mk-sanu-

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിക്കാനിരിക്കേ പുരസ്‌കാര നിർണയത്തെ ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് സമിതി അദ്ധ്യക്ഷൻ എം.കെ. സാനു രാജിവച്ചു. രാജിപ്രഖ്യാപനം അറിയിച്ച് അദ്ദേഹം അയച്ച കത്ത് ബുധനാഴ്ച കൈപ്പറ്റിയതായി വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറി സി.വി. ത്രിവിക്രമൻ പറഞ്ഞു. തിരുവനന്തപുരത്ത് ട്രസ്റ്റ് യോഗത്തിൽ പങ്കെടുക്കാനും അവാർഡ് പ്രഖ്യാപനം കഴിഞ്ഞ് തിരിച്ചുപോകാനുമായി അയച്ചുകൊടുത്ത യാത്രാ ടിക്കറ്റുകളും കത്തിനൊപ്പം തിരിച്ചയച്ചു. കത്ത് കിട്ടിയശേഷം എം.കെ. സാനുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ട്രസ്റ്റ് സെക്രട്ടറി പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളാലാണ് രാജിയെന്നും തന്റെ അദ്ധ്യക്ഷസ്ഥാനത്തിന് ഇത്രയും കാലം നൽകിയ പിന്തുണയിൽ നന്ദിയുണ്ടെന്നും അറിയിച്ചുകൊണ്ടുള്ളതാണ് കത്ത്. കത്ത് കിട്ടിയശേഷം എം.കെ. സാനുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും സെക്രട്ടറി പറഞ്ഞു.


ഈ വർഷത്തെ അവാർഡിനായി അവസാന റൗണ്ടിലെത്തിയ മൂന്ന് പുസ്തകങ്ങളെ ചൊല്ലിയാണ് വിവാദം. ഈ പുസ്തകങ്ങളിൽ ജൂറി അവാർഡിനായി തിരഞ്ഞെടുത്ത കൃതി അവാർഡിന് യോഗ്യമല്ലെന്നായിരുന്നു സാനു മാഷിന്റെ വാദമെന്ന് അറിയുന്നു. ഇടതു സഹയാത്രികനായ മുതിർന്ന എഴുത്തുകാരന്റെ ആത്മകഥയാണ് അവാർഡിനായി ജൂറി തിരഞ്ഞെടുത്തത്. എഴുത്തുകാരന്റെ സമഗ്ര സാഹിത്യ സംഭാവനകൾ കൂടി മാനിച്ചാണ് അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചത്. മറ്റ് രണ്ട് എഴുത്തുകാരുടേതായി നോവലും കവിതാ സമാഹാരവുമാണ് അവസാന റൗണ്ടിലെത്തിയത്. വയലാർ അവാർഡ് മൗലിക കൃതികൾക്കാണ് എപ്പോഴും പ്രാധാന്യം നൽകിയിട്ടുള്ളതെന്നും അവസാന റൗണ്ടിലെത്തിയ നോവലോ കവിതാ സമാഹാരമോ ആയിരുന്നു പുരസ്‌കാരം അർഹിക്കുന്നതെന്നും എം.കെ. സാനു അഭിപ്രായപ്പെട്ടതായാണ് സൂചന.


എന്നാൽ അവാർഡ് നിർണയത്തിൽ മൂന്നംഗ ജൂറിക്ക് മാത്രമാണ് പൂർണ അധികാരമെന്നും സമിതി അദ്ധ്യക്ഷനോ ട്രസ്റ്റ് അംഗങ്ങളോ അതിൽ അഭിപ്രായം ഉന്നയിക്കാറില്ലെന്നും ട്രസ്റ്റ് അംഗം പറഞ്ഞു.

നാളെ അവാർഡ് പ്രഖ്യാപിക്കുന്നതിനു മുമ്പ് ചേരുന്ന ട്രസ്റ്റ് യോഗത്തിൽ അദ്ധ്യക്ഷന്റെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കും. അദ്ധ്യക്ഷന്റെ അഭാവത്തിൽ ഉപാദ്ധ്യക്ഷനായിരിക്കും പുരസ്കാര പ്രഖ്യാപനം നടത്തുക.

ആദ്യഘട്ടത്തിൽ 210 പേരിൽനിന്ന് അഭിപ്രായങ്ങൾ ആരായുകയും പിന്നീട് 20 പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കുകയും അതിൽനിന്ന് 5 പുസ്തകങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യും. ഈ അഞ്ചിൽനിന്ന് ‌അഞ്ചംഗ കമ്മിറ്റി മൂന്ന് പുസ്തകങ്ങൾ തിരഞ്ഞെടുക്കും. ഇതിൽനിന്ന് മൂന്നംഗ ജൂറി വെവ്വേറെ നൽകുന്ന മാർക്ക് കൂട്ടി കൂടുതൽ മാർക്ക് കിട്ടുന്ന പുസ്തകത്തിന് പുരസ്‌കാരം നൽകും. ഓരോ ഘട്ടത്തിലും സമിതി അദ്ധ്യക്ഷനെ വിവരം അറിയിക്കാറുണ്ട്. ഇത്തവണ അവസാന റൗണ്ട് ആയപ്പോൾ പുരസ്‌കാര നിർണയത്തോട് എം.കെ. സാനു വിമുഖത കാണിക്കുകയായിരുന്നുവെന്നാണ് ട്രസ്റ്റ് സെക്രട്ടറി പറയുന്നത്.