കോട്ടയം: കെ.എം. മാണിക്ക് ശേഷമുള്ള രാഷ്ട്രീയ താരോദയത്തിന് പാലാ ഇന്ന് സാക്ഷിയാകും. മാണി കുടുംബത്തിൽ നിന്നുള്ള ആരും സ്ഥാനാർത്ഥിയല്ലാതിരുന്നതിനാൽ പുറത്തു നിന്നാകും പിൻഗാമി . കാപ്പൻ കുടുംബത്തിൽ നിന്നുള്ള മറ്റൊരു മാണിയാകുമോ അതോ പുലിക്കുന്നേൽ കുടുംബത്തിൽ നിന്നുള്ള ജോസാകുമോ എന്ന് ഇന്ന് ഉച്ചയോടെ അറിയാം.
രണ്ടില ചിഹ്നമില്ലാതെ സ്വതന്ത്രനായി മത്സരിക്കേണ്ടി വന്ന ജോസ് ടോം വിജയിച്ചാൽ ജോസ് കെ. മാണിക്ക് രാഷ്ടീയ വിജയമായി അഭിമാനിക്കാം. ചിഹ്നം പോലും നിഷേധിച്ച പി.ജെ.ജോസഫിന് അത് ക്ഷീണമാകും. തോറ്റാൽ ജോസഫിനെതിരെ കാലുവാരൽ ആരോപണവും ഉണ്ടാകും. മാണി സി. കാപ്പൻ ജയിച്ചാൽ 54 വർഷം കെ.എം.മാണി കുത്തകയാക്കി കൈവെള്ളയിൽ വച്ച പാലായിൽ ഇടതു മുന്നണിക്ക് അട്ടിമറി ജയം അവകാശപ്പെടാം. തോറ്റാൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിച്ചു കൊടുത്തുവെന്ന് ന്യായീകരിക്കാം.എൻ.ഡി.എയ്ക്ക് വോട്ട് കുറഞ്ഞാൽ വോട്ടു കച്ചവടം ശരിയെന്ന് തെളിയും.
അഞ്ച് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വരെ ഇത് പിടിച്ചുലയ്ക്കുന്നതാകും. സ്വകാര്യ ചാനലും കേരള സർവകലാശാലാ പൊളിറ്റിക്കൽ ഡിപ്പാർട്ടുമെന്റും നടത്തിയ എക്സിറ്റ് പോളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് 48 ശതമാനം വോട്ട് വരെ ലഭിക്കാമെന്നാണ് പ്രവചനം.ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പന് 32 ശതമാനവും എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരിക്ക് 19 ശതമാനവും വോട്ടെന്നുള്ള പ്രവചനം ശരിയായാൽ 16 ശതമാനം കൂടുതൽ വോട്ടിന്റെ മികവിൽ ജോസ് ടോമിന്റെ ഭൂരിപക്ഷം 20000 കടക്കുമെന്നാണ് വിലയിരുത്തൽ.
എക്സിറ്റ് പോൾ പ്രവചനം ഇടതു മുന്നണി തള്ളുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസം പാലായിൽ താമസിച്ച് പ്രചാരണം നടത്തിയതിന്റെയും മുഴുവൻ മന്ത്രിമാരും നേതാക്കളും കുടുംബയോഗങ്ങളിൽ പങ്കെടുത്തതിന്റെയും മികവിൽ ഇടതു മുന്നണി സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് നേതാക്കളുടെ കണക്കു കൂട്ടൽ. മോദി പ്രഭാവവും ശബരിമലയും സഹായിക്കുമെന്നതിനാൽ നില മെച്ചപ്പെടുമെന്നാണ് എൻ.ഡി.എ അവകാശവാദം.