marad-

കൊച്ചി : മരടിലെ ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരെയുള്ള കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. മന്ത്രിസഭാ തീരുമാന പ്രകാരമാണ് ഫ്ലാറ്റ് നിർമ്മാണ കമ്പനിക്കെതിരെ ഇന്നലെ ക്രിമിനൽ കേസെടുത്തത്. വഞ്ചനക്കും നിയമലംഘനം മറച്ചുവച്ച് വിൽപ്പന നടത്തിയതിനുമാണ് മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആൽഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നിർമ്മാണക്കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികൾ. കമ്പനി ഉടമകളെ കൂടാതെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം.

മരട്, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലാണ് ഫ്ളാറ്റ് ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, സുപ്രീം കോടതിയുടെ വിശദവിധി നാളെ വരാനിരിക്കെ മരടിലെ നാല് ഫ്ളാറ്റുകളിലെയും ജല വൈദ്യുതി കണക്‌ഷനുകൾ വിച്ഛേദിച്ചു. പാചകവാതക വിതരണവും ടെലിഫോൺ ബന്ധവും നാളെ മുതൽ നിറുത്തലാക്കും. സർക്കാർ നടപടികൾ മനുഷ്യാവകാശ ലംഘനം ആണെന്ന് ആരോപിച്ചു. ഫ്ലാറ്റ് നിർമാതാക്കൾക്ക് എതിരെ ക്രൈംബ്രാഞ്ച് ക്രിമിനൽ കേസ് എടുത്തു

മരടിലെ നാല് ഫ്ലാറ്റുകളും പൊളിക്കാൻ ഇതുവരെ എന്തു ചെയ്‌തെന്നും ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്നും സർക്കാർ നാളെ സുപ്രീം കോടതിയെ ബോധിപ്പിക്കണം. ഇതിന്റെ ഭാഗമായാണ് നടപടികൾ ഊർജിതമാക്കിയത്. പുലർച്ചെ അഞ്ചുമണിക്ക് വൻ പൊലീസ് സന്നാഹത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തിയാണ് ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചത്.