
കൊച്ചി : കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മാണത്തിലിരുന്ന ഇന്ത്യയുടെ ആദ്യ വൻകിട വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിൽനിന്നു ഹാർഡ് ഡിസ്‌കുകൾ മോഷണം പോയ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തു. അട്ടിമറിയടക്കമുള്ളവയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യത്തെതുടർന്നാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസം എൻ.ഐ.എ ഉദ്യോഗസ്ഥർ പൊലീസ് കമ്മിഷണർ വിജയ് സാഖറെയുമായി ചർച്ച നടത്തിയിരുന്നു. നിലവിൽ മോഷണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. സിറ്റി ഡെപ്യുട്ടി കമ്മിഷണർ ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
അഞ്ചു വീതം മൈക്രോ പ്രോസസറുകൾ, ഹാർഡ് ഡിസ്‌കുകൾ, റാമുകൾ എന്നിവയാണു മോഷണം പോയത്. കേബിളുകളും കോളിംഗ് സ്റ്റേഷൻ അടക്കമുള്ള മറ്റു ചില ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട് കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്‌മെന്റ് സിസ്റ്റം (ഐ.പി.എം.എസ്) എന്ന സാങ്കേതിക സംവിധാനത്തിന്റെ വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കുകളാണു മോഷ്ടിക്കപ്പെട്ടത്. വിദേശ കമ്പനിയുടെ സഹായത്തോടെ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ആണ് ഇത് കപ്പലിനു ചേർന്ന വിധത്തിൽ രൂപപ്പെടുത്തിയത്. ഇതിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം ഭെല്ലിനോടും ഇറ്റലിയിലെ കമ്പനിയോടും ആവശ്യപ്പെട്ടിരുന്നു.