ന്യൂഡൽഹി : പരിക്കുമൂലം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് പിൻമാറിയ ജസ്പ്രീത് ബുംറ ഇൗവർഷം ഇനി ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിലും കളിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം ബംഗ്ളാദേശുമായുള്ള ടെസ്റ്റ് പരമ്പരയിൽ ബുംറ കളിക്കില്ല. വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലൂടെ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.
ഇക്കഴിഞ്ഞ വിൻഡീസ് പര്യടനത്തിൽ തകർപ്പൻ ബൗളിംഗ് കാഴ്ചവച്ച ബുംറയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 കളിൽ വിശ്രമം നൽകിയിരുന്നു. ഇതിനിടെ പതിവ് ശാരീരിക പരിശോധനയിൽ നടുവിനേറ്റ പരിക്ക് കണ്ടെത്തുകയായിരുന്നു. 2020 ലെ ട്വന്റി 20 ലോകകപ്പ് മുന്നിലുള്ളതിനാൽ ബുംറയെ ഇനി അധികം മത്സരങ്ങളിൽ കളിപ്പിക്കേണ്ടെന്നാണ് വിദഗ്ദ്ധ അഭിപ്രായം.
ശ്രീനിയുടെ മകൾ രൂപ
തമിഴ്നാട് ക്രിക്കറ്റ് തലൈവി
ചെന്നൈ : തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് ബി.സി.സി.ഐ മുൻ അദ്ധ്യക്ഷൻ എൻ. ശ്രീനിവാസന്റെ മകളും ഐ.പി.എൽ സ്പോട്ട് ഫിക്സിംഗ് കേസിൽ അറസ്റ്റിലായിരുന്ന ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യയുമായ രൂപ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്നാട് അസോസിയേഷന്റെ ആദ്യവനിതാ പ്രസിഡന്റാണ് രൂപ.