കേരളത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് ബോളീവുഡ് താരം ജോൺ എബ്രഹാമിന്റെ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയമായ പ്രത്യേകതകളെക്കുറിച്ചും ഭക്ഷണങ്ങളെ കുറിച്ചും താരം തുറന്നു പറയുന്നു. മലയാളിയായ മാധ്യമ പ്രവർത്തകൻ മുരളി കെ മേനോന്റെ ആദ്യ നോവൽ 'ദി ഗോഡ് ഹു ലവ്ഡ് മോട്ടോർ ബൈക്ക്‌സി'ന്റെ മുംബൈയിലെ പ്രകാശനവേദിയിലാണ് ജോൺ എബ്രഹാമിന്റെ പ്രതികരണം.
പരിപാടിക്കിനെ മോഡറേറ്റർ ആയ നമ്രത സക്കറിയയുടെ ചോദ്യം ഇങ്ങനെയായിരുന്നു. 'കേരളം എന്തുകൊണ്ടാണ് ഇതുവരെ 'മോഡിഫൈഡ്' ആവാത്തത്? മറ്റിടങ്ങളിൽ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് എന്താണ്'? രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എന്തുകൊണ്ടാണ് ബി.ജെ.പി ഇതുവരെ ശക്തി പ്രാപിക്കാത്തത് എന്ന് അർത്ഥത്തിലാണ് ചോദ്യം. അതിന് ജോണിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. 'അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങൾക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്‌ലിം പള്ളികളും പത്ത് മീറ്റർ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനിൽക്കുന്നു. അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും അവിടെയില്ല. മുഴുവൻ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, മതങ്ങൾക്കും സമുദായങ്ങൾക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളം.' ജോൺ എബ്രഹാം പറഞ്ഞു.
ഫിദൽ കാസ്‌ട്രോയുടെ മരണസമയത്ത് കേരളത്തിലെത്തിയ അനുഭവവും ജോൺ തുറന്നു പറഞ്ഞു. 'ആ സമയത്ത് ഞാൻ കേരളത്തിൽ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോർഡിംഗുകളും എനിക്കവിടെ കാണാൻ കഴിഞ്ഞു. അത്തരത്തിൽ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണ്. അച്ഛൻ കാരണം കുറേയേറെ മാർക്‌സിസ്റ്റ് സംഗതികൾ ഞാൻ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളിൽ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂർവ്വമുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണ്. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം', ജോൺ എബ്രഹാം കൂട്ടിച്ചേർത്തു.