വാഷിംഗ്ടൺ: ഇംപീച്ച്മെന്റ് കുരുക്കിൽപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള നീക്കം കൂടുതൽ ശക്തമാക്കി പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ.
ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയുമായുള്ള സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ ട്രംപിനെ പ്രതിരോധിക്കുന്നതിനായി റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് മാത്രം അയയ്ക്കേണ്ടിയിരുന്ന ഇമെയിൽ സന്ദേശം അബദ്ധത്തിൽ വൈറ്റ് ഹൗസിൽ നിന്ന് ഡെമോക്രാറ്റിക് അംഗങ്ങൾക്ക് കൂടി അയച്ചതാണ് പുതിയ വിവാദത്തിന് പിന്നിൽ. ആരോപണത്തിൽ ട്രംപിനെ എങ്ങനെ പ്രതിരോധിക്കണമെന്നുള്ള നിർദ്ദേശങ്ങൾ നൽകിയുള്ളതായിരുന്നു മെയിൽ. അബദ്ധം മനസിലാക്കി നിമിഷങ്ങൾക്കകം മെയിൽ പിൻവലിച്ചപ്പോഴേക്കും ചില ഡെമോക്രാറ്റിക് അംഗങ്ങൾ മെയിലിന്റെ ഉള്ളടക്കം ട്വിറ്ററിലടക്കം പങ്കുവച്ച് കഴിഞ്ഞിരുന്നു. ചില ഡെമോക്രാറ്റിക് അംഗങ്ങൾ മെയിൽ സന്ദേശം പൂർണമായും ട്വീറ്റ് ചെയ്തു.
2020ൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിപ്പട്ടികയിൽ കൂടുതൽ സാദ്ധ്യതയുള്ള ജോ ബൈഡനും അദ്ദേഹത്തിന്റെ മകനുമെതിരെ അന്വേഷണം നടത്താൻ ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയോട് ആവശ്യപ്പെട്ടു എന്ന പേരിൽ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയാണ് കഴിഞ്ഞദിവസം ട്രംപിനെതിരായ ഇംപീച്ച്മെന്റ് അന്വേഷണം പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ നടപടിയെടുക്കാൻ 2800 കോടി രൂപയുടെ സൈനിക സഹായം ഉക്രെയ്ന് ട്രംപ് വാഗ്ദാനം ചെയ്തെന്നും ആക്ഷേപമുയർന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പരാതി ലഭിച്ചതോടെയാണ് ഡെമോക്രാറ്റുകൾക്ക് ആധിപത്യമുള്ള അമേരിക്കൻ പ്രതിനിധി സഭ ട്രംപിനെതിരെ ഇംപീച്ച്മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്ന് പറഞ്ഞ നാൻസി പെലോസി ആരും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കി. ട്രംപിന്റെ നടപടി ഭരണഘടനയ്ക്ക് വിരുദ്ധവും ദേശസുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്നതാണെന്നും പെലോസി കുറ്റപ്പെടുത്തി. അതേസമയം, വളരെ രൂക്ഷമായാണ് ട്രംപ് നടപടിയോട് പ്രതികരിച്ചത്. ഐക്യരാഷ്ട്രസഭയിൽ സുപ്രധാനമായ ജോലികൾ നടക്കുമ്പോൾ ഡെമോക്രാറ്റുകൾ തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്ന് ട്രംപ് പറഞ്ഞു. സ്പീക്കറുടെ നീക്കം രാജ്യത്തിന് തന്നെ അപമാനമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. സെലിൻസ്കിയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിടാൻ തയ്യാറാണെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ, 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ട്രംപിന് ഇംപീച്ച്മെന്റ് നടപടികൾ തിരിച്ചടിയായേക്കുമെന്നാണ് പൊതുവിലയിരുത്തൽ.
ഇംപീച്ച്മെന്റ് വെറും ''ഭീഷണി"
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾ അപ്രായോഗികമാണ്. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയിൽ മാത്രമേ ട്രംപിനെതിരെയുള്ള നീക്കം വിജയിക്കൂ. പ്രതിനിധിസഭയിൽനിന്ന് റിപ്പബ്ലിക്കൻസിന് ഭൂരിപക്ഷമുള്ള സെനറ്റിലേക്ക് വരുമ്പോൾ നീക്കം പരാജയപ്പെടും. എന്നാൽ, ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും നടപടികളുമായി മുന്നോട്ട് പോകുന്നത്, 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കാനാണെന്ന് വ്യക്തം.