'ഈശ്വരാ മണി പത്തു കഴിഞ്ഞിട്ടും ഈ നകുലേട്ടൻ എവിടെ പോയി കിടക്കുവാ...!
ശൃംഗയുടെ ആത്മഗതം അൽപ്പം ഉറക്കെ ആയി.
നകുലന്റെ അമ്മ ടി.വി. യിൽ നിന്നും തല പൊക്കി ഒന്ന് നോക്കിയിട്ട് വീണ്ടും ടി വി യിലേക്ക് തന്നെ കണ്ണുകൾ പൂഴ്ത്തി, എന്നിട്ട് തെല്ലുറക്കെ വരാന്തയിലെ ചാര് പടിമേൽ ഇരുന്നിരുന്ന അവളോട് പറഞ്ഞു കൊച്ചു മഞ്ഞ് കൊണ്ട് ഇരിയ്ക്കാതെ ഇങ്ങു വന്നേ അവനിങ്ങ് വന്നോളും. '
'ഇല്ലമ്മേ അവിടിരുന്നാൽ എനിക്ക് ഒരു സമാധാനവും കിട്ടില്ല.. 'അമ്മ മോളെ സെറ്റിയിൽ നിന്നും എടുത്ത് മുറിയിൽ കിടത്തിയേക്കാവോ ..'
'എന്നാ പിന്നെ അവിടിരി അല്ല പിന്നെ. '
അമ്മ മോളേയും എടുത്ത് അകത്തേയ്ക്ക് പോയി.
ഗെയ്റ്റിൽ കാറിന്റെ ഹെഡ്‍ലൈറ്റിന്റെ വെളിച്ചം അടിക്കുന്നത് കണ്ണിൽ തട്ടിയപ്പോൾ ശൃംഗ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു, ഗേറ്റ് തുറക്കാൻ ഓടി.
'എന്റെ നകുലേട്ടാ നിങ്ങക്ക് ഒന്ന് വിളിച്ചു പറയാൻ വയ്യാരുന്നോ മനുഷ്യനിവിടെ തീ തിന്നു മടുത്തു..
'അയ്യോ അതെന്ത് പറ്റിയെടി എന്റെ ശൃംഗാര കുട്ടിക്ക് ഇവിടെ തിന്നാൻ വേറെ ഒന്നും കിട്ടിയില്ലേ അതോ അമ്മായിഅമ്മ പോരെടുത്തോ.. '
'ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ എന്നോടൊന്നും മിണ്ടാൻ വരേണ്ട '
അവൾ വെട്ടിത്തിരിഞ്ഞു അകത്തേയ്ക്കു പോയി.
അത്താഴം കഴിഞ്ഞു കിടന്നപ്പോൾ
നകുലൻ അവളോട് മയത്തിൽ ചോദിച്ചു
"ഡീ നിനക്ക് ഇങ്ങനെ വീട്ടിൽ ഇരുന്നു മുഷിയുന്നില്ലേ....'
'പിന്നേ നിങ്ങടെ മോളെ നോക്കാൻ തന്നെ ഇവിടെ സമയം ഇല്ല അപ്പോളാ ..
'മോളെ ഉടനെ പ്ലേ സ്കൂളിൽ വിടുമല്ലോ,അപ്പൊ നിനക്കു ഞാൻ ഒരു ജോലി സംഘടിപ്പിച്ച് തരാം. നീ ചുമ്മാ ഇവിടിരുന്ന് ഓരോന്നാലോചിച്ചു സ്ഥലകാല ബോധമില്ലാതിരിക്കുന്നതെ കാര്യായിട്ട് ഒന്നിലും എൻഗേജ്ഡ് ആവാഞ്ഞിട്ടാ ...'
ശൃംഗ ബെഡ്ഡിൽ നിന്ന് കാളിയെ പോലെ തുള്ളി എഴുനേ്നറ്റു .
'ആര് പറഞ്ഞു ഞാൻ സ്ഥലകാലബോധം ഇല്ലാതിരിക്കുന്നു എന്ന്... എനിക്കിപ്പോ അറിയണം ...'
"എൻറെ പൊന്നെ അതിനി ആരേലും പറയണോ ന്റെ അഹങ്കാരീ, ഞാൻ ദിവസോം കാണുന്നതല്ലേ.. '
അവൾടെ പിണക്കം അന്നത്തേയ്ക് മാത്രേ ഉണ്ടാവു എന്ന് നകുലന് അറിയാവുന്നതു കൊണ്ട് നകുലൻ സുഖമായി കിടന്നുറങ്ങി .
