വാഷിംഗ്‌ടൺ: അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മാനേജിംഗ് ഡയറക്‌ടറായി ബൾഗേറിയൻ സാമ്പത്തിക വിദഗ്ദ്ധയായ ക്രിസ്‌റ്റലീന ജോർജിയേവയെ (66) തിരഞ്ഞെടുത്തു. ഒക്‌ടോബർ ഒന്നിന് അവർ സ്ഥാനമേൽക്കും. അഞ്ചുവർഷമാണ് കാലാവധി. ഒരു വികസ്വര രാജ്യത്തുനിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് ലോക ബാങ്കിന്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൂടിയായ ക്രിസ്‌റ്റലീന.
ഐ.എം.എഫിന്റെ തലപ്പത്ത് യൂറോപ്പുകാരാണ് എത്തുന്നതെന്ന പതിവ് ഇക്കുറിയും മാറിയില്ല. സ്ഥാനമൊഴിയുന്ന മാനേജിംഗ് ഡയറക്‌ടർ ക്രിസ്‌റ്റീൻ ലഗാർദെ, മുൻ ഫ്രഞ്ച് ധനമന്ത്രിയാണ്. 189 അംഗരാജ്യങ്ങൾക്കും സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് വാഷിംഗ്‌ടണിൽ ഐ.എം.എഫ് ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് ക്രിസ്‌റ്റലീന ജോർജിയേവ പറഞ്ഞു. 5600 കോടി ഡോളറിന്റെ വായ്‌പ തേടിയ അർജന്റീനയുടെ നീക്കത്തിന് തീർപ്പുകല്‌പ്പിക്കുകയാണ് ക്രിസ്‌റ്റലീന നേരിടുന്ന ആദ്യ വെല്ലുവിളി.
ജർമ്മനിയും ഇറ്റലിയും നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിനും അമേരിക്ക-ചൈന വ്യാപാരത്തർക്കത്തിനും പരിഹാരം കാണണം. 3.2 ശതമാനത്തിലേക്ക് ഈവർഷം താഴുമെന്ന് പ്രതീക്ഷിക്കുന്ന ആഗോള സമ്പദ്‌വളർച്ചയ്ക്ക് ഉണർവേകാനുള്ള നടപടികളും എടുക്കേണ്ടതുണ്ട്.