പൂനെ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മതിലിടിഞ്ഞു വീണും മഹാരാഷ്ട്രയിലെ പൂനെയിൽ 17 മരണം. നിരവധി പേരെ കാണാതായി. 15,000 പേരെ ബാരാമതിയിൽ നിന്നു മാറ്റിപ്പാർപ്പിച്ചു. ചൊവ്വാഴ്ച മുതൽ കനത്തമഴയും നാശനഷ്ടങ്ങളുമാണ് പൂനെ നേരിടുന്നത്. പ്രളയം ബാധിച്ച അർണേശ്വറിൽ മതിലിടിഞ്ഞു വീണ് ഒൻപതു വയസുള്ള കുട്ടിയുൾപ്പെടെ അഞ്ചു പേർ മരിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ മുംബയ് - ബംഗളൂരു ദേശീയപാതയിൽ ശിവപൂർ ഗ്രാമത്തിലെ ദർഗയിൽ ഉറങ്ങുകയായിരുന്ന അഞ്ച് പേർ ഒഴുകിപ്പോയെന്ന് പൊലീസ് അറിയിച്ചു. പുരന്ദറിൽ രണ്ടു പേരെ കാണാതായി.
കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കൂടാതെ, 150ലധികം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ''പൂനെയിലും ബാരാമതിയിലും ദേശീയ ദുരന്ത നിവാരണസേനയുടെ രണ്ടു ടീമിനെ വീതം വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേനയുടെ ഒരു ടീം കൂടി ബാരാമതിക്കു തിരിച്ചു. നസാരെ ഡാം തുറന്നതിനെ തുടർന്നുള്ള സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ചു വരികയാണ്" – അദ്ദേഹം പറഞ്ഞു.
ഇന്നലെ മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും പലയിടത്തും വീടുകൾ വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകിയതായി റിപ്പോർട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്ന അഞ്ഞൂറോളം ആളുകളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.