ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 25 പേർ ചേർന്ന് കൈവശം വച്ചിരിക്കുന്നത് ജി.ഡി.പിയുടെ പത്തു ശതമാനത്തിന് തുല്യമായ തുക! അഞ്ചുവർഷത്തിനകം ഇന്ത്യയുടെ ജി.ഡി.പി മൂല്യം അഞ്ചുലക്ഷം കോടി ഡോളറായി ഉയർത്തുകയെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യം പൂവണിഞ്ഞാൽ, ഈ 25 പേരുടെ സമ്പത്ത് മൂന്നിരട്ടിയായി വർദ്ധിക്കുകയും ചെയ്യും. ഐ.ഐ.എഫ്.എൽ വെൽത്ത് ഹുറൂൺ ഇന്ത്യ പുറത്തിറക്കിയ 2019ലെ അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയാണ് ഈ കൗതുകം വ്യക്തമാക്കുന്നത്.
3.8 ലക്ഷം കോടി രൂപയുടെ ആസ്‌തിയുമായി റിലയൻസ് ഇൻഡസ്‌ട്രീസ് തലവൻ മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ ഇന്ത്യക്കാരൻ. തുടർച്ചയായ എട്ടാംതവണയാണ് അംബാനി പട്ടികയിൽ ഒന്നാമനാകുന്നത്. 1.86 ലക്ഷം കോടി രൂപയുടെ സമ്പത്തുമായി ഹിന്ദുജ സഹോദരന്മാരാണ് രണ്ടാംസ്ഥാനത്ത്. വിപ്രോ സ്ഥാപകൻ അസിം പ്രേംജി (1.17 ലക്ഷം കോടി രൂപ), ആഴ്‌സലർ-മിത്തൽ മേധാവി ലക്ഷ്‌മി മിത്തൽ (1.07 ലക്ഷം കോടി രൂപ), അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി (94,500 കോടി രൂപ) എന്നിവരാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.
സമ്പന്ന പട്ടിക: യൂസഫലി
മലയാളികളിൽ ഒന്നാമൻ
ഹൂറൂൺ സമ്പന്ന പട്ടികയിൽ 23 മലയാളികൾ ഇക്കുറി ഇടംനേടി. 35,700 കോടി രൂപയുടെ ആസ്‌തിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാംസ്ഥാനം നിലനിറുത്തി. വി.പി.എസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംസീർ വയലിൽ 13,200 കോടി രൂപയുടെ സമ്പത്തുമായി രണ്ടാമത്തെ വലിയ മലയാളി സമ്പന്നനായി.
ആർ.പി. ഗ്രൂപ്പ് മേധാവി രവി പിള്ള (11,600 കോടി), ഗൂഗിൾ ക്ളൗഡ് സി.ഇ.ഒ തോമസ് കുര്യൻ (10,600 കോടി), ജോയ് ആലുക്കാസ് ജുവലറി ചെയർമാൻ ജോയ് ആലുക്കാസ് (9,400 കോടി), ശോഭ ലിമിറ്റഡ് ചെയർമാൻ പി.എൻ.സി മേനോൻ (8,800 കോടി), പത്നി ശോഭ മേനോൻ (5,200 കോടി), കല്യാൺ ജുവലേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമനും കുടുംബവും (5,200 കോടി), മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്‌സാണ്ടർ (4,000 കോടി), മണപ്പുറം ഫിനാൻസ് എം.ഡി (3,700 കോടി) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു മലയാളികൾ.