tomato-

ന്യൂഡൽഹി: ഉള്ളിയുടെയും സവാളയുടെയും പിന്നാലെ തക്കാളി വിലയും കുതിച്ച് കയറുന്നു. തക്കാലിയുടെ ലഭ്യതയിൽ കുറവുണ്ടായതോടെയാണ് വിലയിലും വർദ്ധനയുണ്ടായത്. ഡൽഹിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുളളിൽ തക്കാളി വിലയിൽ 70 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്തമഴ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളെ തുടർന്ന് മഹാരാഷ്ട്ര, കർണാടക, വടക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പച്ചക്കറി വില കുതിച്ചു ഉയരുകയാണ്.

കഴിഞ്ഞ വർഷം ഈ സമയത്തെ ഉള്ളിവിലയുടെ ഇരട്ടിയാണ് നിലവിലെ ഉള്ളിവില. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും 40 മുതൽ 60 വരെ രൂപയിലാണ് തക്കാളി വിൽപന നടക്കുന്നത്. മുപ്പത് രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് കുത്തനെകൂടി 60രൂപയിലെത്തിയത്. വരും ദിവസങ്ങളിൽ തക്കാളി വില ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലെ ആസാദപൂരിലെ മണ്ടി മാർക്ക​റ്റിൽ 25 കിലോയുടെ ഒരു ചാക്കിന് എണ്ണൂറ് രൂപയ്ക്ക് മുകളിലാണ് ഗ്രേഡ് ഒന്ന് തക്കാളിയുടെ മൊത്ത വ്യാപാരവില.


കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ തക്കാളി ചെടികൾ നശിക്കുകയാണെന്നാണ് കർഷകർ പറയുന്നത്. വരും ദിവസങ്ങളിൽ ഇത് ഇനിയും കൂടുമെന്നാണ് റിപ്പോർട്ട്.