കൊച്ചി : മദ്ധ്യപ്രദേശിൽ ഉന്നതർ ഹണിട്രാപ്പിൽ കുടുങ്ങിയത് രാജ്യത്തെ ഞെട്ടിക്കുന്നതയാിരുന്നു. കേരളത്തിലും ഹണിട്രാപ്പിൽപെടുന്നവർ പലരും നാണക്കേട് ഭയന്ന് വിവരങ്ങൾ പുറത്തുപറയാത്തതാണ് ഇത്തരക്കാരെ പിടിക്കാൻ കഴിയാത്തതിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
അതേസമയം ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ വീണ്ടും കേരളത്തിൽ സജീവമാകുന്നതായാണ് വിവരം ഡേറ്റിംഗ് സൈറ്റെന്ന പേരിൽ അവിഹിത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഓൺലൈൻ സൈറ്റുകൾ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. കോളേജ് വിദ്യാർത്ഥികൾ മുതൽ ചലച്ചിത്ര നടിമാർ വരെ ഇത്തരം വെബ്സൈറ്റുകളുടെ ചൂഷണത്തിനു ഇരയാകുന്നു എന്നാണ് സൈബർ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് സൈബർ വിഭാഗം. വിദേശ സെർവറുകളിലാണ് ഇത്തരം സൈറ്റുകളുടെ പ്രവർത്തനം എന്നതാണ് അധികൃതരെ കുഴക്കുന്നത്.
ഓൺലൈൻ ക്ലാസിഫൈഡ് വെബ്സൈറ്റായ ലൊക്കാന്റോയാണ് പെൺവാണിഭമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പ്രധാന ഉറവിടമെന്ന് പൊലീസ് പറയുന്നത്. പരസ്യമായി പെൺവാണിഭം നടത്തുന്ന ഇത്തരം വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും നിറുത്തലാക്കണമെന്ന് ഡൽഹി വനിതാ കമ്മിഷൻ പൊലീസിനും ടെലികമ്മ്യൂണിക്കേഷൻ മന്ത്റാലയത്തിനും നോട്ടീസ് നൽകിയിരുന്നു.
എസ്‌കോർട്ടുകൾ, സ്‌ട്രൈപ്പർമാർ, കോൾ ഗേൾസ്, ലൈംഗിക തൊഴിലാളികൾ തുടങ്ങിയവരുടെ സേവനങ്ങൾ ഈ മൊബൈൽ ആപ്ലിക്കേഷൻ നൽകുന്നുണ്ടെന്നും ഇത് സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്നുമാണ് ചെയർപേഴ്സൺ സ്വാതി മാലിവാൾ നൽകിയ നോട്ടീസിൽ പറയുന്നത്. നിയമപ്രകാരം പെൺവാണിഭം പ്രോത്സാഹിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ കമ്മിഷൻ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. പെൺവാണിഭം പ്രോത്സാഹിപ്പിക്കുന്ന നിരവധി മൊബൈൽ, വെബ് ആപ്ലിക്കേഷനുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കമ്മീഷൻ പൊലീസിനോട് ചോദിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത് സ്കൂൾകുട്ടികളെ വരെ പെൺവാണിഭത്തിന് നൽകാമെന്ന് പോലും മൊബൈൽ ആപ്ലിക്കേഷൻ വഴി അവകാശപ്പെടുന്നുണ്ട്. ഈ ആപ്ലിക്കേഷനും സമാനമായ വെബ്, മൊബൈൽ ആപ്ലിക്കേഷനുകളും ഉടനടി തടയാൻ ഡിസിഡബ്ല്യു ടെലികമ്മ്യൂണിക്കേഷൻ മന്ത്റാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലൊക്കാന്റോ പോലുള്ള നിരവധി ചെറുകിട വെബ്സൈറ്റുകൾ കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ഇത്തരം വെബ്സൈറ്റുകൾ വഴി ഇടപാട് നടത്തുന്ന വലിയ സംഘം തന്നെയുണ്ട്.
ചെറിയ നഗരങ്ങൾ കേന്ദ്രീകരിച്ച് പേജുകളുള്ള ലൊക്കാന്റോ പോലുള്ള വെബ്സൈറ്റുകളുടെ പ്രധാന സന്ദർശകർ പ്രവാസികളാണെന്നതാണ് ഡേറ്റ നൽകുന്ന മറ്റൊരു വസ്തുത. ഈ വെബ്സൈറ്റിൽ നൽകുന്ന മിക്ക നമ്പറുകളിലേക്കും പ്രധാനമായും വിളികൾ വരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. കേരളത്തിലെ സിനിമ, സീരിയൽ, ആൽബം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള എല്ലാ കുറ്റകൃത്യങ്ങളും ഇത്തരം വെബ്സൈറ്റ് വഴിയാണ് നടക്കുന്നതെന്നും പൊലീസ് പറയുന്നു.
ഐ.ടി പാർക്കുകൾ കേന്ദ്രീകരിച്ചും ഈ വെബ്സൈറ്റുകളിൽ പരസ്യം വരാറുണ്ട്. അതേസമയം, ലൊക്കാന്റോ രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന വെബ്സൈറ്റായതിനാൽ പൊലീസിനു നിയന്ത്റിക്കുക ബുദ്ധിമുട്ടാണ്.