ആഗോളതാപനത്തെയും കാലാവസ്ഥാവ്യതിയാനത്തെയുംകുറിച്ച് ലോകം ചർച്ച ചെയ്യുന്ന സമയമാണിന്ന്.. പരിസ്ഥിതി പ്രശ്നങ്ങളിൽ പ്ലാസ്റ്റിക് സംസ്കരണത്തിന് ഫലപ്രദമായ മാർഗങ്ങൾ ഇല്ലെന്നതാണ് ലോകം നേരിടുന്ന വെല്ലുവിളി.. പ്ലാസ്റ്റിക് ഫ്രീ ലോകം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് മുന്നേറ്റം പകരാൻ മാതൃകാപരമായ മാർഗവുമായി രംഗത്തെത്തിയിരിക്കുകയാണ് അൾജീരിയയിൽ നിന്നുള്ള യുവാവ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് അഭയാർത്ഥികൾക്കായി വീട് പണിത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഇരുപത്തിയേഴുകാരനായ ടാട്ടെ ലെബീബ് ബ്രെയ്ക്ക എന്ന എൻജിനിയർ..
പ്ലാസ്റ്റിക് കുപ്പികളിൽ മണ്ണുനിറച്ച് അവയുപയോഗിച്ചാണ് ലെബീബിന്റെ വീടു നിർമ്മാണം.. അൾജീരിയയിലെ സാറാവി അഭയാർത്ഥി ക്യാമ്പിൽ ജനിച്ച ലെബീബിന് വീടിന്റെ ആവശ്യം മറ്റാരെക്കാളും നന്നായി അറിയാം. അൾജീരിയയിലെ കത്തിയെരിയുന്ന ചൂടിൽനിന്നും ആശ്വാസമേകാനായി അഭയാർത്ഥികൾക്കായി വീടുപണിയാൻ തീരുമാനിച്ചത്.
ഇഷ്ടികകൾക്ക് പകരമായാണ് ലെബീബ് പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നത്.. ബോട്ടിൽമാൻ എന്ന പേരും നാട്ടുകാർ ലെബീബിന് നൽകി. വേനൽക്കാലങ്ങളിൽ അമ്പതു ഡിഗ്രിയിലധികം ഉയരുന്ന ചൂടിനെ അതീജീവിക്കാൻ അഭയാർത്ഥികൾ ക്യാമ്പിന് പുറത്തുപോലും ഇറങ്ങാറില്ലായിരുന്നു .. യുണൈറ്റഡ് നേഷൻ റെഫ്യൂജീ ഏജൻസിയിലെ പഠനത്തിനു ശേഷം തിരികെ ക്യാമ്പിലെത്തിയതോടെയാണ് മുത്തശ്ശിക്കുവേണ്ടി സൗകര്യപ്രദമായൊരു വീടു നിർമ്മിക്കാൻ ലെബീബ് തീരുമാനിക്കുന്നത്. മണ്ണുനിറച്ച പ്ലാസ്റ്റിക് ബോട്ടിലുകളും സിമന്റും വൈക്കോലുമൊക്കെ ഉപയോഗിച്ചാണ് വീട് നിർമ്മിച്ച് തുടങ്ങിയത്.
ഓരോ വീട് നിര്‍മിക്കാനും ആറായിരത്തോളം കുപ്പികളാണ് ഉപയോഗിച്ചത്, നാലുപേർ ചേർന്ന് രാഴ്ചയോളമെടുത്താണ് വീടുപണി പൂർത്തിയാക്കുന്നത്.
2016ലുണ്ടായ വെള്ളപ്പൊക്കത്തോടെയാണ് പ്ലാസ്റ്റിക് അന്തരീക്ഷത്തെ എത്രത്തോളം വിനാശം വിതയ്ക്കുന്നു എന്ന് ലെബീബ് തിരിച്ചറിയുന്നത്. വെള്ളത്തെ പ്രതിരോധിക്കുമെന്നു മാത്രമല്ല മണല്‍ക്കാറ്റിനെ ചെറുക്കാനുമുള്ള കഴിവുണ്ട്. വീടിനു പുറത്ത് വെള്ള നിറത്തില്‍ പെയിന്റ് പൂശുക കൂടി ചെയ്യുന്നതോടെ തൊണ്ണൂറു ശതമാനത്തോളം ചൂടും അകത്തേക്കു കടക്കാതിരിക്കുമെന്ന് ലെബീബ് പറയുന്നു.