ആസിഫ് ഒരോവറിൽ പുറത്താക്കിയത് മൂന്ന് വമ്പന്മാരെ
ബംഗളുരു : 10 ഒാവറിൽ രണ്ട് മെയ്ഡനടക്കം 34 റൺസ് മാത്രം നൽകി നാലുവിക്കറ്റ് വീഴ്ത്തിയ പേസർ കെ.എം. ആസിഫിന്റെ മികവിൽ കേരളം വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഹൈദരാബാദിനെ 62 റൺസിന് തോൽപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഒാവറിൽ 227/9 എന്ന സ്കോർ ഉയർത്തിയപ്പോൾ ഹൈദരാബാദ് 44.4 ഒാവറിൽ 165 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു.
സഞ്ജു സാംസൺ (36), നായകൻ റോബിൻ ഉത്തപ്പ (33), ഒാപ്പണർ വിഷ്ണു വിനോദ് (29), മുൻ നായകൻ സച്ചിൻ ബേബി (32), പി. രാഹുൽ (35), അക്ഷയ് ചന്ദ്രൻ (28) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് കേരളത്തെ 229 ലെത്തിച്ചത്. മറുപടിക്കിറങ്ങിയ ഹൈദരാബാദിനായി ഒാപ്പണർ തൻമയ് അഗർവാൾ 69 റൺസ് നേടി. എന്നാൽ അക്ഷത് റെഡ്ഡി (0), തിലക് വർമ്മ (1), സന്ദീപ് (0), അമ്പാട്ടി റായ്ഡു (0) എന്നിവരെ പുറത്താക്കി. ആസിഫ് ഹൈദരാബാദ് ചേസിംഗിന്റെ മുനയൊടിച്ചു. ആറാം ഒാവറിൽ രണ്ട് പന്തുകളുടെ വീതം ഇടവേളയിലാണ് ആസിഫ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. തിലക് വർമ്മ, സന്ദീപ്, മുൻ ഇന്ത്യൻ താരം അമ്പാട്ടി റായ്ഡു എന്നിവരാണ് ആസിഫിന്റെ ഒരോവറിൽ വരിവരിയായി കൂടാരം കയറിയത്. ബേസിൽ തമ്പി, സന്ദീപ് വാര്യർ, അക്ഷയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.