ശൃംഗ പിന്നേം ചിന്തകളിൽ മുഴുകി... 'എന്നാലും അതാര് പറഞ്ഞു... നകുലേട്ടനോട്.. അമ്മയാണോ... ഏയ് ആയിരിക്കില്ല ഗോപുവാണോ... നാത്തൂനേ പോലല്ല ചെക്കൻ. പത്താം ക്ലാസ്സിലാ,ചുമ്മാഎപ്പളും മൊബൈലിൽ തോണ്ടി ഇരിക്കാതെ പഠിക്കാൻ പറയുന്നേന്റെ ദേഷ്യം കാണും... അത് അവന്റെ നല്ലതിന് വേണ്ടിയല്ലേ ഇപ്പോൾ പിള്ളേർക്ക് ഇത്രേം സൗകര്യമുള്ള മൊബൈൽ കൊടുക്കേണ്ടാ എന്ന് പറഞ്ഞിട്ട് ഗീതേച്ചിയും ബാലേട്ടനും കേൾക്കണ്ടേ..!? കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ കൊടുത്ത ഐ ഫോണിലാ ചെക്കൻ ഏതു നേരവും...' അങ്ങനെ ഓരോന്ന് ഓർത്തു അവൾ എപ്പോളോ ഉറങ്ങി.......
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് മോളെയും ഉറക്കി കിടത്തി അമ്മയോടൊപ്പം ടി വി കാണാൻ ഇരുന്നു . ഏതോ ഒരു പഴയ മലയാളം സിനിമ. ചെന്നിരുന്നപ്പോൾ കണ്ട സീൻ ജയിലിൽ കിടക്കുന്ന നായകനെ കാണാൻ വരുന്ന നായികയും കുഞ്ഞും. കരച്ചിലും ബഹളവും. ഏതോ ഒരു നിമിഷത്തിൽ ഉണ്ടായ ദേഷ്യത്തിൽ ഒരാളെ നായകന് കൊല്ലേണ്ടി വന്നു.
ഓ ക്ളീഷേ സിറ്റുവേഷൻ. ബോർ അടിച്ചപ്പോ വായിച്ചു മടക്കി വച്ചിരുന്ന അവളുടെ പ്രിയപ്പെട്ട കഥാകാരൻ പദ്മരാജൻ സർന്റെ നോവൽ "ഋതുഭേദങ്ങളുടെ പാരിതോഷികം " വായിക്കാനെടുത്ത് മുറ്റത്തേക്കിറങ്ങി.
അവിടെ ശൃംഗയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലം ഉണ്ട്. ഒരു മാവിൻ ചോട്. അവിടെ വൃത്തത്തിൽ കല്ല് കെട്ടി തേയ്ച്ചു മിനുക്കി ഇട്ടിട്ടുണ്ട്. നല്ല കാറ്റും.....
പുസ്തകത്തിൽ മുഴുകി കുറച്ചു നേരം ഇരുന്നെങ്കിലും പെട്ടെന്നു ആ സിനിമയിലെ രംഗം ഓർമ്മ വന്നു. 'ദൈവമേ ആ സാഹചര്യം എന്റെ ജീവിതത്തിൽ വന്നാൽ ഞാൻ എന്ത് ചെയ്യും. ഒന്നാമത് നകുലേട്ടനും മുൻകോപിയാണ്. ഒരു ദേഷ്യം വന്നു എന്തേലും കടും കൈ ചെയ്താൽ..
ഞാനും മോളും എന്ത് ചെയ്യും കൊലപാതകിയുടെ ഭാര്യ.. കൊലപാതകിയുടെ മകൾ എന്നൊക്കെ ആളുകൾ ഞങ്ങളെ കാണുമ്പോ പറയില്ലേ...
ഈശ്വരാ!!!
കൊച്ചെ..... കൊച്ചെ......'
നകുലേട്ടന്റെ അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് അവൾ ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നത്.
'ഓ കൊച്ചിനെ വിളിച്ചെന്റെ തൊണ്ട പൊട്ടിയല്ലോ..... കൊച്ചെന്താ സ്വപ്നം കണ്ടോണ്ടിരിക്കുവാന്നോ .. ?!
ദേ നകുലൻ ഫോണിൽ വിളിച്ചു അവൻ വൈകിട്ട് നേരത്തെ വരും നിങ്ങൾ റെഡി ആയി ഇരിക്കണം എന്ന്. കൊച്ചിന്റെ മൊബിലിൽ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടാ ലാൻഡ് ഫോണിൽ വിളിച്ചത്.. '
അമ്മയ്ക്കു സിനിമ കണ്ടോണ്ടിരുന്ന രസച്ചരട് പൊട്ടിയ നീരസമുണ്ട്.
