narada-

കൊൽക്കത്ത: നാരദ സ്റ്റിംഗ് ഒാപ്പറേഷൻ കേസുമായി ബന്ധപ്പെട്ട് ബംഗാളിലെ മുതിർന്ന ഐ.പി.എസ് ഉദ്യാഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്.എം.എച്ച് മിർസയെ ആണ് അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റ് ആണിത്. വൈദ്യ പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ സി.ബി.ഐയുടെ പ്രത്യേക കോടതിയിൽ ഹാജരാക്കും. മുമ്പും കേസുമായി ബന്ധപ്പെട്ട് മിർസയെ പല തവണ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റും നടന്നത്. നാരദ കേസിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളിൽ ഒരാളാണ് മിർസ. അതേസമയം, ശാരദ ചിട്ടി തട്ടിപ്പ് കേസിന് പിന്നാലെ നാരദാ കേസിലും നടപടി ആരംഭിച്ചത് മമത ബാനർജിക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്.

2014ൽ ആണ് സ്റ്റിംഗ് ഒാപ്പറേഷന് വേണ്ടി മാത്രം ഉണ്ടാക്കിയ സാങ്കൽപ്പിക കമ്പനിയുടെ പ്രതിനിധികളിൽ നിന്ന് തൃണമൂൽ നേതാക്കൾ പണം കൈപ്പറ്റുന്ന വീഡിയോ നാരദയുടെ എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ ചിത്രീകരിച്ചത്. ദൃശ്യങ്ങളിൽ രാഷ്ട്രീയക്കാർക്ക് വേണ്ടി പണം വാങ്ങാൻ എത്തിയ മിർസയും ഉണ്ടായിരുന്നു. പിന്നീട് 2016ലാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഈ ദൃശ്യങ്ങൾ നാരദാ ന്യൂസ് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ പുറത്തുവിടുന്നത്. മാത്യു സാമുവൽ സ്റ്റിംഗ് ഒാപ്പറേഷൻ നടത്തിയ സമയത്ത് മിർസ ബർദ്‌വാൻ ജില്ലയിലെ പൊലീസ് സൂപ്രണ്ട് ആയിരുന്നു. തൃണമൂൽ കോൺഗ്രസ്സിലെ നിരവധി നേതാക്കൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിലില്ലാത്ത കമ്പനിക്ക് കോഴ വാങ്ങി ആനുകൂല്യങ്ങൾ നൽകാൻ അഴിമതി നടത്തിയെന്നായിരുന്നു കേസ്.


.