നിലനിറുത്തുകയെന്നത് മാനവരാശിയുടെ കർത്തവ്യമാണെന്ന് അദ്ധ്യക്ഷതവഹിച്ച മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
വർഷങ്ങളായി തരിശായിക്കിടന്ന പെരുങ്കടവിള തത്തിയൂരിലെ മൂന്നര ഏക്കർ പാടശേഖരത്തിൽ കൃഷിമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നേതൃത്വത്തിൽ ഞാറുനട്ടു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ഒപ്പംകൂടി.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഐ.ആർ. സുനിത, എച്ച്.എസ്. അരുൺ, എം. ശോഭകുമാരി, കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി രത്തൻ യു. ഖേൽക്കർ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, കൃഷി-വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.