അവൾ ഓർത്തു.
അകത്തേയ്ക്കു കയറുന്നതിനിടയ്ക് ഒരു സ്കൂട്ടറിന്റെ ഹോൺ കേട്ട് നോക്കിയപ്പോൾ തൊട്ടടുത്ത വീട്ടിലെ അഭിരാമി ടീച്ചർ ജോലി കഴിഞ്ഞ വരുന്ന വരവാണ് അവളെ കൈ ഉയർത്തി കാട്ടി സ്കൂട്ടർ സ്റ്റാൻഡിൽ വച്ച് ചുറുചുറുക്കോടെ അഭിരാമി വീടിനുള്ളിലേയ്ക് പോയി. ജോലി കഴിഞ്ഞുള്ള വരവായിട്ടും അവൾക്ക് എന്ത് പ്രസരിപ്പാണ്... ശൃംഗ ഓർത്തു....
മോളെ കുളിപ്പിച്ച് ഒരുക്കി അമ്മയുടെ അടുത്താക്കി കുളിക്കാൻ കയറി.
എന്തിനായിരിക്കും ഒരുങ്ങി നിൽക്കാൻ പറഞ്ഞത് വീട്ടിൽ പോകാൻ ആയിരിക്കുമോ.. ദൈവമേ വീട്ടിൽ ആർക്കേലും സുഖമില്ലാതെ ആയോ.. ഹോസ്പിറ്റലിൽ ആണോ പോവുന്നത്.. അമ്മയ്ക്കാണേ ഇടയ്ക്കിടെ വയ്യായ്ക വരാറുണ്ട് കഴിഞ്ഞാഴ്ച വീട്ടിൽ ചെന്നപ്പോൾ വയ്യാന്നു പറയുകേം ചെയ്തു. എന്താവും കാര്യം എന്നോർത്തിട്ടു അവൾക് തല പെരുക്കുന്ന പോലെ തോന്നി.
ശൃംഗേ...ഡീ ശൃംഗേ ...' ബാത്റൂമിലെ വാതിലിൽ ശക്തിയായി മുട്ടും ഒപ്പം നകുലേട്ടന്റെ ഉച്ചത്തിലുള്ള ശബ്ദവും.
പെട്ടെന്നു തുവർത്തി ഇറങ്ങി
"എന്റെ ശൃംഗേ നീ എത്ര നേരമായി ഇതിനകത്ത് .. "
പക്ഷെ അവൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...' എന്താ നകുലേട്ടാ അമ്മയ്ക്കെന്ത് പറ്റി......അമ്മയ്ക്ക് വയ്യാണ്ടായോ ഹോസ്പിറ്റലിൽ ആണോ.. '
നകുലൻ ദേഷ്യത്തിൽ അവളുടെ ചെവിക്കിട്ടു ഒരു തിരി,' ഡീ നിനക്ക് വട്ടായോ.. ഇന്നല്ലേ സാമുവൽ അച്ചായന്റെ മോൾടെ മാര്യേജ് റിസപ്ഷൻ....അതിനാ ഒരുങ്ങി നിൽക്കാൻ പറഞ്ഞത്, അതെങ്ങനാ നിനക്ക് അതൊക്കെ ഓർത്തു വയ്ക്കാൻ എവിടാ നേരം...'
പിന്നീട് കാറിൽ അച്ചായന്റെ വീട്ടിലേയ്ക്കു പോകുമ്പോൾ അവൾ ഓർത്തു ഇപ്പൊ ഒരു ആക്സിഡന്റ് ഉണ്ടായാൽ എന്ത് ചെയ്യും...... നമ്മൾ എത്ര സൂക്ഷിച്ചു വണ്ടി ഓടിച്ചാലും മറ്റുള്ളവർ അശ്രദ്ധ കാണിച്ചാൽ പോരെ അപകടം ഉണ്ടാവാൻ . പിന്നെ ഇപ്പൊ മൂന്ന് പേരും ഒന്നിച്ചല്ലേ ...... വല്ലതും സംഭവിച്ചാൽ ഒന്നിച്ചു പോകും..അപ്പോൾ അവൾക്കൽപ്പം ആശ്വാസം തോന്നി ......പക്ഷെ അങ്ങനെ അല്ലാതെ വല്ലതും സംഭവിച്ചാൽ...അയ്യോ...... ഈശ്വരമാരെ... !
ശൃംഗയുടെ ചിന്തകൾ തുടർന്ന് കൊണ്ടേ ഇരുന്നു......